മുജീബ് മൊഗ്രാല്‍: വിടപറഞ്ഞത് സേവന രംഗത്തെ സൗമ്യസാന്നിധ്യം
text_fieldsമുജീബിന്റെ മൃതദേഹം കാണാന്‍ അബൂദബി ബനിയാസ് മോര്‍ച്ചറിക്കു മുന്നില്‍ എത്തിയവര്‍
അബൂദബി: ഹൃദയാഘാതത്തെ തുടര്‍ന്ന് വിടപറഞ്ഞ അബൂദബി കെ.എം.സി.സി കാസര്‍കോട് ജില്ല നേതാവ് മുജീബ് മൊഗ്രാല്‍ മേഖലയിലെ സാമൂഹിക സേവന രംഗത്തെ സൗമ്യസാന്നിധ്യമായിരുന്നു. പ്രവാസത്തിന്റെ മൂന്നു പതിറ്റാണ്ടിനോട് അടുത്ത വേളയിലാണ് ആകസ്മിക വിയോഗം. ഞായറാഴ്ച പുലർച്ച അബൂദബി മദീന സായിദിലെ റൂമിലായിരുന്നു അന്ത്യം.
കാസര്‍കോട് മൊഗ്രാല്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ മുജീബ് മറമാടപ്പെടുമ്പോള് സഹപ്രവര്‍ത്തകര്‍ക്ക് ഓര്ക്കാനേറെ. അബൂദബി കെ.എം.സി.സി കാസര്‍കോട് ജില്ല മുന്‍ ജനറല്‍ സെക്രട്ടറിയും ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ മുന്‍ സ്പോര്‍ട്സ് സെക്രട്ടറിയുമായിരിക്കുമ്പോഴും സ്ഥാനമാനങ്ങള്‍ ഇല്ലാത്തപ്പോഴും സേവന രംഗത്ത് അദ്ദേഹം നിറഞ്ഞുനിന്നു. ആവശ്യങ്ങള്‍ പറഞ്ഞുവരുന്നവരെ വെറുംകൈയോടെ മടക്കാറില്ലായിരുന്നു. കോവിഡ് മഹാമാരിയുടെ കാലത്തെ നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ഹൃദ്യമായ ഓര്‍മകളാണ്.
എം.ഐ.സി അബൂദബി കമ്മിറ്റി വൈസ് പ്രസിഡന്റ്, ചെങ്കള ശിഹാബ് തങ്ങള്‍ അക്കാദമി വൈസ് പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചുവരവെയാണ് മരണം. അബൂദബിയിലെ പ്രമുഖ അമേരിക്കന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയായ ടാര്ണറില് 28 വര്‍ഷമായി അക്കൗണ്ടന്റായിരുന്നു. കെ.എം.സി.സിയുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും നേതൃപരമായ സാന്നിധ്യംകൊണ്ട് അബൂദബി ഇസ്ലാമിക് സെന്ററില്‍ മിക്കപ്പോഴും അദ്ദേഹം ഉണ്ടാകുമായിരുന്നു. സംസാരത്തിലും ഇടപെടലിലുമെല്ലാം പുലര്‍ത്തുന്ന സൗമ്യതയും പുഞ്ചിരിയുമായിരുന്നു അദ്ദേഹത്തിന്റെ മുഖമുദ്ര.
സമൂഹത്തിന്റെ നാനാതുറകളിലെ നൂറുകണക്കിനു പേര് ബനിയാസ് മോര്‍ച്ചറിയുടെ മുന്നിലേക്ക് ഒരുനോക്ക് കാണാന്‍ ഓടിയെത്തിയതും ആ ലാളിത്യത്തിന്റെ തെളിവായി. സമസ്ത വൈസ് പ്രസിഡന്റ് യു.എം. അബ്ദു റഹ്മാന് മുസ്ലിയാരുടെയും പരേതയായ മര്‍യമിന്റെയും മകനാണ്. ഭാര്യ: ഖദീജ. മക്കള്‍: നഈമ, നബീല്‍, നിയാല്‍, ഹഫ്ല. സഹോദരങ്ങള്‍: ശിഹാബ്, ഫസല്‍, ഇര്ഫാന്, ശഹീര്‍ (ദുബൈ), അമീന് (അബൂദബി), ഖദീജ, ഷാഹിന, പരേതയായ ഷാഹിത.
മുജീബിന്റെ വിയോഗത്തില്‍ അബൂദബി കെ.എം.സി.സി സംസ്ഥാന കമ്മിറ്റി പ്രസിഡന്റ് ശുക്കൂറലി കല്ലുങ്ങല്‍, ജനറല്‍ സെക്രട്ടറി സി.എച്ച്. യൂസുഫ്, ട്രഷറര്‍ സി.എച്ച്. അസ്ലം, ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ പ്രസിഡന്റ് പി. ബാവ ഹാജി, ജനറല്‍ സെക്രട്ടറി ടി.കെ. അബ്ദുൽ സലാം, ട്രഷറര്‍ ശിഹാബ് പരിയാരം, കാസര്‍കോട് ജില്ല പ്രസിഡന്റ് അബ്ദുല്‍ റഹ്മാന് ചേക്കു, ജനറല്‍ സെക്രട്ടറി അഷറഫ് പള്ളംകോട്, ട്രഷറര്‍ ഉമ്പു ഹാജി, വിവിധ സംസ്ഥാന- ജില്ല കമ്മിറ്റി ഭാരവാഹികള്‍, ഇതര സംഘടന ഭാരവാഹികള്‍ തുടങ്ങിയവര്‍ അനുശോചനം അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

