മള്‍ട്ടി സെന്‍സറിങ് ആര്‍ട്ട് എക്സ്പീരിയൻസ് കേന്ദ്രം തുറന്നു
text_fieldsഅബൂദബി: മറ്റൊരു ലോകോത്തര അനുഭവത്തിനു കൂടി സാക്ഷ്യം വഹിക്കാന്‍ ഒരുങ്ങി അബൂദബി സഅദിയാത്ത് സാംസ്‌കാരിക ജില്ല. ടീം ലാബ് ഫിനോമിന അബൂദബിയുടെ വേദിയില്‍ ആണ് മള്‍ട്ടി സെന്‍സറിങ് ആര്‍ട്ട് എക്‌സപീരിയന്‍സ് (ബഹു സംവേദന കലാനുഭവം) കേന്ദ്രം തുറന്നിരിക്കുന്നത്. അബൂദബി സാംസ്‌കാരിക, വിനോദസഞ്ചാര വകുപ്പുമായി സഹകരിച്ച് ടോക്കിയോ ആസ്ഥാനമായ ടീംലാബ് ആണ് 17000 ചതുരശ്ര മീറ്ററില്‍ ഇത്തരമൊരു കേന്ദ്രം സജ്ജമാക്കിയത്. വെളിച്ചം, ശബ്ദം, ചലനം എന്നിവയുടെ പരസ്പര പ്രവര്‍ത്തനത്തിലൂടെയാണ് കേന്ദ്രത്തിലെ ഓരോ കലാസൃഷ്ടിയും രൂപപ്പെടുക.
പരമ്പരാഗത കലാസൃഷ്ടികളില്‍ നിന്ന് വ്യത്യസ്തമായി ഇവിടുത്തെ കലാസൃഷ്ടികള്‍ ചലനാത്മകമായിരിക്കും. അതിഥികളുടെ പ്രവൃത്തികളോടും സ്വാഭാവിക പരിസ്ഥിതി മാറ്റങ്ങളോടും പ്രതികരിക്കുന്ന ഇവ ജീവസ്സുറ്റ കലാനുഭവമായിരിക്കുമെന്ന് അധികൃതര്‍ പറയുന്നു. സന്ദര്‍ശകര്‍ക്കും വ്യത്യസ്ത അനുഭവമായിരിക്കും ഓരോ കലാസൃഷ്ടികളും സമ്മാനിക്കുക. ഡ്രൈ, വെറ്റ് എന്നിങ്ങനെ രണ്ട് മേഖലകളിലായാണ് കലാസൃഷ്ടികളുടെ പ്രദര്‍ശനം.
എല്ലാ ദിവസവും രാവിലെ 10 മുതല്‍ രാത്രി 7 വരെയായിരിക്കും കേന്ദ്രത്തിന്റെ പ്രവര്‍ത്തനം. മുതിര്‍ന്നവര്‍ക്ക് 150 ദിര്‍ഹമാണ് ടിക്കറ്റ് ചാര്‍ജ്. 13 മുതല്‍ 17 വരെ പ്രായമുള്ളവര്‍ക്ക് 115 ദിര്‍ഹവും കുട്ടികള്‍ക്ക് 50 ദിര്‍ഹവുമാണ് ഫീസ്. ദുബൈ, അബൂദബി എന്നിവിടങ്ങളിലെ ചില കേന്ദ്രങ്ങളില്‍ നിന്ന് ഇവിടേക്ക് സൗജന്യ ബസ് സര്‍വീസുകളുമുണ്ട്. ഉദ്ഘാടനച്ചടങ്ങില്‍ സംബന്ധിച്ച അബൂദബി കിരീടാവകാശിയും അബൂദബി എക്സിക്യൂട്ടിവ് കൗണ്‍സില്‍ ചെയര്‍മാനുമായ ശൈഖ് ഖാലിദ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ് യാന്‍ കേന്ദ്രം ചുറ്റിക്കണ്ടു. ലൂവ്റെ അബൂധാബിയും ഗഗന്‍ഹൈം അബൂദബിയും സമീപമുള്ള ഈ പ്രദേശത്ത് സായിദ് നാഷണല്‍ മ്യൂസിയവും നാച്ചുറല്‍ ഹിസ്റ്ററി മ്യൂസിയവും ഉള്‍പ്പെടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

