ഗ്രീൻപാസും മാസ്കും ഇനിവേണ്ട; യു.എ.ഇയിൽ ഒട്ടുമിക്ക കോവിഡ് നിയന്ത്രണങ്ങളും പിൻവലിച്ചു
text_fieldsഅബൂദബി: രണ്ടരവർഷമായി നിലവിലുള്ള ഒട്ടുമിക്ക കോവിഡ് നിയന്ത്രണങ്ങളും ഒഴിവാക്കിയതായി പ്രഖ്യാപിച്ച് അധികൃതർ. തിങ്കളാഴ്ച രാവിലെ ആറു മുതലാണ് പുതിയ ഇളവുകൾ നിലവിൽവരുകയെന്ന് ദേശീയ അടിയന്തര ദുരന്തനിവാരണ സമിതി (എൻ.സി.ഇ.എം.എ) വക്താവ് വാർത്തസമ്മേളനത്തിൽ അറിയിച്ചു.
രാജ്യത്തെ പകർച്ചവ്യാധി സാഹചര്യം വിലയിരുത്തിയശേഷമാണ് സുപ്രധാന തീരുമാനം പ്രഖ്യാപിച്ചിട്ടുള്ളത്. പൊതുസ്ഥലങ്ങളിലേക്കും പരിപാടികളിലും പ്രവേശിക്കുന്നതിന് അൽ ഹുസ്ൻ ഗ്രീൻ പാസ് ആവശ്യമില്ലെന്നതാണ് പ്രധാന പ്രഖ്യാപനം. നിലവിൽ അബൂദബി എമിറേറ്റിൽ അടച്ചിട്ട സ്ഥലങ്ങളിലും ചടങ്ങുകളിലും പ്രവേശിക്കുന്നതിന് ഗ്രീൻ പാസ് നിലവിലുണ്ട്.
പുതിയ തീരുമാനം വന്നതോടെ ഈ നിബന്ധന ഒഴിവാകും. മാസ്ക് ധരിക്കുന്നതിലും ഇളവ് അനുവദിച്ചിട്ടുണ്ട്. നിലവിൽ പൊതുഗതാഗത സംവിധാനങ്ങളിലും മറ്റും മാസ്ക് നിർബന്ധമായിരുന്നു. എന്നാൽ, പുതിയ അറിയിപ്പനുസരിച്ച് ആരോഗ്യകേന്ദ്രങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിലും മാത്രമാണ് മാസ്ക് ധരിക്കേണ്ടത്. ആരാധനാലയങ്ങളിലും ഇനി മാസ്ക് ആവശ്യമില്ല. അതേസമയം, കോവിഡ് ബാധിച്ചവർ അഞ്ചുദിവസം ഐസൊലേഷനിൽ കഴിയണമെന്ന നിബന്ധനക്ക് മാറ്റമില്ലെന്ന് എൻ.സി.ഇ.എം.എ വക്താവ് ഡോ. സൈഫ് അൽ ദാഹിരി പറഞ്ഞു. കഴിഞ്ഞ മൂന്ന് വർഷമായി ആരോഗ്യവും സുരക്ഷയും ഉറപ്പാക്കാൻ എല്ലാവരും ഒരുമിച്ചുപ്രവർത്തിക്കുകയായിരുന്നെന്നും അതിന്റെ ഫലമാണ് ഇന്ന് കാണാനാകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സെപ്റ്റംബർ അവസാന വാരത്തിൽ എൻ.സി.ഇ.എം.എ ദിവസേന കോവിഡ് കേസുകളുടെ എണ്ണം അറിയിക്കുന്നത് അവസാനിപ്പിച്ചിരുന്നു. കോവിഡ് കാലത്തിന് തിരശ്ശീല വീഴുന്നതിന്റെ സൂചനയാണ് പുതിയ തീരുമാനമെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രധാന പ്രഖ്യാപനങ്ങൾ
• അൽ ഹുസ്ൻ ആപ് വാക്സിനേഷൻ പൂർത്തീകരിച്ചത് തെളിയിക്കാൻ മാത്രമാണ് ഉപയോഗിക്കുക. പൊതുസ്ഥലങ്ങളിൽ പ്രവേശിക്കുന്നതിന് ആപ്പിൽ ഗ്രീൻ പാസ് കാണിക്കേണ്ടതില്ല
• തുറന്നതും അടച്ചിട്ടതുമായ ഒരുസ്ഥലത്തും മാസ്ക് നിർബന്ധമില്ല. ആരോഗ്യകേന്ദ്രങ്ങളിലും ഭിന്നശേഷിക്കാർക്കുള്ള സ്ഥാപനങ്ങളിലും മാത്രമാണ് മാസ്ക് ധരിക്കേണ്ടത്.
• പി.സി.ആർ പരിശോധനകേന്ദ്രങ്ങളും കോവിഡ് ചികിത്സാസൗകര്യങ്ങളും സാധാരണപോലെ പ്രവർത്തനം തുടരും.
• ആരാധനാലയങ്ങളിൽ നമസ്കാരപ്പായ കൊണ്ടുവരുന്നത് നിർബന്ധമില്ല. മാസ്കും ആവശ്യമില്ല.
• കായികപരിപാടികളും മറ്റും സംഘടിപ്പിക്കുന്നവർക്ക് വാക്സിനേഷൻ സർട്ടിഫിക്കറ്റോ മുൻകൂർ പരിശോധനാ ഫലമോ പരിപാടികളുടെ സ്വഭാവമനുസരിച്ച് ആവശ്യപ്പെടാം
• കോവിഡ് ബാധിച്ചവർ അഞ്ചുദിവസം ഐസൊലേഷനിൽ കഴിയണം എന്ന നിബന്ധന നിലനിൽക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

