പ്രേക്ഷകരെ വിസ്മയിപ്പിച്ച് ‘മോക്ഷം’
text_fields14ാമത് ഭരത് മുരളി നാടകോത്സവത്തിൽ ദുബൈ ഒന്റാരിയോ തിയറ്റർ അവതരിപ്പിച്ച
‘മോക്ഷം’ നാടകത്തിൽ നിന്ന്
അബൂദബി: 14ാമത് ഭരത് മുരളി നാടകോത്സവത്തിൽ അരങ്ങേറിയ ‘മോക്ഷം’ നാടകം പ്രേക്ഷകർക്ക് വേറിട്ട അനുഭവം സമ്മാനിച്ചു. ബി. ജയമോഹന്റെ രചനക്ക് രാജ് മോഹൻ നീലേശ്വരം നാടകഭാഷ്യം നൽകിയ ‘മോക്ഷം’ ജോബ് മഠത്തിലിന്റെ സംവിധാനത്തിലാണ് അരങ്ങിലെത്തിയത്. ദുബൈ ഒന്റാരിയോ തിയറ്ററാണ് നാടകം രംഗത്തെത്തിച്ചത്. കീഴാളരുടെ മേൽ ആധിപത്യം സ്ഥാപിച്ചുവരുന്ന നവയാഥാസ്ഥിതിക മനോഭാവത്തെ തുറന്നുകാണിച്ച നാടകം, യാഥാസ്ഥിതികത്വത്തിന്റെ തടവറയിൽ പെട്ട് ചലനശക്തി നഷ്ടമായവന്റെ മോക്ഷം സാധ്യമാകുമെന്ന പ്രതീക്ഷയാണ്. കീഴാളരുടെ വിശ്വാസത്തിന്മേൽ ആധിപത്യം സ്ഥാപിക്കുന്ന സവർണാധിപത്യമായിരുന്നു നാടകത്തിന്റെ വിഷയം. അടുത്ത ജന്മത്തിൽ ‘ഉന്നതകുലജാത’രാകാൻ മോഹിക്കുന്ന രാഷ്ട്രീയ നേതൃത്വത്തെയടക്കം സമകാലീന ഇന്ത്യൻ അവസ്ഥയിൽ നാടകം വിചാരണ ചെയ്യുന്നു. നാട് പുരോഗമിക്കുമ്പോഴും സാംസ്കാരിക ബോധത്തിലും മൂല്യബോധത്തിലും നാം പിന്നോട്ട് സഞ്ചരിക്കുകയാണെന്ന യാഥാർഥ്യം നാടകം മുന്നോട്ടുവെക്കുന്നു. മികച്ച അഭിനയത്തിലൂടെ മാടനും കുഞ്ഞനുമടക്കമുള്ള കഥാപാത്രങ്ങൾ ആസ്വാദകരെ വിസ്മയിപ്പിച്ചു. മാടനായി പി.വി നന്ദകുമാറും കുഞ്ഞനായി എം. മഹാദേവനും കാർത്ത്യായനിയായി റൂഷ്മ സുരേശനും വേഷമിട്ടു. ശശി, പി. പ്രദീപ്, എം. രതീഷ്, നന്ദൻ കാക്കൂർ, ജോൺസൺ, സോണി ജോസഫ്, മിനി അൽഫോൻസ, ലിൻഷ, അർച്ചന, അഭിലേഷ്, തോമസ്, രാജേഷ് വിജയൻ, പ്രസൂൺ, അൻവർ, എം. സന്ധ്യ, എഡ്വിൻ, പ്രനിൽ, ബി. ബദരിനാഥ്, അമർനാഥൻ, ആൽഡ്രിൻ, വൈദേഹി, ജിജി എന്നിവർ വിവിധ കഥാപാത്രങ്ങൾക്ക് ജീവൻ നൽകി.
കെ.ഡി സനീഷ് വെളിച്ചം നിയന്ത്രിച്ചപ്പോൾ സുദേവ് നാടകത്തിനു സംഗീതം പകർന്നു. ശ്യാം വിശ്വനാഥ് വസ്ത്രാലങ്കാരവും ക്ലിന്റ് പവിത്രൻ ചമയവും നൽകി. നാടകോത്സവത്തിലെ അവസാന നാടകമായി ജയേഷ് നിലമ്പൂർ സംവിധാനം നിർവഹിച്ച ‘ഇനിയും’ ജനുവരി 26ന് രാത്രി എട്ടിന് കേരള സോഷ്യൽ സെന്ററിൽ മുസഫ കൈരളി കൾചറൽ ഫോറം അവതരിപ്പിക്കും. ചൊവ്വാഴ്ചയാണ് വിധിപ്രഖ്യാപനം. പ്രശസ്ത നാടകപ്രവർത്തകരായ സി.കെ. രമേശ് വർമ, സജിത മഠത്തിൽ എന്നിവരാണ് വിധികർത്താക്കൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

