കള്ളപ്പണം വെളുപ്പിക്കൽ: ഇന്ത്യൻ കോടീശ്വരന് അഞ്ചുവർഷം തടവ്
text_fieldsദുബൈ: കോടികളുടെ കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ഇന്ത്യക്കാരനായ ബിസിനസുകാരന് യു.എ.ഇ കോടതി അഞ്ചുവർഷം തടവുശിക്ഷ വിധിച്ചു. അബു സബാഹ് എന്ന പേരിൽ അറിയപ്പെടുന്ന ബൽവിന്ദർ സിങ് സാഹ്നിക്കാണ് ജയിൽ ശിക്ഷ ലഭിച്ചത്. ഇദ്ദേഹത്തെ കൂടാതെ, മറ്റ് നിരവധി പേർക്കും കോടതി ജയിൽ ശിക്ഷ വിധിച്ചതായി വെള്ളിയാഴ്ച അറബി ദിനപത്രമായ ഇമാറാത്തുൽ യൗം റിപ്പോർട്ട് ചെയ്തു.
ജയിൽ ശിക്ഷ കൂടാതെ, ഓരോ പ്രതിയും അഞ്ചു ലക്ഷം ദിർഹം വീതം പിഴയും അടക്കണം. ശിക്ഷാ കാലാവധിക്ക് ശേഷം പ്രതികളെ നാടുകടത്താനും കോടതി ഉത്തരവിട്ടു. പ്രതികൾ അന്യായമായി നേടിയ 15 കോടി ദിർഹം, നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഉപയോഗിച്ച കമ്പ്യൂട്ടറുകൾ, നിരവധി മൊബൈൽ ഫോണുകൾ, മറ്റ് രേഖകൾ എന്നിവ പൊലീസ് കണ്ടുകെട്ടും. ക്രിമിനൽ പ്രവർത്തനങ്ങളിലൂടെ സമ്പാദിച്ച കോടികളുടെ കള്ളപ്പണം വെളുപ്പിക്കുകയും പണത്തിന്റെ ഉറവിടം മറച്ചുവെക്കാൻ പ്രതികൾ സങ്കീർണമായ രീതികൾ ഉപയോഗിച്ചതായും കോടതി നേരത്തേ കണ്ടെത്തിയിരുന്നു.
വ്യാജ കമ്പനികൾ നിർമിച്ചും സംശയകരമായ ബാങ്ക് ഇടപാടുകളിലൂടെയുമാണ് പ്രതികൾ കള്ളപ്പണം വെളുപ്പിച്ചതെന്ന് ദുബൈ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഈ റിപ്പോർട്ട് പരിശോധിച്ചാണ് കോടതി പ്രതികൾക്കെതിരെ വിധി പ്രസ്താവിച്ചത്. പ്രതികൾ കള്ളപ്പണം വെളുപ്പിക്കുന്ന സംഘത്തിലെ കണ്ണികൾ ആണെന്നും കോടതി വ്യക്തമാക്കി. കഴിഞ്ഞ ഡിസംബറിലാണ് ദുബൈ പൊലീസ് കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറിയത്. തുടർന്ന് ജനുവരിയിൽ വിചാരണക്കായി കേസ് ക്രിമിനൽ കോടതിക്ക് കൈമാറി. കേസിൽ വിധി പ്രസ്താവിച്ച ക്രിമിനൽ കോടതി തുടർനടപടിക്കായി കേസ് അപ്പീൽ കോടതിക്ക് കൈമാറിയിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

