യു.എ.ഇ ഉണ്ടാവുന്നതിനും മുേമ്പ എത്തിയ ഇസ്മാഇൗൽ ഹാജി മടങ്ങുന്നു
text_fieldsറിയാദ്: 1971 ഡിസംബർ രണ്ടിനാണ് ഗൾഫ് തീരത്തെ ഏഴു ചെറുരാജ്യങ്ങൾ ചേർന്ന് സംയുക്ത അറബ് രാഷ്ട്ര സംവിധാനം (യു.എ.ഇ) രൂപപ്പെടുന്നത്. അതിന് ഒരു വർഷം മുമ്പ് അതായത് 1970 ഡിസംബർ തുടക്കത്തിലാണ് ഇസ്മാഇൗൽ എന്ന ഭാഗ്യന്വേഷി കടൽ നീന്തി ഖോർഫുക്കാൻ തീരത്തണയുന്നത്. ബോംബെയിലെ ബസായി തീരത്തുനിന്നാണ് പത്തേമാരിയിൽ കയറിയത്. ചാവക്കാട്ടുകാരൻ ഇബ്രാഹിം പേട്ടലിേൻറതായിരുന്നു പത്തേമാരി. താനടക്കം 60 ഭാഗ്യന്വേഷികൾ. എണ്ണയുടെ നാട്ടിൽ ജീവിതം തെരഞ്ഞുപോകുന്നവരിൽ 22 പേർ മലയാളികളാണ്.
കൂട്ടത്തിൽ ഏറ്റവും ചെറുപ്പം മലപ്പുറം കൊടിഞ്ഞി സെൻട്രൽ ബസാറിലെ വീട്ടിൽ നിന്ന് ഒളിച്ചോടി വന്ന എം.പി ഇസ്മാഇൗൽ എന്ന ഇൗ 19 കാരൻ. കൗമാരം വിട്ടില്ലെങ്കിലും 18ാം വയസിൽ 13കാരിയെ ജീവിത സഖിയാക്കിയ കുടുംബ നാഥനാണ്. എന്നിട്ടും കുരുത്തക്കേടുമായി നടന്നത് കൊണ്ട് മദ്രാസിലെ ഒരു ഹോട്ടലിൽ പണിയെടുത്ത് കുടുംബം പോറ്റുന്ന ബാപ്പയുടെ അപ്രീതിക്ക് പാത്രമായതാണ് നാടുവിടാൻ പ്രേരിപ്പിച്ചത്. മണിയറയുടെ പുതുമണം മാറും മുമ്പ് പ്രിയതമയെ തനിച്ചാക്കി ബോംബെയിലേക്ക് ഒളിച്ചോടുേമ്പാൾ ഗൾഫ് സ്വപ്നത്തിലുണ്ടായിരുന്നില്ല. ബോംബെയിലെത്തി പരിചയപ്പെട്ടവരുടെയെല്ലാം നെഞ്ച് ഗൾഫ് എന്ന സ്വപ്നക്കൂടാണെന്ന് അറിഞ്ഞപ്പോഴാണ് മോഹം മുളപൊട്ടിയത്.
ബോംബെയിൽ നിന്ന് ഏഴുദിവസത്തെ യാത്രക്ക് ശേഷം ഗൾഫ് തീരത്തു നിന്ന് നൂറു വാര അകലെ പത്തേമാരി നങ്കൂരമിട്ടു. പാതിരാത്രിയിൽ കഴുത്തൊപ്പം കടൽവെള്ളത്തിൽ ഇറക്കിവിട്ടു. നീന്തി കയറിയത് ഖോർഫുക്കാൻ തീരത്ത്. രാത്രിയിലെ ആളനക്കം കേട്ട് തീരത്തെ നായകളും മറ്റും ഒച്ചയിട്ടു. അതായിരുന്നത്രെ, അറബി വണ്ടിയോട്ടക്കാരുടെ സിഗ്നൽ. അവർ വന്നു. പിറ്റേന്ന് ഉച്ചയോടെ ദുബൈയിലെത്തിച്ചു. കൈയ്യിലുള്ള ഇന്ത്യൻ രൂപയാണ് കൊടുത്തത്. യു.എ.ഇ ഉണ്ടായിട്ടില്ല അന്ന്. ആയതിനാൽ ദിർഹവുമായിട്ടില്ല. അഞ്ചുവർഷമാണ് ദുബൈയിൽ പല പല ജോലികൾ ചെയ്ത് ജീവിച്ചത്. പാസ്പോർട്ടും വിസയുമില്ലാതെയാണല്ലോ പോന്നത്. കുരുത്തംകെട്ട മകൻ ഗൾഫിൽ എത്തിയെന്ന് അറിഞ്ഞപ്പോൾ ക്ഷമിക്കാൻ തയാറായ ബാപ്പ സ്വപ്രയത്നത്താൽ പാസ്പോർട്ട് തരപ്പെടുത്തി എത്തിച്ചുകൊടുത്തു.
