അന്വേഷണത്തിൽ പരസ്പര സഹകരണം; ദുബൈ പൊലീസും മുനിസിപ്പാലിറ്റിയും കൈകോർക്കുന്നു
text_fieldsഅന്വേഷണത്തിൽ പരസ്പരം സഹകരിക്കുന്നതിനുള്ള കരാറിൽ ദുബൈ പൊലീസും മുനിസിപ്പാലിറ്റിയും ഒപ്പുവെക്കുന്നു
ദുബൈ: പൊതു സുരക്ഷയുമായി ബന്ധപ്പെട്ട അന്വേഷണങ്ങളിൽ പരസ്പര സഹകരണം ശക്തിപ്പെടുത്തുന്നതിന് ദുബൈ പൊലീസും മുനിസിപ്പാലിറ്റിയും തമ്മിൽ കരാറിലെത്തി. എമിറേറ്റിലെ ജനങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനും സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി സർക്കാർ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായുള്ളതാണ് കരാർ.
ദുബൈ പൊലീസിന്റെ ജനറൽ ഡിപ്പാർട്മെന്റ് ഓഫ് അഡ്മിനിസ്ട്രേറ്റിവ് അഫയേഴ്സ് ഡയറക്ടർ ബ്രിഗേഡിയർ മൻസൂർ യൂസുഫ് അലി ഗർഗാവിയും ദുബൈ മുനിസിപ്പാലിറ്റിയുടെ എൻവയൺമെന്റ് ഹെൽത്ത് ആൻഡ് സേഫ്റ്റി ഏജൻസി ആക്ടിങ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നസീം മുഹമ്മദ് റാഫിയുമാണ് കരാറിൽ ഒപ്പുവെച്ചത്.
പൊതു സുരക്ഷയുമായി ബന്ധപ്പെട്ട സംഭവങ്ങളോട് പ്രതികരിക്കുന്നതിൽ ഇരു സ്ഥാപനങ്ങൾക്കുമുള്ള പങ്ക് വ്യക്തമാക്കുന്നതാണ് കരാർ. വിവരങ്ങൾ പരസ്പരം പങ്കിടൽ, റിപ്പോർട്ടിങ്, ഫീൽഡ് ഏകോപനം എന്നിവക്കുള്ള സംവിധാനങ്ങളൊരുക്കുന്നത് സംബന്ധിച്ചും കരാറിൽ വിശദീകരിക്കുന്നു. അപകടമുണ്ടായ സ്ഥലം ദുബൈ പൊലീസ് നാല് മണിക്കൂറിനുള്ളിൽ കണ്ടെത്തുകയും സുരക്ഷിതമാക്കുകയും രേഖപ്പെടുത്തുകയും വേണം. അന്വേഷണങ്ങളെ പിന്തുണക്കുന്നതിനുള്ള തെളിവുകളും പൊലീസ് കൈമാറും.
ദുബൈ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥർ 24 മണിക്കൂറിനുള്ളിൽ സംഭവസ്ഥലത്ത് എത്തണം. തുടർന്ന് പൊലീസിന് സാങ്കേതിക സഹായങ്ങൾ നൽകുകയും അപകടത്തിന്റെ ആഘാതങ്ങളും കാരണങ്ങളും നിർണയിക്കുകയും ചെയ്യണം.
വിവിധ സർക്കാർ സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്നതിൽ ദുബൈ പൊലീസിന്റെ പ്രതിബദ്ധതയാണ് കരാറിലൂടെ പ്രതിഫലിക്കുന്നതെന്ന് ബ്രിഗേഡിയർ അൽ ഗർഗാവി പറഞ്ഞു.
പൊതു സുരക്ഷയുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ മുനിസിപ്പാലിറ്റിയുമായുള്ള സഹകരണം പ്രതികരണ സമയവും അന്വേഷണ ഗുണനിലവാരവും മെച്ചപ്പെടുത്തുന്നതിനും ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിനുമുള്ള പൊലീസിന്റെ ആത്മാർഥതയും സമർപ്പണവും പ്രകടമാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

