റോഡിൽനിന്ന് സംഗീതം; അതിശയം നിറച്ച് ഫുജൈറയിലെ റോഡ്
text_fieldsഫുജൈറ: കാർ ഓടിക്കുമ്പോൾ റോഡിൽനിന്ന് സംഗീതം ഒഴുകിവന്നാൽ എങ്ങനെയിരിക്കും? അത്ഭുകരമായിരിക്കും എന്നതിൽ സംശയമില്ല. എന്നാലിതാ അത്തരമൊരു റോഡ് ഫുജൈറയിലുണ്ട്. ഫുജൈറയിലെ ശൈഖ് ഖലീഫ സ്ട്രീറ്റിലാണ് കാറുകൾ കടന്നുപോകുമ്പോൾ സംഗീതം ആസ്വദിക്കാൻ അവസരമുള്ളത്. 750 മീറ്റർ സ്ഥലത്താണ് ‘മ്യൂസിക്കൽ സ്ട്രീറ്റ്’ ഒരുക്കിയത്. ഫുജൈറ കോടതി ഭാഗത്ത് എത്തുന്നതിന് മുമ്പ് ഫുജൈറ സിറ്റിയുടെ കവാടത്തിലാണ് അതിശയിപ്പിക്കുന്ന റോഡുള്ളത്. യു.എ.ഇയിലും ഗൾഫ് മേഖലയിലും ആദ്യമായാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നത്. ചില പാശ്ചാത്യ രാജ്യങ്ങളിൽ നേരത്തെ ഇത്തരം റോഡുകളുണ്ട്.
ഫുജൈറ ഫൈൻ ആർട്സ് അക്കാദമിയാണ് നൂതനമായ പദ്ധതി നടപ്പിലാക്കിയത്. പൊതുസ്ഥലങ്ങളിൽ കല പ്രോത്സാഹിപ്പിക്കുകയും നിത്യജീവിതത്തിന്റെ വിവിധ രംഗങ്ങളിൽ സംഗീതത്തെ സംയോജിപ്പിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് പദ്ധതി രൂപപ്പെടുത്തിയത്. കാറിൽ പോകുന്നതിനിടെ സംഗീതം അപ്രതീക്ഷിതമായി അനുഭവിക്കാൻ സാധിക്കുന്നതിൽ നിരവധി പേരാണ് സമൂഹ മാധ്യമങ്ങളിൽ ആഹ്ലാദം പങ്കുവെക്കുന്നത്. നിരവധി പേർ വിഡിയോകളും പങ്കുവെച്ചിട്ടുണ്ട്.
ഡ്രൈവ് ചെയ്യുമ്പോഴും വളരെ അസാധാരണമായ അനുഭവങ്ങൾ സമ്മാനിക്കാൻ സാധിക്കുന്ന സാർവലൗകികമായ ഭാഷയാണ് സംഗീതമെന്ന് ഫുജൈറ ഫൈൻ ആർട്സ് അക്കാദമി ഡയറക്ടർ ജനറൽ അലി ഉബൈദ് അൽ ഹാതിഫി ‘ഖലീജ് ടൈംസി’നോട് പറഞ്ഞു. കലയെ ജീവിതത്തോട് ചേർത്തുവെക്കുന്ന പദ്ധതി, എമിറേറ്റിന്റെ എല്ലാ കോണുകളിലും സൗന്ദര്യവും സർഗാത്മകതയും പ്രചരിപ്പിക്കുകയെന്ന അക്കാദമിയുടെ ദൗത്യത്തിന്റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

