സഹജീവിയെകൂടി ചേർത്തുപിടിക്കുമ്പോഴാണ് ജീവിതം മനോഹരമാകുക- മുനവ്വറലി ശിഹാബ് തങ്ങള്‍
text_fieldsഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് കാരുണ്യതീരം ‘പ്രതീക്ഷ സംഗമം’ ദുബൈ ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ പണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യുന്നു
ദുബൈ: സഹജീവിയെകൂടി ചേർത്തുപിടിക്കുമ്പോഴാണ് ജീവിതം മനോഹരമാകുന്നതെന്നും ഇത്തരം മനോഹര കാഴ്ചയുടെ ഉദാഹരണമാണ് ഹെൽത്കെയർ ഫൗണ്ടേഷനെന്നും പണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു.
ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് കാരുണ്യതീരം ‘പ്രതീക്ഷ സംഗമം’ ദുബൈ ഫ്ലോറ ക്രീക്ക് ഹോട്ടലില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭിന്നശേഷി വിഭാഗത്തില്‍പ്പെടുന്ന 18 വയസ്സിന് മുകളിലുള്ള 50 പേര്‍ക്ക് താമസ സൗകര്യവും പരിശീലനവും ഒരുക്കിക്കൊടുക്കാന്‍ കാരുണ്യതീരം കാമ്പസില്‍ ഉയരുന്നതാണ് പ്രതീക്ഷഭവന്. ഭിന്നശേഷി മേഖലയില്‍ പതിമൂന്നു വര്‍ഷമായി പ്രവര്‍ത്തിച്ചുവരുകയാണ് കോഴിക്കോട് ജില്ലയിലെ പൂനൂര് ആസ്ഥാനായി പ്രവര്‍ത്തിച്ചുവരുന്ന ജീവകാരുണ്യ സംഘടനയായ ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷൻ. ഭിന്നശേഷിക്കാരായ ആളുകള്‍ക്ക് ആജീവനാന്ത പരിരക്ഷ ഒരുക്കുന്നതിനുവേണ്ടി കാരുണ്യതീരം കാമ്പസിന് തൊട്ടടുത്തായി കെയര്‍ വില്ലേജ് എന്ന പദ്ധതിയും നിലവില്‍ വരുന്നുണ്ട്.
സ്പെഷല്‍ സ്കൂള്‍ പഠനം പൂര്‍ത്തിയാക്കുന്നവര്‍ക്കായി ആജീവനാന്തം തണലേകുവാന്‍ ഒരുങ്ങുന്ന കെയര്‍ വില്ലേജില്‍ ചികിത്സാ കേന്ദ്രം, പുനരധിവാസം, തൊഴില്‍പരിശീലനം, ഇന്നവേഷന്‍ ഹബ്, തൊഴില്‍ കേന്ദ്രം, ആര്‍സ് സെന്റര്‍ എന്നിവ ഒരുങ്ങും. അഞ്ചേക്കറിലായി കിടക്കുന്ന ഈ കേന്ദ്രത്തിന്റെയും പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിക്കഴിഞ്ഞു. കമ്യൂണിറ്റി സൈക്യാട്രി ക്ലിനിക്, ഡിസാസ്റ്റര്‍മാനേജ്മെന്റ് ടീം കേരള എന്നിവയും ഹെല്‍ത്ത് കെയറിന്റെ പ്രധാന പ്രവര്‍ത്തനങ്ങളാണ്. പത്രപ്രവർത്തകൻ നവാസ് പൂനൂർ, ഫ്ലോറ ഗ്രൂപ് ചെയർമാൻ ഹസ്സൻ എന്നിവർ മുഖ്യാതിഥിയായി. ബഷീർ തിക്കോടി മുഖ്യ പ്രഭാഷണം നടത്തി. ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് ജനറല്‍ സെക്രട്ടറി സി.കെ.എ ഷമീര്‍ബാവ പദ്ധതി വിശദീകരിച്ചു. അൻവർ നഹ, ഇബ്രാഹിം എളേറ്റിൽ, സി.കെ. നാസർ, മുനവ്വർ എന്നിവർ സംസാരിച്ചു. കാരുണ്യതീരം ദുബൈ ചാപ്റ്റര്‍ പ്രസിഡന്റ് പി.എസ്. അയ്യൂബലി, സെക്രട്ടറി ഹമീദ് എകരൂല്‍, എന്നിവര്‍ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

