ദുബൈ നഗരത്തെ പച്ചപുതപ്പിച്ച് മുനിസിപ്പാലിറ്റി
text_fieldsദുബൈയിൽ മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നട്ടുപിടിപ്പിച്ച ചെടികളും മരങ്ങളും
ദുബൈ: ദുബൈ നഗരത്തെ പൊന്നുപോലെ പരിലാളിക്കുന്ന ദുബൈ മുനിസിപ്പാലിറ്റി കഴിഞ്ഞ വർഷം നട്ടുപിടിപ്പിച്ചത് 1.70 ലക്ഷം മരങ്ങൾ. ഇതുവഴി 28 ലക്ഷം ചതുരശ്ര മീറ്റർ ഹരിത പ്രദേശങ്ങളാണ് കൂടുതലായി സൃഷ്ടിച്ചെടുക്കാൻ കഴിഞ്ഞത്.
ദിവസവും ശരാശരി 466 മരങ്ങൾ വീതം വെച്ചുപിടിപ്പിച്ചു. ആദ്യം നിശ്ചയിച്ചതിനേക്കാൾ 130 ശതമാനം കൂടുതൽ മരങ്ങളാണ് നടാൻ കഴിഞ്ഞത്. ഇതോടെ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള ഹരിതപ്രദേശങ്ങൾ 43.83 ദശലക്ഷം ചതുരശ്ര മീറ്ററായി ഉയർന്നു.
നട്ടുപിടിപ്പിക്കുക മാത്രമല്ല, കൃത്യമായി പരിപാലിക്കാനും കഴിയുന്നുണ്ട് എന്നതിന്റെ തെളിവാണ് കൊടുംചൂടിൽ പോലും ദുബൈ നഗരത്തിൽ കാണുന്ന പച്ചപ്പ്. ഇതിനായി കൃത്യമായ ജലസേചന സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. മുനിസിപ്പാലിറ്റിയുടെ നേതൃത്വത്തിൽ നിരന്തരം പരിശോധന നടത്തുകയും ഇവ സംരക്ഷിക്കുന്നതിന് ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുകയും ചെയ്യുന്നുണ്ട്. കാർഷിക മേഖലയിലെ സ്ഥാപനങ്ങൾക്ക് ലൈസൻസുകൾ അനുവദിക്കുന്നത് വഴി സ്വകാര്യ മേഖലയുടെ സഹായത്തോടെയും കൂടുതൽ പച്ചപ്പ് യാഥാർഥ്യമാക്കാൻ മുനിസിപ്പാലിറ്റി ശ്രമിക്കുന്നു.
യു.എ.ഇയുടെ സ്വന്തം മരങ്ങളായ ഗാഫ്, സിദ്ർ പോലുള്ളവ കൂടുതൽ നടാനാണ് മുനിസിപ്പാലിറ്റിയുടെ പുതിയ പദ്ധതി. െറസിഡൻഷ്യൽ ഏരിയകൾ, റോഡിരിക്, പാർക്ക് തുടങ്ങിയ സ്ഥലങ്ങളിൽ ഈ മരങ്ങൾ കൂടുതലായി വെച്ചുപിടിപ്പിക്കുന്നുണ്ട്. യു.എ.ഇയുടെ കാലാവസ്ഥക്ക് അനുയോജ്യമായ മരങ്ങളും നടുന്നുണ്ട്. മുനിസിപ്പാലിറ്റിയുടെ നഴ്സറിയിൽ വളർത്തിയ ശേഷമാണ് ഇവ മറ്റിടങ്ങളിലേക്ക് എത്തിക്കുന്നത്. ദുബൈ നഗരത്തിന്റെ സൗന്ദര്യം വർധിപ്പിക്കുക എന്ന ലക്ഷ്യത്തിനൊപ്പം കാലാവസ്ഥവ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ നേരിടാനും ലക്ഷ്യമിടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

