കൂടുതൽ ഔട്ലെറ്റുകളിൽ 'നോൾ കാർഡ്' സ്വീകരിക്കും
text_fieldsദുബൈ: കൂടുതൽ ചെറുകിട ഔട്ട്ലെറ്റുകളിലും സേവനങ്ങൾക്കും 'നോൾ കാർഡ്' സ്വീകരിക്കുന്നതിന് നടപടിയുമായി റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ). 'വൺ പ്രിപേ' കമ്പനിയുമായി സഹകരിച്ചാണ് നോൾ കാർഡ് സ്വീകരിക്കാൻ അവസാനമായി സൗകര്യമൊരുക്കിയത്. അടുത്ത വർഷങ്ങളിൽ 8000 മൈക്രോപേ ഔട്ട്ലെറ്റുകളിൽ ഇതിലൂടെ കാർഡ് സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. നിലവിൽ നോൾ കാർഡ് സ്വീകരിക്കുന്ന ഔട്ട്ലെറ്റുകളുടെ എണ്ണം 14,000 ആണ്. വൺപ്രിപേയുമായി ധാരണയായതോടെ ഇത് 2025ഓടെ 22,000 ഔട്ട്ലെറ്റുകളായി വർധിക്കും. ജനങ്ങളുടെ സന്തോഷം ലക്ഷ്യമാക്കി നടപ്പാക്കുന്ന പദ്ധതികളുടെ ഭാഗമായാണ് ഇത് നടപ്പാക്കുന്നതെന്ന് ആർ.ടി.എ ഓട്ടോമേറ്റഡ് കലക്ഷൻ സിസ്റ്റംസ് ഡയറക്ടർ അമാനി അൽ മുഹൈരി പറഞ്ഞു.
വാണിജ്യസ്ഥാപനങ്ങൾക്കു പുറമെ ഇത്തിഹാദ് മ്യൂസിയം, ദുബൈ മുനിസിപ്പാലിറ്റിക്കു കീഴിലെ പൊതു പാർക്കുകൾ എന്നിവയിൽ പ്രവേശിക്കാനും നോൾ കാർഡ് സ്വീകരിക്കുന്നുണ്ട്. നഗരത്തെയും പാം ജുമൈറയെയും ബന്ധിപ്പിക്കുന്ന പാം മോണോ റെയിൽ യാത്രക്കും ഇനി 'നോൾ' കാർഡുകൾ ഉപയോഗിക്കാമെന്ന് ആർ.ടി.എ കഴിഞ്ഞ മാസം അറിയിച്ചിരുന്നു. യു.എ.ഇയിലെ പ്രമുഖ നിർമാണ കമ്പനിയായ നഖീലിന്റെ ഉടമസ്ഥതയിലുള്ളതാണ് പാം മോണോറെയിൽ. എമിറേറ്റിലെ പൊതുഗതാഗത സംവിധാനങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്നതിനും യാത്രക്കാർക്ക് തടസ്സമില്ലാത്ത സഞ്ചാരം സാധ്യമാക്കാനും രൂപപ്പെടുത്തിയതാണ് നോൾ കാർഡ്. 'നോൾ' കാർഡ് പൊതു, സ്വകാര്യ മേഖലയിലെ എല്ലാ സേവനങ്ങൾക്കും ഉപയോഗപ്പെടുത്തുന്നതിന് അധികൃതർക്ക് പദ്ധതിയുണ്ട്. 'നോൾ' കാർഡ് നിലവിൽ ആർ.ടിഎക്കു കീഴിലെ മെട്രോ, ബസ്, ട്രാം, സമുദ്ര ഗതാഗത സംവിധാനങ്ങൾക്ക് ഉപയോഗിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

