മൗഖിഫ്; പാർക്കിങ് ഫീ അടക്കാനും പിഴ പരിശോധിക്കാനും പുതിയ ആപ്
text_fieldsഷാർജ: എമിറേറ്റിലെ പാർക്കിങ് നടപടികൾ തടസ്സരഹിതമാക്കുന്നതിന് ഷാർജ സിറ്റി മുനിസിപ്പാലിറ്റി പുതിയ ഡിജിറ്റൽ ആപ്ലിക്കേഷൻ പുറത്തിറക്കി. ‘മൗഖിഫ്’ എന്ന പേരിലാണ് പുതിയ ആപ് പുറത്തിറക്കിയത്. പാർക്കിങ് ഫീസുകൾ അടക്കുന്നതിനും പിഴകൾ പരിശോധിക്കാനും ആപ് വഴി സാധിക്കും. പ്രമുഖ ആപ് സ്റ്റോറുകളിൽ നിന്ന് ‘മൗഖിഫ്’ ഡൗൺലോഡ് ചെയ്യാം. വേഗതയേറിയതും കൂടുതൽ കൃത്യവുമായ സേവനങ്ങൾ വാഗ്ദാനം ചെയ്യുന്നതിലൂടെ എമിറേറ്റിലുടനീളമുള്ള പൊതു പാർക്കിങ് സൗകര്യങ്ങൾ ഉപയോഗിക്കാൻ ഡ്രൈവർമാർക്ക് സൗകര്യപ്രദമായ ഓപ്ഷനുകൾ നൽകുകയാണ് ലക്ഷ്യമെന്ന് ഷാർജ സിറ്റി മുനിസിപ്പാലിറ്റിയിലെ പൊതുപാർക്കിങ് മാനേജ്മെന്റ് ഡയറക്ടർ ഹമദ് അൽ ഖാഇദ് അറിയിച്ചു.
ആപ് ഉപയോഗിച്ച് ഏത് സമയത്തും എപ്പോൾ വേണമെങ്കിൽ എമിറേറ്റിലെ പാർക്കിങ് പെർമിറ്റ് നേടാനാവും. കൂടാതെ പണമടക്കാനും സബ്ക്രിബ്ഷൻ എടുക്കുന്നതിനും പുതുക്കുന്നതിനും അതോടൊപ്പം ലഭ്യമായ പാർക്കിങ് സ്ഥലങ്ങളെ കുറിച്ചറിയാനും ആപ് വഴി സാധിക്കും. പാർക്കിങ് പിഴ അടക്കുന്നതിനും അതിന്റെ സ്റ്റാറ്റസ് അറിയുന്നതിനും ആപ് സഹായകമാണ്. ആപ് വഴി മുൻകൂറായി പണമടച്ചാൽ തടസ്സരഹിതമായ പാർക്കിങ് ഉപയോഗപ്പെടുത്താനും കഴിയും. ആപ്പിൾ പേ, സാംസങ് പേ തുടങ്ങിയ പേയ്മെന്റ് പ്ലാറ്റ്ഫോമുകളും ഇ-വാലറ്റുകളും ഉപയോഗിച്ച് പാർക്കിങ് ഫീസ് ആപ്പിലൂടെ അടക്കാം.
പൊതു പാർക്കിങ് സേവനങ്ങൾ പൂർണമായും ഡിജിറ്റൽവത്കരിക്കാനുള്ള ഷാർജയുടെ സുപ്രധാനമായ കാൽവെപ്പാണ് പുതിയ ഡിജിറ്റൽ ആപ്ലിക്കേഷൻ എന്നും ഹമദ് അൽ ഖാഇദ് പറഞ്ഞു. ഓട്ടോമാറ്റഡ് സംവിധാനങ്ങളിലൂടെ പ്രവർത്തിക്കുന്ന സ്മാർക്ക് പാർക്കിങ് ഇടങ്ങൾ, ഡിജിറ്റൽ സ്കാനിങ് വാഹനങ്ങൾ ഉപയോഗിച്ചുള്ള എ.ഐ അധിഷ്ഠിത പരിശോധനകൾ, സ്മാർട്ട് പേയ്മെന്റ് മെഷീനുകൾ എന്നിവ ഉൾപ്പെടെ നൂതനാശയങ്ങൾ അടുത്തിടെ ഷാർജയിൽ നടപ്പിലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

