അൽ സിന്നിയയിലെ അത്ഭുത ആശ്രമം
text_fieldsയു.എ.ഇയിലെ ഏറ്റവും പഴക്കമേറിയ കെട്ടിടങ്ങളിലൊന്ന് കണ്ടെത്തിയത് കഴിഞ്ഞ വർഷമായിരുന്നു. ഉമ്മുൽഖുവൈനിലെ അൽ സിന്നിയ ദ്വീപിലാണ് പുരാവസ്തു ഗവേഷകർ പുരാതന ക്രൈസ്തവ ആശ്രമം കണ്ടെത്തിയത്. 6-8 നൂറ്റാണ്ടുകളിൽ ഉണ്ടായിരുന്നതാണെന്ന് കരുതുന്നു. പള്ളി, ഡൈനിങ് ഹാൾ, ജലസംഭരണികൾ, സന്യാസിമാർക്കുള്ള സെല്ലുകൾ എന്നിവ ഉൾപെടുന്ന കെട്ടിടത്തിന്റെ ഭാഗങ്ങളാണ് കണ്ടെത്തിയത്. യു.എ.ഇയിൽ കണ്ടെത്തുന്ന രണ്ടാമത്തെ ആശ്രമമാണിത്. 1990കളുടെ തുടക്കത്തിൽ അബൂദബി സർ ബനിയാസ് ഐലൻഡിലും കണ്ടെത്തിയിരുന്നു.
റേഡിയോ കാർബൺ പരിശോധനയും സൈറ്റിൽ നിന്ന് കുഴിച്ചെടുത്ത മൺപാത്രങ്ങളുടെ പരിശോധനയും സൂചിപ്പിക്കുന്നത് ആറാം നൂറ്റാണ്ടിന്റെ അവസാനത്തിനും എട്ടാം നൂറ്റാണ്ടിന്റെ മധ്യത്തിനും ഇടയിൽ ക്രൈസ്തവ സമൂഹം ഇവിടെയുണ്ടായിരുന്നു എന്നാണ്. കടൽത്തീരത്തെ പാറകൾ കൊണ്ടാണ് ആശ്രമം നിർമ്മിച്ചിരിക്കുന്നത്. ചുവരുകളും നിലകളും ഒരുതരം കുമ്മായം കൊണ്ട് മൂടിയിരുന്നു.
പ്രദേശത്തെ ഏക പള്ളിയായിരിക്കാം ഇത്. ദിവസത്തിൽ ഏഴ് തവണ പ്രാർത്ഥന നടന്നിരുന്നതായി കരുതുന്നു. ബലിപീഠവും വീഞ്ഞു കലർത്താൻ ഉപയോഗിച്ചതായി കരുതുന്ന പാത്രങ്ങളും കണ്ടെത്തിയിട്ടുണ്ട്. ആറാം നൂറ്റാണ്ട് മുതൽ സ്കോട്ട്ലൻഡിന്റെ പടിഞ്ഞാറൻ തീരത്ത് നിലനിന്നിരുന്ന സന്യാസ സമൂഹവുമായി ഇവിടെയുണ്ടായിരുന്ന സന്യാസികൾക്ക് താരതമ്യമുണ്ട്. ഇവിടെ താമസിച്ചിരുന്നവർ തന്നെ നിർമിച്ചതാണ് ഈ മന്ദിരം, സന്ദർശകർ പണിതതല്ല. ഈ സ്ഥലം അക്രമം നടത്തി കീഴ്പെടുത്തിയതല്ല. അക്രമത്തിന്റെയോ കത്തിച്ചതിന്റെയോ യാതൊരു ലക്ഷണവുമില്ല. ഉപേക്ഷിക്കപ്പെട്ടതിനാൽ നശിച്ചതാണ്. ഉമ്മുൽഖുവൈൻ ഉപദ്വീപിനും ഗൾഫ് തീരത്തിനും ഇടയിലാണ് അൽ സിന്നിയ സ്ഥിതി ചെയ്യുന്നത്. അറേബ്യൻ തീരത്ത് ആകെ ആറ് പുരാതന ആശ്രമങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

