ദുബൈയിലേക്ക് കൂടുതൽ ഡ്രൈവറില്ലാ ടാക്സികൾ
text_fieldsദുബൈ: എമിറേറ്റിൽ ഡ്രൈവറില്ലാ ടാക്സികൾ സർവിസ് നടത്തുന്നതിന് ആഗോള തലത്തിൽ കൂടുതൽ കമ്പനികൾ സന്നദ്ധത അറിയിച്ചതായി ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) അറിയിച്ചു.
ആഗോള തലത്തിൽ മുൻനിര ഓട്ടോണമസ് ഡ്രൈവിങ് ടെക്നോളജി ദാതാക്കളായ ഊബർ, വി റൈഡ്, ചൈനീസ് കമ്പനിയായ ബൈഡുവിന്റെ സ്വയം നിയന്ത്രിത ഗതാഗത സേവന സ്ഥാപനമായ അപ്പോളോ ഗോ എന്നിവരാണ് ദുബൈയിൽ ഡ്രൈവറില്ലാ ടാക്സി സർവിസിന് ആർ.ടി.എയുമായി സഹകരിക്കുന്നത്. ആഗോള തലത്തിൽ കൂടുതൽ കമ്പനികൾ രംഗത്തെത്തിയതോടെ അടുത്ത വർഷം വാണിജ്യാടിസ്ഥാനത്തിൽ സർവിസ് ആരംഭിക്കാനാണ് പദ്ധതി. ഇതിന് മുന്നോടിയായി ഡ്രൈവറില്ലാ ടാക്സികളുടെ പരീക്ഷണ ഓട്ടം ആർ.ടി.എ ഉടൻ ആരംഭിക്കുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ വെളിപ്പെടുത്തി. ദുബൈയിലെ ഡ്രൈവറില്ലാ ഗതാഗത നയത്തെ മുന്നോട്ടു നയിക്കുന്നതിനായി ആർ.ടി.എ ‘ദുബൈ സ്വയം നിയന്ത്രിത ഗതാഗത നയം’ പ്രഖ്യാപിച്ചിരുന്നു.
2030ഓടെ നഗരത്തിലെ ഗതാഗത മാർഗങ്ങളിൽ 25 ശതമാനം സ്വയം നിയന്ത്രിത സംവിധാനങ്ങളിലേക്ക് മാറുകയെന്നതാണ് ഈ നയം ലക്ഷ്യമിടുന്നത്’. ആഗോള കമ്പനികളുമായുള്ള സഹകരണം ഈ നയത്തിന് നിർണായക പിന്തുണ നൽകുമെന്നും ആർ.ടി.എ ചെയർമാൻ പറഞ്ഞു. കൂടാതെ, കഴിഞ്ഞ വർഷം ആർ.ടി.എ പ്രഖ്യാപിച്ച ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ നയത്തോട് ചേർന്നുനിൽക്കുന്നതാണ് പുതിയ നീക്കം.
യാത്രയുടെ തുടക്കം, ലക്ഷ്യസ്ഥാനം, പൊതുഗതാഗത സ്റ്റേഷനുകൾ എന്നിവക്കിടയിലുള്ള യാത്രാനീക്കം സുഗമമാക്കുന്നതിനായി പ്രഖ്യാപിച്ചതാണ് ‘ഫസ്റ്റ് ആൻഡ് ലാസ്റ്റ് മൈൽ നയം’. ചൈനീസ് കമ്പനിയായ ബൈഡു ആദ്യമായാണ് ദുബൈയിൽ ഡ്രൈവറില്ലാ ടാക്സി സർവിസ് പ്രഖ്യാപിക്കുന്നത്. 2021ൽ വിറൈഡ് അബൂദബിയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചിരുന്നു.
അതേസമയം, ആഗോള കമ്പനികൾക്കൊപ്പം യു.എ.ഇയുടെ സ്വയം നിയന്ത്രണ ഗതാഗത സംവിധാനമായ ഓട്ടോഗോയും അബൂദബിയിൽ പരീക്ഷണ ഓട്ടം ആരംഭിച്ചിട്ടുണ്ട്.
യാത്രക്കാർക്ക് ഊബറിന്റെ മൊബൈൽ ആപ്ലിക്കേഷനിലൂടെയും ബൈഡുവിന്റെ അപ്പോളോ ഗോ വഴിയും വീ റൈഡിന്റെ റോബോ ടാക്സി ബുക്ക് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

