‘തീവ്രവാദത്തിനെതിരെ ഏകോപിത പോരാട്ടം വേണം’; യുവജനങ്ങളെ സംരക്ഷിക്കാന്‍ ആഹ്വാനം ചെയ്ത് മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ്
text_fieldsഅബൂദബി: മതത്തെ ദുരുപയോഗം ചെയ്ത് അക്രമവും വിദ്വേഷവും തീവ്രവാദ ആശയങ്ങളും പ്രചരിപ്പിക്കുന്ന ഭീകര-തീവ്രവാദ സംഘടനകള്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കെതിരെ മുന്നറിയിപ്പുമായി മുസ്ലിം കൗണ്‍സില്‍ ഓഫ് എല്‍ഡേഴ്‌സ്. തീവ്രവാദ ആശയങ്ങളില്‍നിന്ന് യുവജനങ്ങളെ സംരക്ഷിക്കാന്‍ കൂട്ടായ ശ്രമങ്ങള്‍ ശക്തമാക്കണമെന്ന് സംഘടന ആവശ്യപ്പെട്ടു.
ഇത്തരം സംഘങ്ങള്‍ മതബോധനങ്ങള്‍ക്കും മാനവിക മൂല്യങ്ങള്‍ക്കും നിരക്കാത്ത അജണ്ടകളാണ് നടപ്പാക്കുന്നത്. ഇത് സമൂഹത്തിന്‍റെ സുരക്ഷയെയും സ്ഥിരതയെയും ബാധിക്കുന്നതിനൊപ്പം സഹവര്‍ത്തിത്വവും സമാധാനവും വളര്‍ത്താനുള്ള ശ്രമങ്ങളെ തകർക്കുകയും ചെയ്യുന്നു. തീവ്രവാദ ശൃംഖലകളോടും വിദ്വേഷവും അക്രമവും പ്രചരിപ്പിക്കുന്നവരോടും ഏതെങ്കിലും തരത്തില്‍ അയഞ്ഞ സമീപനം സ്വീകരിക്കുന്നത് ദേശീയ സുരക്ഷക്കും നിരപരാധികളായ സാധാരണക്കാരുടെ ജീവനും ഭീഷണിയാണെന്ന് സംഘടന പ്രസ്താവനയില്‍ വ്യക്തമാക്കി.
മനുഷ്യജീവന്‍ കവരുന്നത് ഇസ്ലാം കര്‍ശനമായി നിരോധിച്ചിട്ടുണ്ടെന്നും ജീവന്‍റെ സംരക്ഷണം ഇസ്ലാമിക നിയമത്തിന്‍റെ ഏറ്റവും വലിയ ലക്ഷ്യങ്ങളിലൊന്നാണെന്നും കൗണ്‍സില്‍ ചൂണ്ടിക്കാട്ടി. ഒരു മനുഷ്യനെ കൊല്ലുന്നത് മാനവികതയെ മുഴുവന്‍ കൊല്ലുന്നതിന് തുല്യമാണെന്ന ഖുര്‍ആന്‍ സൂക്തം (സൂറത്തുല്‍ മാഇദ: 32) ഉദ്ധരിച്ചായിരുന്നു പ്രസ്താവന. അക്രമത്തെയും ഭീകരവാദത്തെയും ന്യായീകരിക്കാന്‍ മതത്തെ ദുരുപയോഗം ചെയ്യുന്നത് സഹിഷ്ണുത, കരുണ, സമാധാനം എന്നീ ഇസ്ലാമിക അധ്യാപനങ്ങളെ വികൃതമാക്കുകയാണ് ചെയ്യുന്നത്. വിനാശകരമായ ആശയങ്ങള്‍ പ്രചരിപ്പിക്കാനും രക്തച്ചൊരിച്ചില്‍ ന്യായീകരിക്കാനും മതത്തെ ഉപയോഗിക്കുന്ന തീവ്രവാദ ഗ്രൂപ്പുകള്‍ക്കെതിരെ യുവാക്കള്‍ ജാഗ്രത പാലിക്കണം.
തീവ്രവാദ ആശയങ്ങള്‍ക്കെതിരെ യുവാക്കളില്‍ പ്രതിരോധശേഷി വളര്‍ത്താനും തീവ്രവാദികളുടെ റിക്രൂട്ട്‌മെന്‍റ് തന്ത്രങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കാനും കുടുംബങ്ങള്‍ക്കൊപ്പം മത, വിദ്യാഭ്യാസ, മാധ്യമ സ്ഥാപനങ്ങള്‍ക്കും വലിയ പങ്കുണ്ട്. മിതത്വം, പൗരബോധം, മറ്റുള്ളവരോടുള്ള ബഹുമാനം എന്നിവ പ്രോത്സാഹിപ്പിക്കാന്‍ ഇവര്‍ മുന്നിട്ടിറങ്ങണം.
ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് വിദ്വേഷവും ഭീകരവാദവും അക്രമത്തിനുള്ള പ്രേരണയും പ്രചരിപ്പിക്കുന്നത് തടയാനും തീവ്രവാദ സംഘടനകള്‍ക്കെതിരെ പോരാടാനും ശക്തമായ അന്താരാഷ്ട്ര സഹകരണം അനിവാര്യമാണ്. തീവ്രവാദ ആശയങ്ങളുടെ മൂലകാരണങ്ങള്‍ കണ്ടെത്തി ചെറുക്കുന്നതിനും സംഭാഷണം, മാനവിക സാഹോദര്യം, സഹവര്‍ത്തിത്വം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനും ബൗദ്ധികവും വിദ്യാഭ്യാസപരവും സാംസ്‌കാരികവുമായ ശ്രമങ്ങള്‍ ശക്തമാക്കണമെന്നും കൗണ്‍സില്‍ ആഹ്വാനം ചെയ്തു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

