ദുബൈ റോഡിൽ കൂടുതൽ ബസ്, ടാക്സി പാതകൾ വരുന്നു
text_fieldsദുബൈ: പൊതു ഗതാഗതരംഗത്ത് കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി ദുബൈയിൽ കൂടുതൽ പ്രത്യേക ബസ്, ടാക്സി പാതകൾ വരുന്നു. 13 കി.മീറ്റർ നീളത്തിൽ ആറു പാതകളാണ് ബസുകൾക്കും ടാക്സികൾക്കും മാത്രമായി സഞ്ചരിക്കാനായി നിർമിക്കുന്നതെന്ന് ദുബൈ റോഡ് ഗതാഗത അതോറിറ്റി (ആർ.ടി.എ) വെളിപ്പെടുത്തി. ബസ്, ടാക്സി പാതകളുടെ വികസനം യാത്രസമയം 41 ശതമാനം കുറക്കാനും ബസുകളുടെ എത്തിച്ചേരൽ സമയം 42 ശതമാനം മികച്ചതാക്കാനും സഹായിക്കുമെന്നാണ് ആർ.ടി.എ വിലയിരുത്തുന്നത്.
പദ്ധതി പൊതു ഗതാഗത ഉപയോഗം പ്രോത്സാഹിപ്പിക്കാനും ഗതാഗതക്കുരുക്ക് കുറക്കാനും സഹായിക്കുമെന്ന് ആർ.ടി.എ ഡയറക്ടർ ബോർഡ് ചെയർമാനും ഡയറക്ടർ ജനറലുമായ മതാർ അൽ തായർ പ്രസ്താവനയിൽ പറഞ്ഞു. നഗരത്തിലെ ആറു പ്രധാന സ്ട്രീറ്റുകളായ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, സെക്കൻഡ് ഓഫ് ഡിസംബർ, അൽ സത്വ, അൽ നഹ്ദ, ഉമർ ബിൻ ഖത്താബ്, നായിഫ് എന്നിവിടങ്ങളിലാണ് പ്രത്യേക പാതകൾ തുറക്കുകയെന്ന് നേരത്തേ അധികൃതർ വെളിപ്പെടുത്തിയിരുന്നു. ഇതോടെ നഗരത്തിലെ പ്രത്യേക പാതകളുടെ ആകെ നീളം 20 കി.മീറ്ററാകും. സ്വകാര്യ വാഹനങ്ങൾ ഈ പാതകൾ ഉപയോഗിക്കുന്നത് തടയാൻ ഈ പ്രത്യേക പാതകളിൽ ചുവപ്പ് നിറം അടയാളപ്പെടുത്തും. ഈ പാതകളിൽ വാഹനമോടിക്കുന്നവർക്ക് 600 ദിർഹം പിഴ ചുമത്തുകയും ചെയ്യും.
ദുബൈയുടെ ഏകദേശം 90 ശതമാനം ഭാഗങ്ങളിലും ബസുകൾ സർവിസ് നടത്തുന്നുണ്ടെന്നും ആർ.ടി.എ വാർത്തക്കുറിപ്പിൽ വെളിപ്പെടുത്തി. ആകെ 1390 ബസുകൾ പ്രതിദിനം 11,000 ട്രിപ്പുകൾ പൂർത്തിയാക്കുന്നുണ്ട്. ഇതുവഴി അഞ്ചു ലക്ഷത്തിലധികം യാത്രക്കാർക്ക് ഏകദേശം 3.33 ലക്ഷം കി.മീറ്റർ സഞ്ചരിക്കാനുള്ള സാഹചര്യമാണ് ഒരുക്കുന്നത്.
ദൈനംദിന യാത്രകൾക്കായി പൊതുഗതാഗതം തിരഞ്ഞെടുക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന്നതിനായി പൊതുഗതാഗത ബസ് സർവിസ് വർധിപ്പിക്കുന്നതിന് ആർ.ടി.എ പ്രതിജ്ഞബദ്ധമാണെന്നും, ദുബൈ മെട്രോയുമായി ബസ് സർവിസ് തടസ്സമില്ലാതെ സംയോജിപ്പിച്ചുകൊണ്ട് റെസിഡൻഷ്യൽ, വാണിജ്യ, വ്യവസായിക മേഖലകൾ തമ്മിലുള്ള കണക്ടിവിറ്റി മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്നും മതാർ അൽ തായർ പറഞ്ഞു.
2024ൽ പൊതുഗതാഗത ബസ് ഉപയോക്താക്കളുടെ എണ്ണം 18.8 കോടി യാത്രക്കാരിലെത്തിയെന്നും 2023നെ അപേക്ഷിച്ച് എട്ട് ശതമാനം വർധനയാണ് ഇക്കാര്യത്തിലുണ്ടായതെന്നും പ്രസ്താവന ചൂണ്ടിക്കാണിച്ചു. ഏറ്റവും ആധുനികമായ ബസുകളാണ് നഗരത്തിലെ നിരത്തിലിറക്കുന്നതെന്നും സമീപ വർഷങ്ങളിൽ ദുബൈയിൽ നിർമിച്ചവയെല്ലാം പുതുതലമുറ ബസ് സ്റ്റേഷനുകളാണെന്നും അധികൃതർ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

