ഫുജൈറയിൽ വാഹനാപകടം: മോട്ടോർ സൈക്ലിസ്റ്റ് മരിച്ചു
text_fieldsഫുജൈറ: ഞായറാഴ്ച ഫുജൈറയിലുണ്ടായ വാഹനാപകടത്തിൽ മോട്ടോർ സൈക്ലിസ്റ്റ് മരിച്ചു. ഇമാറാത്തിയായ 31കാരനാണ് മരിച്ചതെന്ന് ഫുജൈറ പൊലീസ് സ്ഥിരീകരിച്ചു. ഞായറാഴ്ച രാവിലെ അൽ മുസല്ലാത്ത് ബീറ്റ് സ്ട്രീറ്റിലായിരുന്നു അപകടം. മോട്ടോർ സൈക്കിൾ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. സംഭവത്തിൽ നിയമനടപടികൾ സ്വീകരിച്ച ഫുജൈറ പൊലീസ് കൂടുതൽ അന്വേഷണത്തിനായി കേസ് ട്രാഫിക് പ്രോസിക്യൂഷന് കൈമാറി.
കഴിഞ്ഞ തിങ്കളാഴ്ച എമിറേറ്റിലുണ്ടായ മറ്റൊരു അപകടത്തിൽ മൂന്നു ഇമാറാത്തി കുട്ടികൾ മരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വാഹനാപകടം സംഭവിക്കുന്നത്. തിങ്കളാഴ്ച വാദി അൽ ഹിലോയിലുണ്ടായ അപകടത്തിൽ മരിച്ച മൂന്നു കുട്ടികളും ഒരു കുടുംബത്തിലുള്ളവരായിരുന്നു. 13 കാരനായിരുന്നു വാഹനം ഓടിച്ചിരുന്നത്.

