കള്ളപ്പണം: വിവിധ കേസുകളിലായി 1.50 കോടി ദിർഹം പിഴ
text_fieldsദുബൈ: കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ട് ദുബൈ പബ്ലിക്ക് പ്രോസിക്യൂഷൻ വിവിധ കേസുകളിൽ ഈടാക്കിയത് 1.50 കോടി ദിർഹം പിഴ. ഒമ്പത് പേരാണ് ജയിലിലായത്. ഇവരിൽ ഒമ്പതുമാസം മുതൽ എട്ടുവർഷം വരെ തടവുശിക്ഷ വിധിക്കപ്പെട്ടവരുമുണ്ട്. മൂന്നുലക്ഷം ദിർഹമിന്റെ വസ്തുവകകൾ കണ്ടുകെട്ടാനും നിർദേശമുണ്ട്.
ഒരാൾക്ക് 14.7 ദശലക്ഷം ദിർഹം പിഴയും മൂന്നുവർഷം തടവുമാണ് വിധിക്കപ്പെട്ടത്. ഇയാൾ 14.76 ദശലക്ഷം ദിർഹമിന്റെ കള്ളപ്പണം ഇടപാട് നടത്തി എന്നതാണ് കുറ്റം. പ്രതി സെയിൽസ് എക്സിക്യൂട്ടിവായി ജോലി ചെയ്തിരുന്ന സ്ഥാപനത്തിന്റെ ഇടപാടുകൾ ദുരുപയോഗം ചെയ്താണ് ഫണ്ട് സംഘടിപ്പിച്ചത്.
മറ്റൊരു കേസിൽ നാലുപേർക്ക് മൂന്നുമാസം മുതൽ മൂന്നുവർഷം വരെ തടവ് വിധിച്ചു. ഇവരിൽ നിന്ന് 2.10 ലക്ഷം ദിർഹം പിഴ ഈടാക്കാനും നാടുകടത്താനും വിധിയായി. വിദേശ വനിതയുടെ 25 ലക്ഷം ദിർഹം ദുരുപയോഗം ചെയ്ത കേസിൽ മൂന്നുലക്ഷം ദിർഹമാണ് പിഴ വിധിച്ചത്. മറ്റൊരു കേസിൽ പ്രതികളിൽനിന്ന് 96,000 ദിർഹമിന്റെ വസ്തുക്കൾ കണ്ടുകെട്ടാനും അവരെ നാടുകടത്താനും ഉത്തരവിട്ടു. ഈ കേസിൽ മൂന്നുപേരെ വെറുതെ വിട്ടു.

