രാജ്യത്ത് ‘നീറ്റ്’ എഴുതിയത് 2000ത്തിലധികം വിദ്യാർഥികൾ
text_fieldsനീറ്റ് പരീക്ഷ കേന്ദ്രമായ ഷാർജ ഇന്ത്യൻ സ്കൂൾ പരിസരത്ത് എത്തിയ വിദ്യാർഥികളും രക്ഷിതാക്കളും
അബൂദബി: മെഡിക്കൽ, അനുബന്ധ കോഴ്സുകളിലേക്കുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റിൽ (നാഷനൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജ്വേറ്റ്) യു.എ.ഇയിൽ നിന്നും 2077 വിദ്യാർഥികൾ പങ്കെടുത്തു. അബൂദബിയിലെ പരീക്ഷ കേന്ദ്രത്തിൽ 528 പേരും ദുബൈയിലെ രണ്ടു കേന്ദ്രങ്ങളിലായി 816ഉം ഷാർജയിലെ പരീക്ഷ കേന്ദ്രത്തിൽ 733ഉം വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്.
ഷാർജയിൽ ഇന്ത്യ അസോസിയേഷൻ സ്കൂളിലായിരുന്നു പരീക്ഷ കേന്ദ്രം. ഞായറാഴ്ച ഉച്ചക്ക് 12.30ന് പരീക്ഷ ആരംഭിച്ച് 3.30 ന് അവസാനിച്ചു. സയൻസ് വിഷയത്തിൽ നടന്ന നീറ്റ് പരീക്ഷയിൽ ഭൗതിക ശാസ്ത്രമാണ് ഭൂരിഭാഗം വിദ്യാർഥികളും പ്രയാസമേറിയതായി അഭിപ്രായപ്പെട്ടത്. രാവിലെ 9.30ന് പരീക്ഷാർഥികൾ അതത് കേന്ദ്രങ്ങളിലെത്തിയിരുന്നു. പരീക്ഷയുടെ ഭാഗമായി കൃത്യമായ പരിശോധനക്ക് ശേഷമായിരുന്നു വിദ്യാർഥികളെ പരീക്ഷാകേന്ദ്രങ്ങളിലേക്ക് കടത്തിവിട്ടത്.
ഈ വർഷം 22.7 ലക്ഷം വിദ്യാർഥികളാണ് നീറ്റ് എഴുതുന്നത്. യു.എ.ഇ കൂടാതെ ഇന്ത്യക്ക് പുറത്ത് ഖത്തർ, കുവൈത്ത്, ബഹ്റൈൻ, മസ്കത്ത്, റിയാദ് എന്നീ ഗൾഫ് രാജ്യങ്ങളിലും ദേശീയ പരീക്ഷ ഏജൻസി (എൻ.ടി.എ) പരീക്ഷ കേന്ദ്രങ്ങൾ അനുവദിച്ചിരുന്നു. ദുബൈയിൽ നടന്ന കീം പരീക്ഷ സാങ്കേതിക കാരണങ്ങളാൽ വൈകിയതിന്റെ പശ്ചാത്തലത്തിൽ കൂടുതൽ മുൻകരുതലോടെയാണ് നീറ്റ് പരീക്ഷ അരങ്ങേറിയത്. ഓരോ സെന്ററുകൾക്ക് മുമ്പിലും രക്ഷിതാക്കളുടെ നീണ്ട നിര തന്നെ പ്രകടമായിരുന്നു. എൻ.ടി.എയുടെ മാനദണ്ഡങ്ങൾ അനുസരിച്ച് കൃത്യമായ നിരീക്ഷണത്തോടെയാണ് പരീക്ഷ കുറ്റമറ്റ രീതിയിൽ സംഘടിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

