ആവേശമായി ഒട്ടക മത്സരം; മുഹമ്മദ് ബിൻ സായിദ് ഫെസ്റ്റിവലിന് സമാപനം
text_fieldsമുഹമ്മദ് ബിൻ സായിദ് ഫെസ്റ്റിവലിനോടനുബന്ധിച്ച് അജ്മാനിൽ നടന്ന ഒട്ടകയോട്ട മത്സരം
അജ്മാന്: ഒട്ടക ഓട്ടവും സൗന്ദര്യ മത്സര്യവും അരങ്ങേറിയ മുഹമ്മദ് ബിൻ സായിദ് ഫെസ്റ്റിവലിന്റെ 12-ാമത് പതിപ്പിന് ആവേശകരമായ സമാപനം. വിവിധ പ്രായ വിഭാഗങ്ങളിൽ നടന്ന മത്സരത്തില്‍ മുന്നോറോളം ഒട്ടകങ്ങള്‍ പങ്കെടുത്തു. ജനുവരില്‍ രണ്ടിന് ആരംഭിച്ച മേള അഞ്ച് ദിവസം പിന്നിട്ടാണ് കൊടിയിറങ്ങിയത്. അജ്മാൻ എമിറേറ്റിലെ അൽ തല്ലാ സ്ക്വയറിലാണ് ആവേശകരമായ മേള നടന്നത്. ജി.സി.സി രാജ്യങ്ങളിലെ ഒട്ടക ഉടമകളുടെ വിപുലമായ പങ്കാളിത്തം ഈ മേളയിലുണ്ടായി.
മേളയോടനുബന്ധിച്ച് ഒട്ടകങ്ങളുടെ ഓട്ട മത്സരം, സൗന്ദര്യ മത്സരം തുടങ്ങിയ വിവിധ മത്സരങ്ങളും പൈതൃക കലാ മത്സരങ്ങളും മേളക്ക് മാറ്റ് കൂട്ടി. സ്വദേശികളും വിദേശികളുമായി നിരവധിപേര്‍ എത്തിയിരുന്നു. യു.എ.ഇ സുപ്രീം കൗൺസിൽ അംഗവും അജ്മാൻ ഭരണാധികാരിയുമായ ശൈഖ് ഹുമൈദ് ബിന്‍ റാഷിദ് അല്‍ നുഐമി സമാപന ദിവസവും മേള സന്ദര്‍ശിച്ചു. ഗൾഫിലെ ഏറ്റവും പ്രധാന പൈതൃക ഉത്സവങ്ങളിലൊന്നാണ് ഈ മേളയെന്ന് ശൈഖ് ഹുമൈദ് പറഞ്ഞു.
പൂർവികരുടെ പൈതൃകത്തെ പുനരുജ്ജീവിപ്പിക്കാനുള്ള പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് ആൽ നഹ്യാന്റെ താല്പര്യത്തില് ഇമാറാത്തികൾ അഭിമാനിക്കുന്നതായി അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ ഈ പാരമ്പര്യം ശക്തിപ്പെടുത്താനും രാജ്യത്തോടും അതിന്റെ ചരിത്രത്തോടും പൈതൃകത്തോടുമുള്ള സ്നേഹവും വിശ്വസ്തതയും ഊട്ടിയുറപ്പിക്കുകയുമാണ് ഫെസ്റ്റിവൽ ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

