നരേന്ദ്രമോദി ഇന്ന് യു.എ.ഇയിൽ
text_fieldsഅബൂദബി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ യു.എ.ഇ സന്ദർശനം ശനിയാഴ്ച ആരംഭിക്കുന്നു. ഫലസ്തീനിൽനിന്ന് വൈകുന്നേരത്തോടെ അബൂദബിയിലാണ് അദ്ദേഹമെത്തുക. മൂന്ന് വർഷത്തിനിടെ മോദി നടത്തുന്ന രണ്ടാമത് യു.എ.ഇ സന്ദർശനമാണിത്.
അബൂദബിയിലും ദുബൈയിലുമായി നിരവധി പരിപാടികളാണ് പ്രധാനമന്ത്രിയുടെ സന്ദർശനത്തിനിടെ ആസൂത്രണം ചെയ്തിരിക്കുന്നത്.
ശനിയാഴ്ച അബൂദബിയിൽ യു.എ.ഇ ഭരണാധികാരികളുമായി അദ്ദേഹം ചർച്ച നടത്തും. ഞായറാഴ്ച രാവിലെ ഒമ്പതോടെ രക്തസാക്ഷികളായ യു.എ.ഇ സൈനികരുടെ സ്മാരകമായ വഹത് അൽ കറാമ സന്ദർശിച്ച ശേഷം ദുബൈയിലേക്ക് തിരിക്കും. ദുബൈയിലെ ഒപേറ ഹൗസിൽ 9.30ന് നടക്കുന്ന ചടങ്ങിൽ മോദി ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യും. അബൂദബിയിൽ നിർമിക്കുന്ന പ്രഥമ ക്ഷേത്രത്തിെൻറ പ്രതീകാത്മക ശിലാന്യാസം 10.30ന് അദ്ദേഹം നിർവഹിക്കും. തുടർന്ന് ദുബൈയിലെ മദീനത് ജുമൈറ ഹോട്ടലിൽ നടക്കുന്ന ലോക സർക്കാർ സമ്മേളനത്തിൽ മുഖ്യാതിഥിയായി പെങ്കടുക്കും. 26 രാഷ്ട്രത്തലവന്മാരും പ്രധാനമന്ത്രിമാരും ഉൾപ്പെടെയുള്ള 2000ത്തിലധികം പ്രതിനിധി സംഘത്തെ അഭിസംബാധന ചെയ്ത് മോദി സംസാരിക്കും. ഉച്ചക്ക് ശേഷം പ്രധാനമന്ത്രി ഒമാനിലേക്ക് പോകും.
മോദിയുടെ സന്ദർശനത്തിനിടെ ഇന്ത്യയും യു.എ.ഇയും തമ്മിൽ 12 മുതൽ 14 വരെ കരാറുകളിൽ ഒപ്പുവെക്കുമെന്ന് ഇന്ത്യയിലെ യു.എ.ഇ സ്ഥാനപതി ഡോ. അഹ്മദ് ആൽ ബന്ന വ്യക്തമാക്കി. സാമ്പത്തികം, ബഹിരാകാശ സാേങ്കതികവിദ്യ, വൈദഗ്ധ്യ വികസനം തുടങ്ങിയ മേഖലകളുമായി ബന്ധപ്പെട്ട ധാരണകളിലാണ് ഇരു രാജ്യങ്ങളും ഏർപ്പെടുക.
2015ൽ മോദി നടത്തിയ യു.എ.ഇ സന്ദർശനത്തിൽ 14ഒാളം കരാറുകളാണ് ഒപ്പുവെച്ചിരുന്നത്. 2017ൽ ഇന്ത്യൻ റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യാതിഥിയായി പെങ്കടുക്കാൻ അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ജനറൽ ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാൻ ന്യൂഡൽഹിയിലെത്തിയപ്പോൾ ഇരു രാജ്യങ്ങളും തമ്മിൽ 14 കരാറുകളിൽ ഒപ്പുവെച്ചിരുന്നു.
കഴിഞ്ഞ വർഷം തന്നെ യു.എ.ഇയും ഇന്ത്യയും തമ്മിൽ മറ്റൊരു 17 ധാരണകളിലും ഒപ്പിട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
