കയ്യടി നേടി നൈനയും അഗസ്ത്യയും
text_fieldsദുബൈ: എജുകഫേയിൽ എത്തിയ രക്ഷിതാക്കൾക്ക് അറിയേണ്ടത് ഒരേ ഒരു കാര്യമായിരുന്നു. എങ്ങനെയാണ് നൈന ജൈസ്വാളും അഗസ്ത്യ ജൈസ്വാളും അത്ഭുതകരമായ നേട്ടങ്ങൾ കൈവരിച്ചത്. ഇതിന് പിന്നിലെ രഹസ്യങ്ങൾ അവർ തന്നെ തുറന്നു പറഞ്ഞു. പഠനത്തെ അഭിനിവേശമായി നെഞ്ചിലേറ്റുക. സ്പോർട്സും പഠനവുമാണ് തനിക്ക് എല്ലാമെന്ന് നൈന പറഞ്ഞു. എജുകഫേയിൽ താൻ കണ്ടുമുട്ടിയ എല്ലാകുട്ടികളും സൂപ്പർ കിഡ്ഡുകളാണ്. അവരുടെ കഴിവുകൾ അവർ തിരിച്ചറിയുന്നില്ല എന്നേയുള്ളൂ. എന്ത് കാര്യം ചെയ്താലും ആത്മാർത്ഥമായി ചെയ്താൽ മുന്നേറാനാവും. തങ്ങളുടെ കഴിവുകൾ മാതാപിതാക്കൾ തിരിച്ചറിഞ്ഞതാണ് ഗുണമായതെന്നും നൈന കൂട്ടിച്ചേർത്തു. കാണാതെ പഠിക്കുന്നത് ഒഴിവാക്കി നമ്മുടെ സ്വന്തം ഭാഷയിലാക്കി പഠിക്കാൻ ശ്രമിച്ചാൽ പഠനത്തോട് കൂടുതൽ അടുപ്പമുണ്ടാകുമെന്നായിരുന്നു അഗസ്ത്യയുടെ അഭിപ്രായം. ഇൗ നിലയിൽ എത്തിക്കുന്നതിൽ മാതാപിതാക്കൾക്ക് വളരെ വലിയ പങ്കുണ്ട്. ചിന്തയും പ്രവർത്തിക്കാനുള്ള മനസും ലക്ഷ്യവുമുള്ളവർക്ക് വിജയിക്കാനാവും.
ആത്മവിശ്വാസം വിജയത്തിന് അത്യാവശ്യമാണെന്നും അഗസ്ത്യ ചൂണ്ടിക്കാട്ടി. കൃത്യമായ തയാറെടുപ്പോടെയുള്ള പഠന രീതിയാണ് കുട്ടികളുടെ നേട്ടത്തിന് പിന്നിലെന്ന് ഇരുവരുടെയും മാതാപിതാക്കളും വ്യക്തമാക്കി. കേംബ്രിഡ്ജ് സർവ്വകലാശാലയുടെ മേൽനോട്ടത്തിൽ നടത്തുന്ന െഎ.ജി.സി.എസ്.ഇ. സിലബസിലെ പത്താംക്ലാസ് പരീക്ഷ എട്ടുവയസിൽ പാസായതാണ് നൈന. പത്ത് വയസിൽ പന്ത്രണ്ടാം ക്ലാസ് പാസായി. 14 ാംവയസിൽ ഒസ്മാനിയ സർവ്വകലാശാല നൈനക്ക് ബിരുദം സമ്മാനിച്ചു. 16ാം വയസിൽ പത്രപ്രവർത്തനത്തിൽ ബിരുദാനന്തര ബിരുദം നേടി. നിലവിൽ പിഎച്ച്ഡി ചെയ്യുന്ന നൈനക്ക് 17 വയസാണ് പ്രായം. ടേബിൾ ടെന്നീസിൽ ദേശീയ ചാമ്പ്യനാണ് നൈന. സൗത്ത് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ ലോകത്ത് ആറാം സ്ഥാനവുമുണ്ട്. സഹോദരൻ അഗസ്ത്യ തെലുങ്കാനയിൽ നിന്ന് ഒമ്പതാം വയസിൽ പത്താം ക്ലാസ് പാസായി. നിലവിൽ മാസ് കമ്യൂണിക്കേഷൻ ആൻറ് ജേർണലിസത്തിൽ ഒന്നാം വർഷ ബിരുദ വിദ്യാർത്ഥിയാണ് ഇൗ 11 കാരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
