പീഡിത സമൂഹത്തെ സംരക്ഷിക്കാൻ മുൻകൈ എടുക്കണം –നാദിയ മുറാദ്
text_fieldsഷാർജ: ലോകത്തകമാനം വേട്ടയാടപ്പെടുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ ഉന്നമനത്തിനും പുനരധിവാസത്തിനും അന്താരാഷ്ട്ര സമൂഹം മുൻകൈ എടുക്കണമെന്ന് ഈ വർഷത്തെ സമാധാന നൊബേൽ പുരസ്കാര ജേതാവ് നാദിയ മുറാദ്. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ് ഡോ.സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെയും പത്നിയും സുപ്രീം കൗൺസിൽ ഫോർ ഫാമിലി അഫയേഴ്സ് ചെയർപേഴ്സനുമായ ശൈഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെയും രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇൻവെസ്റ്റിങ് ഇൻ ദി ഫ്യൂച്ചർ^ ഉച്ചകോടിയിൽ സംസാരിക്കുകയായിരുന്നു അവർ. ഭീകരതയുടെ കൊടും ക്രൂരതകളുടെ മഹാപർവ്വതം താണ്ടി, വേട്ടയാടപ്പെടുന്ന ന്യുനപക്ഷ സമൂഹങ്ങളുടെ ഉന്നമനത്തിനയ് പ്രവർത്തിച്ചാണ് നാദിയ നൊബേൽ പുരസ്കാരം കരസ്ഥമാക്കിയത്. ഐ.എസ്.ഐ.എസ് ഭീകരതയുടെ നാളുകൾ അവർ എണ്ണി പറഞ്ഞു.
യസീദികളായ ഗ്രാമീണരെ കൊന്നൊടുക്കിയതും താനടക്കമുള്ള പെൺകുട്ടികൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടതും തങ്ങളെ വിൽപ്പനക്ക് വെച്ചതുമായ കഥകൾ സദസ് ശ്വാസം അടക്കി പിടിച്ചാണ് കേട്ടത്.
2014 ഓഗസ്റ്റ് മൂന്നിലെ ആ കറുത്ത രാത്രിയിലേക്ക് ഭീകരർ ഇരച്ച് വന്നതും കണ്ണിൽ കണ്ടവരെയെല്ലാം തോക്കിനിരയാക്കിയതും അവർ വിവരിച്ചു. നിരപരാധികളെ കൊന്നൊടുക്കി ഭീകരത നേടുന്നതെന്താണെന്ന് അവർ ചോദിച്ചു. ഐ.എസ്.ഐ.എസ് ഭീകരതയിൽ നിന്ന് മോചിപ്പിക്കപ്പെട്ട പലരും ഇന്നും അഭയാർഥി ക്യാമ്പുകളിൽ നരകയാതന അനുഭവിക്കുകയാണ്. അവർക്ക് തങ്ങളുടെ വീടുകളിലേക്ക് മടങ്ങിപോകാനായിട്ടില്ല. അന്താരാഷ്ട്ര സമൂഹം ഇതിനുള്ള യാതൊരുവിധ സഹായവും ചെയ്തിട്ടില്ല. ചെയ്യുമെന്ന പ്രതീക്ഷയിലാണ് അവർ പിടിച്ച് നിൽക്കുന്നത്. പീഡിപ്പിക്കപ്പെടുന്നവരുടെ രോദനത്തിന് അറുതി വരുത്താൻ അന്താരാഷ്ട്ര സമൂഹം ഉണർന്ന് പ്രവർത്തിക്കണമെന്ന് നാദിയ എടുത്ത് പറഞ്ഞു.