അഞ്ചര ലക്ഷത്തിലധികം പുതിയ ഡ്രൈവർമാർ കൂടി നിരത്തിലേക്ക്
text_fieldsദുബൈ: യു.എ.ഇയിൽ പോയ വർഷം പുതുതായി ഡ്രൈവിങ് ലൈസൻസ് നേടിയത് അഞ്ചര ലക്ഷത്തിലധികം പേർ. ആഭ്യന്തര മന്ത്രാലയത്തിന്‍റെ കണക്കുകൾ അനുസരിച്ച് 2025ൽ 5,58,191 പേരാണ് ലൈസൻസ് നേടിയത്. തൊട്ടു മുമ്പുള്ള വർഷത്തെ അപേക്ഷിച്ച് 10.7 ശതമാനമാണ് വർധന. 2024ൽ ഡ്രൈവിങ് ലൈസൻസ് ലഭിച്ചത് 5,04,377 പേർക്കാണ്. സ്ത്രീകളേക്കാൾ ലൈസൻസ് നേടിയവരിൽ മുന്നിലുള്ളത് പുരുഷൻമാരാണ്. 4,43,988 ലൈസൻസുകളാണ് പുരുഷൻമാർക്ക് ലഭിച്ചത്. 2024ൽ ഇത് 3,96,371 ആയിരുന്നു.
2025ൽ 12 ശതമാനമാണ് വർധന. കഴിഞ്ഞ വർഷം ആകെ അനുവദിച്ച ലൈസൻസുകളിൽ 79.5 ശതമാനവും നേടിയത് പുരുഷൻമാരാണ്. 2024ൽ ഇത് 78.6 ശതമാനമായിരുന്നുവെന്നും കണക്കുകൾ വ്യക്തമാക്കുന്നു. അതേസമയം, ലൈസൻസ് ലഭിക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വർധനവ് പ്രകടമാണ്. 2025ൽ 1,14,203 സ്ത്രീകൾക്ക് ഡ്രൈവിങ് ലൈസൻസ് ലഭിച്ചു. തൊട്ടു മുമ്പുള്ള വർഷം ഇത് 1,08,006 ആയിരുന്നു.5.7 ശതമാനം വർധനവാണ് രേഖപ്പെടുത്തിയത്. അതായത് മൊത്തം അനുവദിച്ച ലൈസൻസിൽ 20.5 ശതമാനമാണ് സ്ത്രീകളുടെ പങ്ക്.
യു.എ.ഇയിൽ തുടരുന്ന ജനസംഖ്യ വളർച്ച, സാമ്പത്തിക വികാസം, പ്രവാസികൾക്കും പ്രഫഷനലുകൾക്കും ഒരു ആഗോള കേന്ദ്രമെന്ന നിലയിൽ നിലനിൽക്കുന്ന ആകർഷണീയത എന്നിവയുടെ സൂചനയാണ് ലൈസൻസുകളിലെ ഇരട്ട അക്ക വളർച്ച നൽകുന്നതെന്ന് അധികൃതർ വിലയിരുത്തി.
യു.എ.ഇയിൽ ഓരോ വർഷവും ലക്ഷക്കണക്കിന് പേരാണ് ഡ്രൈവിങ് ലൈസൻസ് നേടുന്നത്. വളർച്ചയുടെ ഈ വേഗതക്ക് അനുസരിച്ചുള്ള അടിസ്ഥാന സൗകര്യ വികസനവും അതിവേഗത്തിൽ പുരോഗമിക്കുകയാണ്. അബൂദബി, ദുബൈ, ഷാർജ തുടങ്ങിയ അഞ്ച് എമിറേറ്റുകളെ ബന്ധിപ്പിച്ച് 120 കിലോമീറ്റർ നീളത്തിൽ 12 ലൈനുകളുള്ള നാലാം ഫെഡറൽ കോറിഡോറിന്റെ നിർമാണം അതിവേഗം പുരോഗമിക്കുകയാണ്.
600 കോടി ദിർഹമാണ് ഇതിന്‍റെ ചെലവ്. പദ്ധതി പൂർത്തിയാകുന്നതോടെ ഫെഡറൽ റോഡുകളുടെ കാര്യക്ഷമത 73 ശതമാനം വർധിക്കുകയും പ്രതിദിനം കടന്നുപോകാൻ കഴിയുന്ന വാഹനങ്ങളുടെ എണ്ണം 3.6 ലക്ഷമാവുകയും ചെയ്യും. ദുബൈയിൽ റോഡ് ഗതാഗത അതോറിറ്റി ആരംഭിച്ച 72 അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ 2027 അവസാനത്തോടെ പൂർത്തിയാകും.
226 കിലോമീറ്റ നീളം വരുന്ന പദ്ധതിയിൽ 115 പാലങ്ങളും തുരങ്ക പാതകളും ഉൾപ്പെടും. ഇത് കൂടാതെ 2005 കോടി ദിർഹം ചെലവ് വരുന്ന മെട്രോ ബ്ലൂലൈൻ 2029ലും ഏതാണ്ട് ഒമ്പത് ശതകോടി ഡോളർ ചെലവ് വരുന്ന ഗോൾഡ് ലൈൻ പദ്ധതി 2032ലും പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

