അബൂദബി/ദുബൈ: ലോകത്ത് വിവിധ രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ട കുരങ്ങുപനിക്കെതിരെ മുന്നറിയിപ്പുമായി യു.എ.ഇയിലെ വിവിധ ആരോഗ്യ വിഭാഗങ്ങൾ.
യു.എസിലും യൂറോപ്പിലും നിലവിൽ റിപ്പോർട്ട് ചെയ്യപ്പെട്ട പനിക്കെതിരെ കര്‍ശന ജാഗ്രത പാലിക്കണമെന്നാണ് അബൂദബി ആരോഗ്യ വിഭാഗവും ദുബൈ ഹെൽത്ത് അതോറിറ്റിയും ആവശ്യപ്പെട്ടു. അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്ററും പ്രാദേശിക ആരോഗ്യ പരിചരണ വിഭാഗവും ഏകോപിച്ച് പകര്‍ച്ചവ്യാധി പടരുന്നത് തടയാന്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി.
കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ അടിയന്തരമായി ഇടപെടാന്‍ അബൂദബി ആരോഗ്യ വിഭാഗവും ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ട്.
മുന്‍കരുതലിന്റെ ഭാഗമായി, അണുബാധ കേസുകള്‍ കണ്ടെത്താന്‍ ആവശ്യമായ മെഡിക്കല്‍ നടപടികള്‍ സ്വീകരിക്കാനും അബൂദബിയിലെ എല്ലാ ആരോഗ്യ സംരക്ഷണ കേന്ദ്രങ്ങള്‍ക്കും അധികൃതര്‍ നിർദേശം നല്‍കിയിട്ടുണ്ട്. സാംക്രമിക രോഗങ്ങള്‍ക്കെതിരെ ജനങ്ങളും ജാഗ്രത പാലിക്കണം.
ശുചിത്വമാണ് പ്രധാനം. പകര്‍ച്ചവ്യാധികളുടെ ലക്ഷണങ്ങള്‍ ശ്രദ്ധയിൽപെട്ടാല്‍ അടിയന്തരമായി ആശുപത്രികളില്‍ വിവരം അറിയിക്കുകയും ചികിത്സ തേടുകയും വേണമെന്നും അധികൃതര്‍ അറിയിച്ചു.
രോഗം നേരത്തേ കണ്ടെത്തുന്നതിന് സന്നാഹമൊരുക്കാൻ ആരോഗ്യ സ്ഥാപനങ്ങൾക്ക് ദുബൈ ഹെൽത്ത് അതോറിറ്റി അയച്ച സർക്കുലറിൽ ആവശ്യപ്പെട്ടു.
യൂറോപ്പിൽനിന്ന് ആഗോളതലത്തിലേക്ക് രോഗം പടരാനുള്ള സാധ്യത കൂടുതലാണെന്ന ലോകാരോഗ്യ സംഘടനയുടെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് നടപടി സ്വീകരിച്ചത്.