വർണവെളിച്ചത്തിൽ തിളങ്ങി ദുബൈയിലെ പള്ളികൾ
text_fieldsറമദാൻ കാമ്പയിന്റെ ഭാഗമായി അലങ്കരിച്ച പള്ളി
ദുബൈ: റമദാൻ മാസത്തിന്റെ ആത്മീയാഘോഷത്തെ അടയാളപ്പെടുത്തി ദുബൈയിലെ പ്രധാന നാല് പള്ളികൾ വർണവെളിച്ചങ്ങളാൽ അലങ്കരിച്ചു. ജുമൈറ ഗ്രാൻഡ് മോസ്ക്, അൽ ഖവാനീജ് മോസ്ക്, ശൈഖ് റാശിദ് ബിൻ മുഹമ്മദ് മോസ്ക്, സഅബീൽ ഗ്രാൻഡ് മോസ്ക് എന്നിവയാണ് റമദാൻ കാമ്പയിന്റെ ഭാഗമായി മനോഹരമായി തിളങ്ങുന്നത്.
രാത്രികളിൽ പള്ളികളിലെത്തുന്നവർക്കും മറ്റുള്ളവർക്കും കൗതുകമുണർത്തുന്ന കാഴ്ചയാണിത്. പുണ്യമാസത്തിൽ എമിറേറ്റിന്റെ സാംസ്കാരിക പൈതൃകത്തെ ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് അലങ്കാരം രൂപകൽപന ചെയ്തത്. കല, സാങ്കേതികവിദ്യ, സാംസ്കാരിക പ്രകടനങ്ങൾ എന്നിവ സംയോജിപ്പിച്ച് സമൂഹത്തിന് മികച്ച നഗരാനുഭവം പകരുകയെന്ന ദുബൈയുടെ കാഴ്ചപ്പാടിന് അനുസൃതമായാണ് പദ്ധതി രൂപപ്പെടുത്തിയതെന്ന് ദുബൈ മീഡിയ ഓഫിസിന്റെ സർഗാത്മക വിഭാഗമായ ബ്രാൻഡ് ദുബൈയുടെ ഡയറക്ടർ ശൈമ അൽ സുവൈദി പറഞ്ഞു. ‘അൻവാർ ദുബൈ’ എന്ന തലക്കെട്ടിലാണ് പദ്ധതി നടപ്പാക്കുന്നത്. മതപരവും ദേശീയവുമായ ആഘോഷാവസരങ്ങൾ നൂതന രീതിയിൽ ആഘോഷിക്കുന്നതിനും എമിറേറ്റിന്റെ സൗന്ദര്യാത്മക അന്തരീക്ഷം സമ്പന്നമാക്കുന്നതിനുമാണ് പദ്ധതി രൂപകൽപന ചെയ്തതെന്ന് അധികൃതർ വ്യക്തമാക്കി. ദുബൈയുടെ സാംസ്കാരികവും ഇസ്ലാമികവുമായ സ്വത്വത്തെ ആധുനിക രൂപത്തിൽ അവതരിപ്പിക്കുന്നതിനായി നൂതന ലൈറ്റിങ് സാങ്കേതികവിദ്യയും ദൃശ്യ കലയും സംയോജിപ്പിക്കുന്നതാണ് സംരംഭമെന്ന് ‘റമദാൻ ഇൻ ദുബൈ’ കാമ്പയിൻ സംഘാടക സമിതി അംഗം മഹ്റ അൽ യൂഹ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

