എം.ടി അനുശോചനവും ഡോക്യുമെന്ററി പ്രദർശനവും
text_fieldsഓർമ ദുബൈ സംഘടിപ്പിച്ച എം.ടി അനുശോചന യോഗം
ദുബൈ: മലയാളിയുടെ സാംസ്കാരിക സാമൂഹിക മണ്ഡലത്തിനുണ്ടായ നികത്താനാവാത്ത നഷ്ടമാണ് എം.ടി. വാസുദേവൻ നായരുടെ വിയോഗമെന്ന് ഓർമ ദുബൈ അനുസ്മരിച്ചു. ഏഴ് പതിറ്റാണ്ടു പിന്നിട്ട അദ്ദേഹത്തിന്റെ സാഹിത്യ സപര്യക്കൊപ്പമാണ് മലയാളി വായിച്ചുവളർന്നതെന്ന് യോഗം വിലയിരുത്തി.
എഴുത്തിനൊപ്പം അദ്ദേഹം നിതാന്തമായി പുലർത്തിയ രാഷ്ട്രീയ ജാഗ്രത എല്ലാവർക്കും മാതൃകയാണെന്ന് ചടങ്ങിൽ സംസാരിച്ച പ്രവാസ ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.കെ. കുഞ്ഞഹമ്മദ് പറഞ്ഞു. കേരളത്തെ മതനിരപേക്ഷതയുടെ നാടായി നിലനിർത്തണം എന്നദ്ദേഹം നിരന്തരം പറഞ്ഞു കൊണ്ടിരുന്നുവെന്ന് ഓർമ ജനറൽ സെക്രട്ടറി പ്രദീപ് തോപ്പിൽ അഭിപ്രായപ്പെട്ടു. ചടങ്ങിൽ ഷിഹാബ് പെരിങ്ങോട് അധ്യക്ഷതവഹിച്ചു.
കേരളീയ കുടുംബങ്ങളിൽ ഒരുകാലത്ത് നിലനിന്നിരുന്ന ജീർണതകളെ തുറന്ന് കാണിക്കാൻ അദ്ദേഹത്തിന്റെ രചനകൾക്ക് കഴിഞ്ഞിട്ടുണ്ടെന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ അസി അഭിപ്രായപ്പെട്ടു. മലയാളിയുടെ വായനശീലങ്ങളെ ആഴത്തിൽ സ്വാധീനിക്കാൻ എം.ടിക്ക് കഴിഞ്ഞുവെന്ന് ചടങ്ങിൽ സംസാരിച്ച കെ. ഗോപിനാഥൻ അഭിപ്രായപ്പെട്ടു. കേരളത്തിലെ സാമൂഹിക മുന്നേറ്റങ്ങൾക്കൊപ്പം നിൽക്കാനും എം.ടി എക്കാലത്തും ശ്രദ്ധിച്ചിരുന്നുവെന്ന് അനീഷ് മണ്ണാർക്കാട് അഭിപ്രായപ്പെട്ടു.
ചടങ്ങിൽ സെക്രട്ടറി ജിജിത അനിൽകുമാർ അനുശോചന പ്രമേയം അവതരിപ്പിച്ചു. വൈസ് പ്രസിഡന്റ് നൗഫൽ പട്ടാമ്പി, മിനേഷ് രാമനുണ്ണി എന്നിവർ സംസാരിച്ചു. പ്രദീപ് തോപ്പിൽ സ്വാഗതം പറഞ്ഞ യോഗത്തിൽ സെക്രട്ടറി ഇർഫാൻ നന്ദി രേഖപ്പെടുത്തി. തുടർന്ന് എം.ടിയെക്കുറിച്ച് കേരള ഗവണ്മെന്റിന്റെ പബ്ലിക് റിലേഷൻ വിഭാഗം തയാറാക്കിയ ഡോക്യുമെന്ററിയും പ്രദർശിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

