കോഴി വിലയിൽ കുത്തകവത്കരണം: നടപടിയെടുത്ത് അധികൃതർ
text_fieldsദുബൈ: മേഖലയിലെ അനിശ്ചിതത്വം മുതലെടുത്ത് കോഴി ഉത്പന്നങ്ങളുടെ വിലയിൽ കുത്തകവൽകരണം നടത്തിയ സംഘത്തിനെതിരെ കർശനമായ നടപടിയെടുത്ത് സാമ്പത്തിക, ടൂറിസം മന്ത്രാലയം. കോഴി ഉത്പന്നങ്ങൾക്ക് വിപണിയിൽ അമിതമായി വിലവർധിപ്പിക്കാനുള്ള ഗൂഢ ശ്രമങ്ങളാണ് അധികൃതർ തടഞ്ഞത്. നിരവധി പേരടങ്ങുന്ന സംഘമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചിരുന്നതെന്നും ഇവരെ പ്രോസിക്യൂഷന് കൈമാറിയതായും മന്ത്രാലയം അറിയിച്ചു.
പ്രതിസന്ധി മുതലെടുത്ത് യാതൊരു ന്യായീകരണവുമില്ലാത്ത വിധം അകാരണമായി കോഴി ഉത്പന്നങ്ങളുടെ വില വർധിപ്പിക്കാനുളള ശ്രമമാണ് സംഘത്തിന്‍റെ ഭാഗത്തുനിന്നുണ്ടായതെന്നും ഉപഭോക്തൃ സംരക്ഷണ നിയമത്തിനും വിപണിയിലെ മത്സരക്ഷമത നിലനിർത്താനുള്ള നിയമത്തിനും എതിരായ ഒരു പ്രവർത്തനവും അനുവദിക്കില്ലെന്നും മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ബന്ധപ്പെട്ട അതോറിറ്റികളുമായി കൈകോർത്ത് വിപണി നിരീക്ഷിക്കുന്നതിനായി നടത്തിവരുന്ന കാമ്പയിനിന്‍റെ ഭാഗമായാണ് നടപടി.
പാചക എണ്ണ, മുട്ട, പാലുൽപനങ്ങൾ, അരി, പഞ്ചസാര, പയറുവർഗങ്ങൾ, ബ്രഡ്, ഗോതമ്പ് എന്നിവ ഉൾപ്പെടെ ഒമ്പത് അവശ്യ സാധനങ്ങൾക്ക് വിലവർധിപ്പിക്കണമെങ്കിൽ അതോറിറ്റിയുടെ മുൻകൂർ അനുമതി വാങ്ങണമെന്നാണ് നിയമം. വിപണിയിൽ ന്യായവില നിലനിർത്തുന്നതിനായി നിയമപരവും നിയന്ത്രണപരവുമായ ചട്ടക്കൂട് നിലവിലുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. അന്യായമായി വിലവർധന ശ്രദ്ധയിൽപ്പെട്ടാൽ 8001222 എന്ന നമ്പറിൽ റിപോർട്ട് ചെയ്യാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

