17ാം വയസ്സിൽ തുടങ്ങിയ പ്രവാസത്തോട് വിട പറഞ്ഞ് മുഹമ്മദലി
text_fieldsമുഹമ്മദലി
അബൂദബി: തൃശൂര്‍ ജില്ലയിലെ പുന്നയൂര്‍ പഞ്ചായത്തിലെ കുഴിങ്ങര സ്വദേശി മുഹമ്മദലി 17ാം വയസ്സില്‍ 1977 സെപ്റ്റംബറിലാണ് അബൂദബിയില്‍ പ്രവാസിയായി എത്തുന്നത്. 1978 ജൂണിൽ ബിന്‍ ഹമൂദ് ട്രേഡിങ് ആൻഡ് ജനറല്‍ സര്‍വിസസ് എന്ന സ്ഥാപനത്തില്‍ ജോലിക്ക് കയറി.
രാവിലത്തെ ഭക്ഷണം അമ്പത് ഫില്‍സിന്റെ ബിസ്കറ്റില്‍ ഒതുക്കി സ്വരുക്കൂട്ടിയ പണം കൊണ്ട് അബൂദബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററിലെ ഇംഗ്ലീഷ് ക്ലാസിന് ചേര്‍ന്നു.
ജോലി ചെയ്യുന്ന സ്ഥാപനം ആദ്യമായി ബോണസ് നല്കിയ 500 ദിര്‍ഹവും സഹപ്രവര്ത്തകൻ അൻസാരിയില്‍നിന്ന് കടമായി വാങ്ങിയ 350 ദിര്‍ഹവും ചേര്‍ത്ത് ഒരു ടൈപ് റൈറ്റര്‍ സ്വന്തമാക്കി. ഇതുവഴി തന്റെ ടൈപ്പിങ് പരിജ്ഞാനം സ്വയം പരിശീലനത്തിലൂടെ വർധിപ്പിച്ചു. ടൈപ്പിങ്ങിലെ ഇദ്ദേഹത്തിന്റെ മികവ് തിരിച്ചറിഞ്ഞ തൊഴില്‍ സ്ഥാപനം മുഹമ്മദലിക്ക് ടെലക്സ് ഓപറേറ്ററായി സ്ഥാനക്കയറ്റം നല്കി. ജീവിതഗതിയില്‍ പ്രവാസം അര നൂറ്റാണ്ടിനോട് അടുക്കുമ്പോഴും ആ ടൈപ് റൈറ്റര്‍ ഇന്നും അമൂല്യനിധിയായി സൂക്ഷിക്കുകയാണ് ഇദ്ദേഹം.
ഗാലക്സി കമ്പ്യൂട്ടര്‍ എന്ന സ്ഥാപനം അബൂദബിയില്‍ ആരംഭിച്ചപ്പോള്‍ അവിടെ കമ്പ്യൂട്ടര്‍ പഠനത്തിനായി മുഹമ്മദലി ചേര്‍ന്നിരുന്നു. അബൂദബിയിലെ അഡക്കില് അക്കൗണ്ടന്റ് ആയിരുന്ന കലാമിന്റെ കീഴില്‍ രണ്ടുവര്‍ഷത്തോളം ജനറല്‍ അക്കൗണ്ടന്‍സി പരിശീലിച്ചു. 50 വര്ഷത്തിനോടടുക്കുന്ന പ്രവാസജീവിതത്തില്‍ തന്നെ കൈപിടിച്ച് ഉയര്‍ത്തിയ നിരവധി വ്യക്തിത്വങ്ങളുണ്ട്.
കൂടെ ജോലി ചെയ്യുന്നവരെ മക്കളെപ്പോലെ പരിഗണിക്കുന്ന സി.കെ. കപാഡ്യ, ഓഫിസ് ജോലികള്‍ അടുക്കും ചിട്ടയോടും കൂടി ചെയ്യാന്‍ പഠിപ്പിച്ച വി.ടി. സണ്ണി, സാമ്പത്തിക പ്രതിസന്ധി ഘട്ടങ്ങളില്‍ സഹായിച്ച പ്രേമൻ തുടങ്ങിയ നിരവധി വ്യക്തിത്വങ്ങളുണ്ട്. രണ്ട് മക്കളെയും പഠിപ്പിച്ച് എൻജിനീയര്മാരാക്കാന് കഴിഞ്ഞുവെന്നതിൽ ചാരിതാർഥ്യമുണ്ട്. മക്കളായ മുഹമ്മദ് നിയാസ്, മുഹമ്മദ് സിയാദ് എന്നിവർ ഐ.ടി. എൻജിനീയര്‍മാരായി ദുബൈയില്‍ ജോലി ചെയ്യുന്നു. മരുമകള്‍ ഡോ. സുമി. റാബിയയാണ് സഹധർമിണി.
1977 മുതല്‍ അബൂദബി മലയാളി സമാജത്തില്‍ അംഗമാണ്. സമാജം മുസഫയിലേക്ക് മാറുന്നത് വരെ അംഗത്വം തുടര്‍ന്നു.
1978 ജൂണ്‍ മുതല്‍ ഒരേ കമ്പനിയില്‍ വ്യത്യസ്ത വകുപ്പുകളില്‍ ജോലി ചെയ്യാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നു. ഇപ്പോള്‍ ഇവിടെ കാഷ്യറായ ഇദ്ദേഹം ഡിസംബര്‍ അവസാനത്തോടെ ജോലിയില്‍നിന്ന് വിരമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

