ഐ.ഇ.എൽ.ടി.എസ് സർട്ടിഫിക്കറ്റിന്റെ പേരിൽ പണം തട്ടി
text_fieldsദുബൈ: ഓൺലൈൻ വഴി ഐ.ഇ.എൽ.ടി.എസ് ഉൾപ്പെടെ ഇംഗ്ലീഷ് ഭാഷ പ്രാഗത്ഭ്യം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിൽ അറബ് പൗരന്റെ ശിക്ഷ ക്രിമിനൽ കോടതി മരവിപ്പിച്ചു.
നേരത്തെ ദുബൈ കോടതി പ്രതിക്ക് ഒരു മാസത്തെ തടവ് ശിക്ഷയും 1,500 ദിർഹം പിഴയും ചുമത്തിയിരുന്നു. ഈ വിധിയാണ് ക്രിമിനൽ കോടതി മൂന്ന് വർഷത്തേക്ക് മരവിപ്പിച്ചത്. ഈ കാലയവളവിനുള്ളിൽ പ്രതി വീണ്ടും കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടാൽ മാത്രമേ ശിക്ഷ അനുഭവിക്കേണ്ടിവരൂ. 2024 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു അറബ് പൗരനാണ് പരാതിക്കാരൻ. ഇൻസ്റ്റഗ്രാമിലൂടെ ഐ.ഇ.എൽ.ടി.എസ്, ടോഫൽ, ഇ.എം.എസ്.എ.ടി ഉൾപ്പെടെയുള്ള സർട്ടിഫിക്കറ്റുകൾ വാഗ്ദാനം ചെയ്തുള്ള പരസ്യം ശ്രദ്ധയിൽപ്പെട്ട പരാതിക്കാരൻ വാട്സ്ആപ്പ് വഴി ഇവരെ ബന്ധപ്പെടുകയായിരുന്നു. 15,00 ദിർഹം നൽകിയാൽ സർട്ടിഫിക്കറ്റ് നൽകുമെന്നായിരുന്നു പരസ്യത്തിലെ വാഗ്ദാനം. അതു പ്രകാരം അവർ നൽകിയ ബാങ്ക് അക്കൗണ്ടിലേക്ക് ഇയാൾ പണം അയച്ചു നൽകുകയും ചെയ്തു.
എന്നാൽ, സർട്ടിഫിക്കറ്റ് നൽകുന്നതിൽ തുടർച്ചയായി കാലതാമസം വരുത്തുകയും വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്യുകയുമായിരുന്നു. ഇതോടെ ഇയാൾ പൊലീസിൽ പരാതിപ്പെടുകയായിരുന്നു. അന്വേഷണത്തിൽ പൊലീസ് പ്രതിയെ കണ്ടെത്തിയെങ്കിലും ഇരയുമായുള്ള ബന്ധം ഇയാൾ നിഷേധിച്ചു. പക്ഷേ, പണം വാങ്ങിയതായി സമ്മതിച്ചു. സുഹൃത്തിന്റെ നിർദേശപ്രകാരം ഇയാളിൽ നിന്ന് പണം സ്വീകരിച്ച ശേഷം അദ്ദേഹത്തിന് കൈമാറുകയായിരുന്നുവെന്നും ഇയാൾ മൊഴി നൽകി. ഇതിന്റെ രേഖകളും ഇയാൾ ഹാജരാക്കി. ഇത് പരിശോധിച്ച ശേഷമാണ് കീഴ്കോടതി വിധിച്ച ശിക്ഷകൾ ക്രിമിനൽ കോടതി റദ്ദാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

