ശ്രദ്ധേയമായി ഫുജൈറ റൺ 5000ത്തിലധികം പേർ പങ്കെടുത്തു
text_fieldsഫുജൈറ റണ്ണിൽ നിന്ന്
ഫുജൈറ: ഫുജൈറ കിരീടാവകാശി ശൈഖ് മുഹമ്മദ് ബിന്‍ ഹമദ് അൽ ശർഖിയുടെ രക്ഷാകർതൃത്വത്തിൽ നടന്ന ഫുജൈറ റൺ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. കായികപരമായ സാമൂഹിക സംസ്കാരത്തെ ഊട്ടിയുറപ്പിക്കുകയും സമൂഹത്തിലെ വ്യക്തികളെ ആരോഗ്യകരവും സമതുലിതവുമായ ജീവിതശൈലിയിലേക്ക് പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതിൽ ഇത്തരം പരിപാടികളുടെ പ്രാധാന്യം ശൈഖ് മുഹമ്മദ് ബിൻ അൽ ശർഖി ഊന്നിപറഞ്ഞു.
ഫുജൈറ ദേശീയ റണ്ണിന്റെ ഒമ്പതാം പതിപ്പിന്റെ ഭാഗമായ സമ്മാനവിതരണചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. യു.എ.ഇയുടെ വിവിധ എമിറേറ്റുകളിൽ നിന്നുള്ള 5000ലധികം മത്സരാർഥികൾ ശനിയാഴ്ച ശൈഖ് സായിദ് ഗ്രാൻഡ് മോസ്കിന് സമീപമുള്ള ഫുജൈറ ഫെസ്റ്റിവൽ സ്ക്വയറിൽ നടന്ന റണ്ണിൽ പങ്കെടുത്തിരുന്നു. ഈ പരിപാടിയെ വിജയകരമാക്കുന്നതിലും മത്സരാർഥികളെ ആകർഷിക്കുന്നതിലും സംഘാടകസമിതിയുടെ പങ്കിനെ അദ്ദേഹം പ്രത്യേകം പ്രശംസിച്ചു. വിവിധ പ്രായവിഭാഗങ്ങളിലുള്ള വ്യക്തികളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് സുപ്രീം കൗൺസിൽ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിൻ മുഹമ്മദ് അൽ ശർഖി നൽകുന്ന പിന്തുണയും നിരീക്ഷണവും അദ്ദേഹം പ്രത്യേകം പരാമർശിച്ചു. 3 കിമീ, 5 കിമീ, 10 കിമീ, 11 കിമീ എന്നീ വിഭാഗങ്ങളിൽ ആയിരുന്നു കൂട്ടയോട്ടം.
സ്ത്രീകളും കുട്ടികളും പ്രായംചെന്നവരുമെല്ലാം മത്സരത്തിൽ പങ്കെടുത്തു. സമൂഹത്തിലെ ആളുകള്‍ക്കിടയിൽ ആരോഗ്യകരവും സുസ്ഥിരവുമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ദൈനംദിനജീവിതത്തിൽ ശാരീരിക ആരോഗ്യത്തെക്കുറിച്ച് അവബോധം വളർത്തുന്നതിനും ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടാണ് ഫുജൈറ റണ്‍ സംഘടിപ്പിക്കുന്നതെന്ന് സംഘാടകര്‍ അറിയിച്ചു. ഫുജൈറ കിരീടാവകാശിയുടെ ഓഫീസ് ഡയറക്ടർ ഡോ. അഹ്മദ് ഹംദാൻ അൽ സയൂദി, ഫുജൈറ നാഷനൽ ബാങ്ക് ഡയറക്ടർ ഷെരീഫ് റഫീ എന്നിവരും സമ്മാനദാന ചടങ്ങിൽ സന്നിഹിതരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

