‘വാക്ക് ഫോർ ഹെർ’ 10,000 ചുവടുകൾക്ക് സൗജന്യ സ്തനാർബുദ പരിശോധനയുമായി മൈ ആസ്റ്റർ
text_fieldsദുബൈ: സ്തനാർബുദ ബോധവൽക്കരണ മാസത്തിന്‍റെ ഭാഗമായി ആസ്റ്റർ ക്ലിനിക്സുമായി സഹകരിച്ച് മൈ ആസ്റ്റർ ഡിജിറ്റൽ ഹെൽത്ത് കെയർ പ്ലാറ്റ്‌ഫോം ‘വാക്ക് ഫോർ ഹെർ’ എന്ന പ്രത്യേക കാമ്പയിൻ ആരംഭിച്ചു. മൈ ആസ്റ്റർ ആപ്പിലൂടെ രേഖപ്പെടുത്തുന്ന ഓരോ 10,000 ചുവടുകൾക്കും സൗജന്യ മാമോഗ്രാം സ്ക്രീനിങ് ലഭ്യമാക്കുകയാണ് ഈ ഉദ്യമത്തിന്‍റെ ലക്ഷ്യം. നിലവിൽ 19 ദശലക്ഷത്തിലധികം ചുവടുകൾ ആപ്പിൽ രേഖപ്പെടുത്തിയതിലൂടെ യു.എ.ഇയിലുടനീളമുള്ള സ്ത്രീകൾക്കായി 1,900 സൗജന്യ മാമോഗ്രാം പരിശോധനകൾ അൺലോക്ക് ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 236 സ്ക്രീനിങ്ങുകൾ ഇതിനകം ആളുകൾ ക്ലെയിം ചെയ്തുകഴിഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് സ്ത്രീകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന അർബുദമാണ് സ്തനാർബുദം. ഇതിൽ 80 ശതമാനം കേസുകളും 40 വയസ്സിന് മുകളിലുള്ളവരിലാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. രോഗം നേരത്തെ കണ്ടെത്തിയാൽ പൂർണമായും ചികിത്സിച്ചു ഭേദമാക്കാൻ സാധിക്കും എന്നതിനാൽ, ഇത്തരം ബോധവൽക്കരണങ്ങളും കൃത്യസമയത്തുള്ള പരിശോധനകളും ഏറെ നിർണായകമാണ്. അപൂർവമായി (0.5-1 ശതമാനം) പുരുഷന്മാരിലും സ്തനാർബുദം ബാധിക്കാറുള്ളതിനാൽ പൊതുസമൂഹത്തിൽ ഇതിനെക്കുറിച്ചുള്ള വിശാലമായ അവബോധം അനിവാര്യമാണെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.
സാമൂഹിക പങ്കാളിത്തത്തിലൂടെ പ്രതിരോധ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ ഭാരവാഹികളായ നല്ല കരുണാനിധി (സി.ഇ.ഒ, ഡിജിറ്റൽ ഹെൽത്ത്), ഡോ. ഷെർബാസ് ബിച്ചു (സി.ഒ.ഒ, ജി.സി.സി) എന്നിവർ പറഞ്ഞു. ഒക്ടോബർ മാസം മുഴുവൻ നീളുന്ന കാമ്പയിനിലൂടെ അൺലോക്ക് ചെയ്യുന്ന സ്ക്രീനിങ് അപ്പോയിന്റ്മെന്റുകൾ 2026 ഡിസംബർ 31 വരെ മൈ ആസ്റ്റർ ആപ്പ് വഴി ബുക്ക് ചെയ്യാനും ആസ്റ്റർ ക്ലിനിക്കുകളിൽ പരിശോധന നടത്താനും സൗകര്യമുണ്ട്.
മൈ ആസ്റ്റർ ആപ്പിലോ www.myaster.com എന്ന വെബ്സൈറ്റിലോ ലോഗിൻ ചെയ്ത് നടക്കുന്ന ചുവടുകൾ രേഖപ്പെടുത്തി ആർക്കും ഈ പ്രചാരണത്തിന്‍റെ ഭാഗമാകാം. സോഷ്യൽ മീഡിയയിൽ #WalkForHer എന്ന ഹാഷ്‌ടാഗ് ഉപയോഗിച്ച് അനുഭവങ്ങൾ പങ്കുവെക്കാനും കൂടുതൽ സ്ത്രീകളെ നാമനിർദേശം ചെയ്യാനും സാധിക്കും. പരിശോധനകൾക്ക് മുൻഗണന നൽകാനും രോഗം നേരത്തെ കണ്ടെത്തുന്നത് പ്രോത്സാഹിപ്പിക്കാനും ഈ മുൻകൈ സഹായിക്കുമെന്നാണ് ആസ്റ്റർ പ്രതീക്ഷിക്കുന്നത്.

