ഇന്ത്യൻ വ്യവസായിയുടെ കൊല; പ്രതികളുടെ വിചാരണ തുടങ്ങി
text_fieldsദുബൈ: കവർച്ചക്കിടെ ഇന്ത്യൻ വ്യവസായിയെ കൊലപ്പെടുത്തിയ കേസിൽ പിടിയിലായ അഞ്ച് പ്രതികളുടെ വിചാരണ ദുബൈ ക്രിമിനൽ കോടതിയിൽ ആരംഭിച്ചു. അഞ്ചു പ്രതികളും പാകിസ്താൻ സ്വദേശികളാണ്. അൽ വുഹൈദ മേഖലയിലാണ് ക്രൂരമായ കൊലപാതകവും കവർച്ചയും നടന്നത്. വീട്ടിൽ അതിക്രമിച്ചുകയറിയ പ്രതികൾ 55കാരനായ വ്യവസായിയെ കെട്ടിയിട്ട് മർദിക്കുകയും കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷൻ കേസ്. കവർച്ചയായിരുന്നു പ്രതികളുടെ ഉദ്ദേശ്യമെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു. പണമടങ്ങിയ ലോക്കർ, പാസ്പോർട്ടുകൾ, ആഭരണങ്ങൾ എന്നിവയെല്ലാം പ്രതികൾ ഇരയുടെ വീട്ടിൽ നിന്ന് കവർച്ച ചെയ്തിരുന്നതായും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.
സംഭവം നടന്ന രാത്രി 9.30ഓടെ മകൻ വീട്ടിലെത്തിയപ്പോഴാണ് പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. വൈകുന്നേരം അദ്ദേഹത്തെ പലതവണ ഫോണിൽ ബന്ധപ്പെട്ടെങ്കിലും ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് വീട്ടിലെത്തിയ അദ്ദേഹം ബെഡ്റൂമിൽ പിതാവിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. പണമടങ്ങിയ സേഫ് ലോക്കറും നഷ്ടപ്പെട്ടിരുന്നതായി മകൻ മൊഴി നൽകി. സംഭവം റിപ്പോർട്ട് ചെയ്ത ഉടൻ ഫോറൻസിക് വിദഗ്ധർ, സി.ഐ.ഡി ഉദ്യോഗസ്ഥർ എന്നിവരങ്ങുന്ന സംഘത്തെ പൊലീസ് സംഭവസ്ഥലത്തേക്ക് അയക്കുകയും അന്വേഷണം ആരംഭിക്കുകയുമായിരുന്നു. വീട്ടിലെ സി.സി.ടിവി പരിശോധിച്ചതിൽനിന്നും വൈകീട്ട് നാലു മണിയോടെ മൂന്ന് പ്രതികൾ വീട്ടിലേക്ക് പ്രവേശിക്കുന്നതായി കണ്ടെത്തി. 20 മിനിറ്റിന് ശേഷം ഇടത്തരം വലുപ്പമുള്ള ഒരു സേഫുമായി ഇവർ സ്ഥലം വിടുന്നതും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമായി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് മൂന്നുപേരെ രാജ്യത്തു നിന്നും രണ്ടുപേരെ അവരുടെ രാജ്യങ്ങളിലെ വിമാനത്താവളത്തിൽനിന്നും അറസ്റ്റുചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