അഞ്ചുവർഷത്തിന് ശേഷം വിസയുമായി നാട്ടിലേക്ക് തിരിച്ചു, കപ്പലിൽ. പാസ്പോർട്ടിൽ വിസ സ്റ്റാമ്പ് ചെയ്ത് നിയമാനുസൃത യാത്രക്കാരനായി അഞ്ചുമാസത്തിന് ശേഷം എയർ ഇന്ത്യ വിമാനത്തിൽ ദുബൈയിലേക്ക് തിരികെ പറന്നു. പിന്നീട് ഒരുവർഷമേ അവിടെ നിന്നുള്ളൂ. പിന്നെ നാട്ടിൽ പോയി. കുറച്ചുകാലം അങ്ങനെ നിന്നു. പിന്നീട് ഹജ്ജ് വിസയിൽ കപ്പലിൽ ജിദ്ദയിലേക്ക്. തീർഥാടനം കഴിഞ്ഞപ്പോൾ ജോലി അന്വേഷിച്ചു. അനാക്കിഷിൽ ഡയറൂപ്പ് പെയിൻറിെൻറ ഏജൻസിയിൽ ഡ്രൈവർ ജോലി കിട്ടി.
തൊഴിൽ വിസ തരാമെന്ന വാഗ്ദാനത്തിൽ വിശ്വസിച്ച് അവസാനത്തെ ഹജ്ജ് കപ്പലിൽ തിരിച്ചുപോയി. കമ്പനി വാക്കുപാലിച്ചു. വിസ കിട്ടി. തിരികെ ജിദ്ദയിലെത്തി ദീർഘകാലം ജോലി ചെയ്തു. മടുപ്പ് തോന്നിയപ്പോൾ അവസാനിപ്പിച്ചുമടങ്ങി. പക്ഷേ നാട്ടിൽ നിൽക്കാനായില്ല. 1990ൽ റിയാദിലേക്ക് പുതിയ വിസയിൽ വിമാനം കയറി. അലിസായി എന്ന കമ്പനിയുടെ റിയാദ് കിങ് അബ്ദുല്ല റോഡിലുള്ള ഗാർഡൻ പാലസിൽ ജീവനക്കാരനായി. ഇപ്പോൾ 25 വർഷം പൂർത്തിയായി. പ്രായം 65 പിന്നിട്ടു. പലതുകൊണ്ടും ഇനി മുന്നോട്ടുപോകാൻ വയ്യ. അവസാനിപ്പിക്കാം എന്ന് സ്വന്തം നിലക്ക് എടുത്ത തീരുമാനമാണ്.
കമ്പനിയധികൃതർക്ക് താൻ പോകുന്നത് ഇഷ്ടമായിട്ടില്ല. തെൻറ തീരുമാനം ഉറച്ചതാണ് എന്ന് അറിഞ്ഞപ്പോൾ മുഴുവൻ ആനുകൂല്യങ്ങളും തന്ന്, സ്നേഹപൂർവം യാത്രയാക്കാൻ തയാറായി എന്ന് മാത്രം. ശമ്പളത്തോട് കൂടിയ രണ്ടുമാസ അവധി നൽകി. സൗദിയിൽ ഇഷ്ടമുള്ള ഇടങ്ങളിൽ എല്ലാം സഞ്ചരിക്കാനും ബന്ധുമിത്രാദികളെ സന്ദർശിക്കാനുമായി. അതെല്ലാം കഴിഞ്ഞു. ഇൗ മാസം 17ന് ജെറ്റ് എയർവേയ്സ് വിമാനത്തിൽ കോഴിക്കോേട്ടക്ക് പറക്കും, അരനൂറ്റാണ്ടിലേക്ക് എത്തിക്കൊണ്ടിരിക്കുന്ന പ്രവാസത്തിന് പൂർണ വിരാമം കുറിച്ച്. ഭാര്യ ബി കുട്ടി അഞ്ചുവർഷം മുമ്പ് മരിച്ചു. ശേഷം ജീവിതത്തിൽ ഒരു മൂകത അനുഭവപ്പെട്ടപ്പോൾ മക്കളുടെ അനുവാദത്തോടെ മറ്റൊരു വിവാഹം കഴിച്ചു. സീനത്താണ് രണ്ടാം ഭാര്യ. നാലു പെൺമക്കളാണ്. പർവീന, സൗദാബി, ഷഖീല, ഷാദിയ. എല്ലാവരും വിവാഹിതരായി കുടുംബിനികളായി സുഖമായി കഴിയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
