കാർ ട്രക്കിലിടിച്ച് മാതാവും കുഞ്ഞും മരിച്ചു
text_fieldsഅപകടത്തിൽ തകർന്ന കാർ
ഫുജൈറ: ഫുജൈറ-ഖോർഫക്കാൻ റോഡിൽ കുടുംബം സഞ്ചരിച്ചിരുന്ന വാഹനം നിയന്ത്രണം വിട്ട്, പാർക്ക് ചെയ്തിരുന്ന ട്രക്കിലിടിച്ച് എമിറാത്തി വനിതയും ഒമ്പത് മാസം പ്രായമുള്ള മകളും മരിച്ചു. അപകടത്തിൽ യുവതിയുടെ ഭർത്താവിനും മൂന്ന് വയസ്സുള്ള മകൾക്കും പരിക്കേറ്റു. ഭർത്താവിന്‍റെ പരിക്ക് ഗുരുതരമാണ്. ‘ഫൂസ് പെട്രോളിയം’ പ്രദേശത്ത് വ്യാഴാഴ്ച ഉച്ച 12 മണിയോടെയായിരുന്നു ദാരുണമായ അപകടം. വാഹനം പെട്ടെന്ന് പാതയിൽ നിന്ന് മാറി റോഡരികിൽ നിർത്തിയിട്ടിരുന്ന ട്രക്കിലേക്ക് ഇടിച്ചു കയറുകയായിരുന്നുവെന്നാണ് പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞതെന്ന് ഫുജൈറ പൊലീസ് ട്രാഫിക് ആൻഡ് പട്രോൾസ് ഡിപാർട്മെന്റ് ഡയറക്ടർ ബ്രിഗേഡിയർ സാലിഹ് മുഹമ്മദ് അബ്ദുല്ല അൽ ദൻഹാനി പറഞ്ഞു.
അപകടത്തിൽ 28 വയസ്സുള്ള ഉമ്മയും ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞുമാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഭർത്താവിനെയും മൂന്ന് വയസ്സുള്ള മകളെയും വിവരം ലഭിച്ചയുടൻ സംഭവസ്ഥലത്തെത്തിയ പൊലീസ് പട്രോൾ സംഘവും എമർജൻസി വിഭാഗവും ചേർന്ന് ഫുജൈറയിലെ ശൈഖ് ഖലീഫ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ട്രാഫിക് വിഭാഗത്തിലെ വിദഗ്ധർ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വാഹനം ഓടിക്കുന്നതിനിടയിൽ ഡ്രൈവറുടെ ശ്രദ്ധ തിരിഞ്ഞതാകാം പെട്ടെന്ന് നിയന്ത്രണം നഷ്ടപ്പെട്ട് ഇടിക്കാൻ ഇടയാക്കിയതെന്നാണ് പ്രാഥമിക കണ്ടെത്തലുകൾ സൂചിപ്പിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. വാഹനം ഓടിക്കുമ്പോൾ ഡ്രൈവർമാർ പൂർണ ശ്രദ്ധ പുലർത്തണമെന്നും, മൊബൈൽ ഫോണുകളുടെ ഉപയോഗം പോലുള്ള ശ്രദ്ധ തിരിക്കുന്ന കാര്യങ്ങൾ ഒഴിവാക്കണമെന്നും അൽ ദൻഹാനി അഭ്യർഥിച്ചു. ഒരു നിമിഷത്തെ ശ്രദ്ധക്കുറവ് പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.
എമിറേറ്റിലുടനീളമുള്ള റോഡുകളിൽ വലിയ വാഹനങ്ങളുടെയും ട്രക്കുകളുടെയും നിരന്തര സഞ്ചാരമുണ്ട്. ഇവയിൽ ചിലത് റോഡരികിലോ ട്രാഫിക്കിന് സമീപത്തോ ദീർഘനേരം നിർത്തിയിടാറുമുണ്ട്. അതിനാൽ എപ്പോഴും ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വേഗ പരിധി പാലിക്കാനും ട്രക്കുകളുടെയും നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങളുടെയും അടുത്തെത്തുമ്പോൾ വേഗത കുറക്കാനും അദ്ദേഹം ഡ്രൈവർമാരോട് ആവശ്യപ്പെട്ടു.
ആവശ്യമുള്ളപ്പോൾ സുരക്ഷിതമായി വാഹനം നിർത്താനോ വരി മാറാനോ സാധിക്കുന്ന തരത്തിൽ അനിവാര്യമായ അകലം പാലിക്കണം. ഓവർടേക്ക് ചെയ്യുന്നതിന് മുൻപ് ട്രാക്കിൽ തടസ്സങ്ങളില്ലെന്ന് ഉറപ്പുവരുത്തുകയും പെട്ടെന്ന് വരി മാറുന്നത് ഒഴിവാക്കുകയും വേണം. റോഡ് സൂചനകളും മുന്നറിയിപ്പ് ബോർഡുകളും പാലിക്കേണ്ടത് അത്യാശവ്യമാണ്. സാഹചര്യങ്ങൾക്ക് അനുസരിച്ച് വേഗത ക്രമീകരിക്കാനും എപ്പോഴും സുരക്ഷിതമായ ഡ്രൈവിങ് രീതികൾ പിന്തുടരാനും അൽ ദൻഹാനി ഡ്രൈവർമാരോട് അഭ്യർഥിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

