ദുബൈയിൽ തൊഴിലാളി ക്ഷേമം കൂടുതൽ ഡിജിറ്റൽ; ധാരണാപത്രത്തിൽ ഒപ്പുവെച്ചു
text_fieldsദുബൈ: ദുബൈയിലെ ഇന്ത്യക്കാരുൾപ്പെടെയുള്ള വിദേശ തൊഴിലാളികൾക്കായി നടപ്പാക്കുന്ന ക്ഷേമപദ്ധതികളും ബോധവൽക്കരണ പരിപാടികളും ഇനി കൂടുതൽ ഡിജിറ്റലാകുന്നു. തൊഴിലാളികൾക്കുള്ള സേവനങ്ങൾ വെർച്വൽ പ്ലാറ്റ്‌ഫോമുകളിലൂടെ കൂടുതൽ വേഗത്തിലും എളുപ്പത്തിലും ലഭ്യമാക്കുന്നതിനായി യു.എ.ഇ ആസ്ഥാനമായുള്ള ‘അഡ്വാന്‍റേജ് ടെക്‌നോളജി’യുമായി ദുബൈ ജി.ഡി.ആർ.എഫ്.എ ധാരണാപത്രം ഒപ്പുവെച്ചു. ദുബൈ ജി.ഡി.ആർ.എഫ്.എ ലേബർ റിലേഷൻസ് റെഗുലേഷൻ സെക്ടർ അസി. ഡയറക്ടർ ജനറൽ കേണൽ ഉമർ മത്തർ അൽ മസീനയും അഡ്വാന്‍റേജ് ടെക്‌നോളജി ഉടമ ഫൈസൽ അബ്ദുൽ അസീസ് അബ്ദുല്ല അൽ സറൂനിയുമാണ് കരാറിൽ ഒപ്പുവെച്ചത്. ദുബൈയുടെ ഡിജിറ്റൽ പരിവർത്തനത്തിന് കരുത്തുപകരുന്നതിനും സ്വകാര്യ മേഖലയുമായുള്ള സഹകരണം ശക്തമാക്കി സർക്കാർ സേവനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് പുതിയ ചുവടുവെപ്പ്.
‘പ്ലാറ്റ്‌ഫോം ആസ് എ സർവീസ്' മാതൃകയിലൂടെ തൊഴിലാളി കേന്ദ്രീകൃത പദ്ധതികൾക്ക് മികച്ച സാങ്കേതിക പിന്തുണ നൽകാനാണ് പുതിയ കരാറിലൂടെ ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി തൊഴിലാളികൾക്കുള്ള പരിശീലന പരിപാടികൾ, ബോധവൽക്കരണ ക്യാമ്പുകൾ, ആശയവിനിമയങ്ങൾ, മറ്റ് സേവനങ്ങൾ എന്നിവ സുഗമമാക്കുന്നതിനായി പ്രത്യേക ഡിജിറ്റൽ പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇരു സ്ഥാപനങ്ങളും തമ്മിൽ അറിവുകളും മികച്ച പ്രവർത്തന രീതികളും കൈമാറും. തൊഴിലാളികളുടെ നൈപുണ്യ വികസനത്തിനും ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി പ്രത്യേക പദ്ധതികൾ ആവിഷ്‌കരിക്കും.
സർക്കാർ സംവിധാനങ്ങളുടെ കാര്യക്ഷമതയും ഭാവി സജ്ജീകരണങ്ങളും വർധിപ്പിക്കുന്നതിൽ സ്വകാര്യ മേഖലയുമായുള്ള പങ്കാളിത്തത്തിന് വലിയ സ്ഥാനമുണ്ടെന്ന് കേണൽ ഉമർ മത്തർ അൽ മസീന വ്യക്തമാക്കി. എ.ഐ, നൂതന സാങ്കേതികവിദ്യകൾ, ഡിജിറ്റൽ നവീകരണം എന്നിവയിൽ പ്രത്യേക വൈദഗ്ധ്യമുള്ള സ്ഥാപനമാണ് അഡ്വാന്‍റേജ് ടെക്‌നോളജി. തൊഴിലാളികളുടെ ശാക്തീകരണം ഉറപ്പാക്കാനും സാങ്കേതികവിദ്യകളുടെ സഹായത്തോടെ സർക്കാർ സേവനങ്ങൾ കൂടുതൽ ചടുലമായി ജനങ്ങളിലേക്ക് എത്തിക്കാനുമുള്ള ജി.ഡി.ആർ.എഫ്.എയുടെ പ്രതിബദ്ധതയുടെ സാക്ഷാത്കാരം കൂടിയാണ് ഈ ധാരണാപത്രം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

