പൊന്നാനി ചാമ്പ്യൻസ് കപ്പ്; നാട്ടുകൂട്ടം പൊന്നാനി ചാമ്പ്യന്മാർ
text_fieldsപൊന്നാനി ചാമ്പ്യൻസ് കപ്പിൽ ജേതാക്കളായ നാട്ടുകൂട്ടം പൊന്നാനി ടീം
ദുബൈ: പൊന്നാനി വെൽഫെയർ കമ്മിറ്റി ദുബൈ സ്റ്റാർ ഇന്റർനാഷനൽ സ്കൂൾ ഗ്രൗണ്ടിൽ സംഘടിപ്പിച്ച പൊന്നാനി ചാമ്പ്യൻസ് കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ എട്ടാം സീസണിൽ തുടർച്ചയായ മൂന്നാം തവണയും നാട്ടുകൂട്ടം പൊന്നാനി ചാമ്പ്യന്മാരായി.
വാശിയേറിയ ഫൈനൽ മത്സരത്തിൽ ഫിറ്റ് വെൽ പൊന്നാനിയെയാണ് നാട്ടുകൂട്ടം പരാജയപ്പെടുത്തിയത്.
പൊന്നാനി മുനിസിപ്പാലിറ്റിയിലെ 16 ടീമുകൾ പങ്കെടുത്ത ടൂർണമെന്റിൽ ലൂസേഴ്സ് ഫൈനലിൽ ജേതാക്കളായ ഫിറ്റ് വെൽ ജി.സി.സി മൂന്നാം സ്ഥാനക്കാരുമായി. അനസ് പി.പിയാണ് ടൂർണമെന്റിലെ മികച്ച കളിക്കാരൻ. റിച്ചുവാണ് ടോപ് സ്കോറർ. മികച്ച ഗോൾകീപ്പറായി ദിൽഷനെയും മികച്ച ഡിഫൻഡറായി സ്റ്റെഫിനെയും തെരഞ്ഞെടുത്തു.
ഇതോടനുബന്ധിച്ച് പൊന്നാനി വെൽഫെയർ കമ്മിറ്റിയുടെ സുവർണ ജൂബിലിയുടെ ലോഗോ പ്രകാശനവും 40 വയസ്സിനു മുകളിലുള്ളവർക്കായി വെറ്ററൻസ് സൗഹൃദമത്സരവും സംഘടിപ്പിച്ചു.
യൂസുഫ് മുഹമ്മദ് അൽ ബദാനി അൽ കഹ്താനി, പൊന്നാനി വെൽഫെയർ കമ്മിറ്റി പ്രസിഡന്റ് ഹാഫിസ് അലി, ജനറൽ സെക്രട്ടറി ഫിറോസ് ഖാൻ, സിറാജ് അബൂദബി, ഭാരവാഹികളായ സാബിർ മുഹമ്മദ്, യാക്കൂബ് ഹസൻ, ഫാറൂഖ് കെ.വി, അതീഖ് റഹ്മാൻ, സുബൈർ, ഇക്ബാൽ, ഫൈസൽ റഹ്മാൻ, മുഹമ്മദ് യാസീൻ തുടങ്ങിയവർ വിജയികൾക്കുള്ള ട്രോഫികൾ വിതരണംചെയ്തു.

