അജ്മാനിൽ പൊലീസ് ചമഞ്ഞ് പണം തട്ടൽ; ഒമ്പതുപേർക്ക് തടവും പിഴയും ശിക്ഷ
text_fieldsഅജ്മാൻ: പൊലീസ് ചമഞ്ഞ് നാല് ലക്ഷം ദിർഹം തട്ടിയെടുത്ത കേസിൽ ഒമ്പതംഗ സംഘത്തിന് അജ്മാൻ കോടതി തടവും പിഴയും ശിക്ഷ വിധിച്ചു. മൂന്നുവർഷം തടവും മോഷ്ടിച്ച തുകക്ക് തുല്യമായ തുക പിഴയുമാണ് ശിക്ഷ. ശിക്ഷാ കാലാവധി കഴിഞ്ഞാൽ ഏഴ് പ്രതികളെ നാട് കടത്താനും കോടതി ഉത്തരവിട്ടു.
നാലു ലക്ഷം ദിർഹമിന് പകരമായി യു.എസ് ഡോളർ നൽകാമെന്ന് ഒരു സംഘം വാഗ്ദാനം ചെയ്തതോടെയാണ് കേസിന് തുടക്കം. പണം കൈമാറുന്ന ദിവസം അറബ് വംശജരായ മൂന്നുപേർ സി.ഐ.ഡി ഉദ്യോഗസ്ഥരാണെന്ന് അവകാശപ്പെട്ട് ഇവരെ സമീപിക്കുകയും വാഹനത്തിൽനിന്ന് ഇരയെയും മൂന്നുപേരെയും പുറത്തിറക്കി മതിലിനോട് ചേർത്ത് തടഞ്ഞുവെക്കുകയും ചെയ്തു. ഈ സമയം പ്രതികളിൽ ചിലർ സംഘത്തിന്റെ തിരിച്ചറിയൽ കാർഡുകളും ഫോണും കൈക്കലാക്കി. മറ്റൊരാൾ ഫോണിൽ ഇതെല്ലാം ഏകോപിപ്പിച്ചു. കൂട്ടത്തിൽ ഒരാൾ വാഹനത്തിൽനിന്ന് പണമടങ്ങിയ ബാഗ് കൈക്കലാക്കിയതോടെ പ്രതികൾ ഇരകളെ ഉപേക്ഷിച്ച് വാഹനത്തിൽ കടന്നുകളഞ്ഞു. ഇതോടെ പണം നഷ്ടപ്പെട്ട യുവാവ് അജ്മാൻ പൊലീസിൽ പരാതി നൽകി. അന്വേഷണം ആരംഭിച്ച അജ്മാൻ പൊലീസ് വൈകാതെ മുഴുവൻ പ്രതികളെ പിടികൂടുകയും മോഷ്ടിച്ച പണത്തിൽ ഭൂരിഭാഗവും വീണ്ടെടുക്കുകയും ചെയ്തു. 63,000 ദിർഹമാണ് ഇതിൽനിന്ന് നഷ്ടപ്പെട്ടത്. തുടർന്ന് ഓൺലൈനായി നടത്തിയ തിരിച്ചറിയൽ പരേഡിൽ ഇര പ്രതികളെ തിരിച്ചറിഞ്ഞു. കേസിൽ മൂന്ന് ദൃക്സാക്ഷികളും കോടതിയിൽ മൊഴി നൽകിയിരുന്നു.
പ്രതികളിൽ ഒരാൾ ഗൂഢാലോചന കോടതിയിൽ സമ്മതിച്ചു. എന്നാൽ, ചിലർ കുറ്റങ്ങൾ നിഷേധിച്ചെങ്കിലും കോടതി അവരുടെ വാദങ്ങൾ തള്ളുകയായിരുന്നു. പ്രതികളെ ഇര തിരിച്ചറിഞ്ഞതും കുറ്റസമ്മത മൊഴിയും ദൃക്സാക്ഷി മൊഴികളും ഉൾപ്പെടെയുള്ള തെളിവുകൾ പരിശോധിച്ച കോടതി കുറ്റകൃത്യം മനഃപൂർവവും ഏകോപിതവുമാണെന്ന് തെളിഞ്ഞതായി വ്യക്തമാക്കി.സർക്കാർ ഉദ്യോഗസ്ഥരുടെ വേഷം കെട്ടൽ, നിയമപാലകരുടെ ചുമതലകൾ നിയമവിരുദ്ധമായി നിർവഹിക്കൽ, വഞ്ചനയിലൂടെയും ഗൂഢാലോചനയിലൂടെയും അന്യരുടെ പണം മോഷ്ടിക്കൽ എന്നിവ ഉൾപ്പെടെ നിരവധി കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

