‘ചെറിയ സിനിമകളെ പോലും റിവ്യൂ എഴുതി പരാജയപ്പെടുത്താൻ ശ്രമം’
text_fieldsദുബൈ: ചെറിയ സിനിമകളെ പോലും റിവ്യൂ എഴുതി പരാജയപ്പെടുത്തുന്ന പ്രവണത വ്യാപകമാണെന്ന് നിർമാതാവ് മനോജ് ശ്രീകണ്ഠ. പുതിയ ചിത്രമായ ഓ മൈ ഡാർലിങ്ങിന്റെ ജി.സി.സി റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചിത്രം കാണാത്തവർ പോലും ഡീ ഗ്രേഡ് ചെയ്യുന്ന കമന്റുമായി വരുന്നു. റീച്ച് കൂട്ടുന്നതിനായി ചില യൂട്യൂബർമാരാണ് ഇത്തരം പ്രചാരണം നടത്തുന്നതിൽ മുന്നിൽ. പുതിയ ചിത്രം കേരളത്തിൽ റിലീസ് ചെയ്തപ്പോഴും ഇത്തരം റിവ്യൂ കണ്ടു.ഇത് മലയാള സിനിമക്ക് തിരിച്ചടിയാകും. ഇത്തരം റിവ്യൂകൾ പ്രേക്ഷകർ വിശ്വാസത്തിലെടുക്കരുത്. ഓ മൈ ഡാർലിങ് കേവലമൊരു പ്രണയ കഥയല്ല. ഗർഭപാത്രമില്ലാതെ ജനിച്ചുവീഴുന്ന പെൺകുട്ടികളുടെ മാനസികാവസ്ഥ വിവരിക്കുന്ന ചിത്രമാണിത്. ഇങ്ങനെയും പെൺകുട്ടികൾ ജനിക്കുന്നുണ്ടെന്ന വിവരം പലർക്കും അറിയില്ല. അവരുടെ മാനസികാവസ്ഥയും ആരും അറിയാൻ ശ്രമിക്കാറില്ല. ഇത്തരക്കാർക്ക് പിന്തുണയും അവബോധവുമാണ് ഈ സിനിമയെന്നും മനോജ് വ്യക്തമാക്കി.
ചിത്രത്തിലെ കഥാപാത്രം വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്നും കഥാപാത്രത്തിന്റെ അവസ്ഥ മനസ്സിലാക്കിയെടുക്കാൻ സമയമെടുത്തുവെന്നും നായിക അനിഘ സുരേന്ദ്രൻ പറഞ്ഞു. താൻ ആദ്യമായാണ് സ്ത്രീകൾക്കിടയിൽ ഇത്തരമൊരു അവസ്ഥയുണ്ടെന്ന വിവരം അറിയുന്നതെന്ന് നടി മഞ്ജു പിള്ള പറഞ്ഞു. ചില റിവ്യൂകൾ കണ്ടപ്പോൾ ഈ ചിത്രം ഇത്ര മോശമാണോ എന്ന് തോന്നിപ്പോയി. സിനിമയെ കുറിച്ച് പറയാതെ അതിലെ ചെറിയ കുറ്റങ്ങൾ പർവതീകരിച്ചുകാണിക്കുകയാണെന്നും മഞ്ജു പറഞ്ഞു. വ്യാഴാഴ്ചയാണ് ചിത്രം ജി.സി.സിയിലെ തിയറ്ററുകളിൽ എത്തുന്നത്. യു.എ.ഇ, ഒമാൻ, ബഹ്റൈൻ, ഖത്തർ അടക്കം 42 തിയറ്ററുകളിലാണ് ചിത്രം റിലീസിനെത്തുന്നത്. നായകൻ മെൽവിൻ ജെ. ബാബു, സഹതാരം ഫുക്രു, ജാക്കി റഹ്മാൻ എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

