മണിപ്പാൽ ആശുപത്രി ഗ്രൂപ്പിൽ നിക്ഷേപം പ്രഖ്യാപിച്ച് മുബാദല
text_fieldsഅബൂദബി: ഇന്ത്യയിലെ പ്രമുഖ ആശുപത്രി ഗ്രൂപ്പായ മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസിൽ നിക്ഷേപം പ്രഖ്യാപിച്ച് അബൂദബിയിലെ മുബാദല ഇൻവെസ്റ്റ് കമ്പനി. ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യയിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് വൻ നിക്ഷേപത്തിനൊരുങ്ങുന്നത്.
എന്നാൽ, നിക്ഷേപത്തിന്റെ കൂടുതൽ വിവരങ്ങൾ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ മണിപ്പാലിന്റെ ഭൂരിപക്ഷം ഓഹരികളും സിംഗപ്പൂർ ആസ്ഥാനമായുള്ള ആഗോള നിക്ഷേപ കമ്പനിയായ തെമാസകിന്റെ കൈവശമാണ്. അത് തുടരുമെന്നാണ് മുബാദല പ്രസ്താവനയിൽ അറിയിച്ചിട്ടുള്ളത്.
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഹോസ്പിറ്റൽ ശൃംഖലയാണ് മണിപ്പാൽ ഹെൽത്ത് എന്റർപ്രൈസസ്. 1991ൽ സ്ഥാപിതമായ ഗ്രൂപ്പിന് കീഴിൽ ഇന്ത്യയിലുടനീളം 30 ആശുപത്രികൾ പ്രവർത്തിക്കുന്നുണ്ട്. ഇതുവഴി പ്രതിവർഷം ആറുകോടി രോഗികൾക്കാണ് സേവനം നൽകുന്നത്.
5000ത്തിലധികം ഡോക്ടർമാരാണ് മണിപ്പാലിന്റെ വിവിധ ആശുപത്രികളിലായി സേവനം ചെയ്യുന്നത്. ഇന്ത്യയിലുടനീളം ഉയർന്ന സേവന നിലവാരമുള്ള ആശുപത്രികളുടെ ഡിമാൻഡ് വർധിക്കുകയാണ്. ഇൻവെസ്റ്റ് ഇന്ത്യ ഗവൺമെന്റ് പോർട്ടലിന്റെ കണക്കുകൂട്ടലുകൾ പ്രകാരം ഇന്ത്യയിലെ ആശുപത്രി മേഖല പ്രതിവർഷം 18 ശതമാനം വളർച്ച നേടി 2027ഓടെ 18.34 ലക്ഷം കോടിയിലെത്തും. ഈ സാധ്യതകൾ മുന്നിൽ ക്കണ്ടാണ് മണിപ്പാലിന്റെ സാമ്പത്തിക വളർച്ചക്ക് പിന്തുണ നൽകാൻ തീരുമാനിച്ചതെന്ന് മുബാദല ലൈഫ് സയൻസസ് മേധാവി കാമില ലാംഗ്യുല്ലി പറഞ്ഞു. അബൂദബി സർക്കാറിനുവേണ്ടി നിക്ഷേപം നടത്തുന്ന മുബാദല എമിറേറ്റിന്റെ വരുമാനത്തിന്റെ അടിത്തറ വൈവിധ്യവത്കരിക്കാനും എണ്ണയിതര സ്രോതസ്സുകളിൽനിന്ന് വരുമാനം കണ്ടെത്തുന്നതിലുമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.
പെട്രോ കെമിക്കൽസ്, ഓയിൽ ആൻഡ് ഗ്യാസ്, പുനരുപയോഗ ഊർജം, ഉരുക്ക്, ഖനനം, സെമി കണ്ടക്ടറുകൾ, കമ്യൂണിക്കേഷൻ ടെക്നോളജി, ഇൻഫർമേഷൻ, എയറോസ്പേസ് എന്നിവ ഉൾപ്പെടെയുള്ള മേഖലകളിലും ആറ് ഭൂഖണ്ഡങ്ങളിലും വ്യാപിച്ചു കിടക്കുന്നതാണ് കമ്പനിയുടെ നിക്ഷേപം. 1.01 ലക്ഷം കോടി ആസ്തിമൂല്യമുള്ള മുബാദല ഏഷ്യയിൽ, പ്രത്യേകിച്ച് ഇന്ത്യയിലും വടക്ക്-കിഴക്കൻ ഏഷ്യൻ രാജ്യങ്ങളിൽ നിക്ഷേപം വർധിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. ഈ മേഖലകളിൽ ദ്രുതഗതിയിലുള്ള സാമ്പത്തിക വളർച്ചയും പ്രാദേശികമായ ജനസംഖ്യ വർധനയും അതിവേഗമാണെന്നാണ് കമ്പനി വലയിരുത്തൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

