ഓർമകളുടെ കൊട്ടാരത്തിൽനിന്ന് മൊയ്തീൻ മടങ്ങുന്നു
text_fields
അല്‍ ഐന്‍: 43 വര്‍ഷമാണ് മലപ്പുറം കുറ്റിപ്പുറം സ്വദേശി വരിക്കപ്പിലാക്കല്‍ മൊയ്തീന്റെ പ്രവാസത്തിന്റെ ആയുസ്സ്. അതില്‍ നാല്‍പ്പതുവര്‍ഷവും ശൈഖിന്റെ പാലസിലെ മജ്ലിസിലെ നിറ സാന്നിധ്യമായിരുന്നു. ഒടുക്കം പ്രവാസം സമ്മാനിച്ച ഹൃദ്യാനുഭവങ്ങളോടെ ഇമാറാത്തിനോട് വിട പറയുകയാണിദ്ദേഹം.
68 വയസ്സുകാരനായ മൊയ്തീന്റെ 43 വര്‍ഷം മുമ്പത്തെ പ്രവാസം തുടങ്ങുന്നത് ബഹ്റൈനിലാണ്. മൂന്നുവര്‍ഷമാണ് ബഹ്റൈനില്‍ ജോലി ചെയ്തത്. അസുഖ ബാധിതനായി നാട്ടിലെത്തി ഒരു വര്‍ഷത്തിനു ശേഷം അല്‍ ഐനിലെ ശൈഖിന്റെ പാലസിലെ മജ്ലിസ് ജീവനക്കാരനായി പ്രവാസത്തിന്റെ മറ്റൊരു ഘട്ടം. അല്‍ ഐന്‍ ഗവര്‍ണര്‍ ആയിരുന്ന ശൈഖ് മുഹമ്മദ് ബിന്‍ തഹ്നൂന് ആല് നഹ്യാന്റെ മകന് അല്‍ ഐന്‍ മുനിസിപ്പാലിറ്റിയുടെ ഭരണാധികാരി ആയിരുന്ന ശൈഖ് സഈദ് ബിന്‍ തഹ്നൂന് ആല് നഹ്യാന്റെ മജ്ലിസില്‍.
എന്നാല്‍, മറ്റൊരു ഭാഗ്യം കൂടി ഈ ജോലിക്കിടെ ലഭിച്ചു എന്നത് മൊയ്തീന് ഏറെ സന്തോഷത്തോടെ സ്മരിക്കുന്നു. സ്കൂള്‍ കാലയളവില്‍ സ്പോര്‍ട്സ് ചാമ്പ്യന്‍ ആയിരുന്നു. സ്കൂള്‍ കായിക മത്സരങ്ങളില്‍ ഓട്ടം, ചാട്ടം, ഫുട്ബാള്‍, വോളിബാള്‍ മത്സരങ്ങളിലെല്ലാം മികച്ച കളിക്കാരന്. പാലസിലെ ഫുട്ബാള്‍ മൈതാനത്ത് ശൈഖും കൂട്ടുകാരും കളിക്കാനിറങ്ങുമ്പോള്‍, മാറി നില്ക്കാന് പഴയ സ്പോര്‍ട്സ് വിന്നറുടെ മനസ്സ് സമ്മതിച്ചില്ല. പതിയെ പന്ത് തട്ടിത്തുടങ്ങി. ആ പാലസ് ഗ്രൗണ്ടില്‍ ടീമിനൊപ്പം പത്തുവര്ഷത്തോളമാണ് ബൂട്ടണിഞ്ഞത്. മജ്ലിസില്‍ ആയിരുന്നതുകൊണ്ടു തന്നെ നിരവധി ശൈഖുമാരെയും പ്രമുഖരെയും കാണാനുള്ള അവസരവും ലഭിച്ചു.
നാലരപ്പതിറ്റാണ്ടിനിടെ അല്‍ ഐനുണ്ടായ മാറ്റങ്ങള്‍ ഏറെ വിസ്മയത്തോടയാണ് കാണുന്നത്. മരുഭൂമിയെ ഹരിതാഭമാക്കിയ, ഇമാറാത്തിന്റെ മണ്ണും പൈതൃകപ്പെരുമയുടെ ഈറ്റില്ലവുമാക്കിയ ഭരണ നിപുണത. എല്ലാ വര്‍ഷവും മൂന്നു മാസത്തോളം നാട്ടില്‍ നില്ക്കാന് സാധിച്ചുവെന്നത് പ്രവാസ ജീവിതത്തില്‍ അധികം ആര്‍ക്കും ലഭിക്കാത്ത ഭാഗ്യമായി കരുതുന്നു. നാട്ടില്‍ ചെറിയ കച്ചവടങ്ങളൊക്കെ തുടങ്ങണമെന്ന് ആഗ്രഹമുണ്ട്. ഒരു മകന് അല്‍ ഐനില്‍ തന്നെ ഫാര്‍മസിസ്റ്റാണ്. ഭാര്യ ഖദീജ. നാല് പെണ്മക്കള് കൂടിയുണ്ട് മൊയ്തീന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

