കന്നുകാലികളില്‍ കുരങ്ങുപനി: സംശയം തോന്നിയാല്‍ അറിയിക്കണം
text_fieldsഅബൂദബി: കന്നുകാലികളില്‍ കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ കണ്ടാല്‍ അറിയിക്കണമെന്ന് ഫാം തൊഴിലാളികളോടും മൃഗഡോക്ടര്മാരോടും അധികൃതര്‍ ആവശ്യപ്പെട്ടു.
കന്നുകാലി ഫാമുകളിലെ തൊഴിലാളികളും അബൂദബിയിലെ മൃഗ ക്ലിനിക്കുകളില്‍ ജോലിചെയ്യുന്ന വെറ്ററിനറി ഡോക്ടറും ഏതെങ്കിലും മൃഗത്തിന് കുരങ്ങുപനി ബാധിച്ചതായി സംശയിക്കുന്നുവെങ്കില്‍ ഉടന്‍ അറിയിക്കണമെന്നാണ് നിര്‍ദേശം. അബൂദബി അഗ്രികള്‍ച്ചര്‍ ആന്‍ഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയാണ് (അദാഫ്സ) സമൂഹമാധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്.
ലോകമെമ്പാടും, പ്രത്യേകിച്ച് യൂറോപ്പില്‍ കുരങ്ങുപനി പടര്‍ന്നുപിടിക്കുന്ന പശ്ചാത്തലത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ഫാം ഉദ്യോഗസ്ഥരും സ്വകാര്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ മൃഗഡോക്ടര്‍മാരും ക്ലിനിക്കുകളും ആശുപത്രികളും മൃഗത്തിന് കുരങ്ങുപനി ബാധിച്ചതായി സംശയം തോന്നിയാല്‍ ഉടന്‍ തന്നെ അബൂദബി അഗ്രികള്‍ച്ചര്‍ ആൻഡ് ഫുഡ് സേഫ്റ്റി അതോറിറ്റിയിലെ ഓപറേഷന്‍സ്, സൈബര്‍ സുരക്ഷ കേന്ദ്രത്തെ അറിയിക്കണം.
കുരങ്ങുപനി ആഗോളതലത്തില്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അബൂദബി പബ്ലിക് ഹെല്‍ത്ത് സെന്ററും(എ.ഡി.പി.എച്ച്.സി) പ്രാദേശിക ആരോഗ്യ പരിചരണ വിഭാഗവും ഏകോപിച്ച് കര്‍ശന പ്രതിരോധ നടപടികള്‍ നേരത്തേ തന്നെ ആരംഭിച്ചിരുന്നു. കുരങ്ങുപനിയുടെ ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ അടിയന്തരമായി ഇടപെടാന്‍ അബൂദബി ആരോഗ്യ വിഭാഗവും (ഡി.ഒ.എച്ച്) ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിട്ടുണ്ട്.

