ഉച്ചവിശ്രമ നിയമം; മുന്നൊരുക്കം നേരിട്ട് പരിശോധിച്ച് മന്ത്രി
text_fieldsദുബൈയിലെ നിർമാണ സ്ഥലത്ത് ഉച്ചവിശ്രമ നിയമത്തിന്റെ മുന്നൊരുക്കം വിലയിരുത്താനെത്തിയ മാനവവിഭവശേഷി, എമിററ്റൈസേഷൻ വകുപ്പ് മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ അവാർ
ദുബൈ: രാജ്യത്ത് തൊഴിലാളികളുടെ ഉച്ചവിശ്രമ നിയമം ഞായറാഴ്ച ആരംഭിക്കാനിരിക്കെ മുന്നൊരുക്കം നേരിട്ടെത്തി പരിശോധിച്ച് മാനവവിഭവ ശേഷി, എമിറൈറ്റേസേഷൻ വകുപ്പ് മന്ത്രി ഡോ. അബ്ദുറഹ്മാൻ അൽ അവാർ. ദുബൈയിലെ നിർമാണ സ്ഥലങ്ങളിലൊന്നാണ് മന്ത്രി സന്ദർശിച്ച് ഒരുക്കങ്ങൾ വിലയിരുത്തിയത്. മുതിർന്ന ഉദ്യോഗസ്ഥരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.
സന്ദർശനത്തിൽ ഖാൻസാഹബ് സിവിൽ എൻജിനീയറിങ് ചെയർമാൻ താരിഖ് ഖാൻ സാഹബ് തൊഴിലാളികൾക്കായുള്ള കമ്പനിയുടെ സംരംഭങ്ങളെക്കുറിച്ചും നിർമാണ സ്ഥലത്ത് ആരോഗ്യ-സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നത് ഉറപ്പാക്കുന്നതിനുള്ള നടപടികളെക്കുറിച്ചും മന്ത്രിയോട് വിശദീകരിച്ചു.
അബൂദബി ഇസ്ലാമിക് ബാങ്ക്, ആസ്റ്റർ ഡി.എം ഹെൽത്ത് കെയർ, നാഷനൽ ഫുഡ് പ്രൊഡക്ട് കമ്പനി എന്നിവയുടെ പ്രതിനിധികളും ഫീൽഡ് സന്ദർശനത്തിൽ പങ്കെടുത്തു. ഈ സ്ഥാപനങ്ങൾ തൊഴിലാളികൾക്ക് സമ്മാനങ്ങളും ലഘുഭക്ഷണങ്ങളും നൽകുകയും ജീവനക്കാർക്ക് വൈദ്യപരിശോധന നടത്തുകയും ചൂടുകാലത്ത് ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് നിർദേശങ്ങൾ നൽകുകയും ചെയ്തു.
ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്ന മൂന്നു മാസക്കാലമാണ് രാജ്യത്ത് ഉച്ച 12:30 മുതൽ മൂന്നുവരെ നേരിട്ട് സൂര്യപ്രകാശത്തിന് കീഴിൽ ജോലികൾക്ക് നിയന്ത്രണമുള്ളത്. സെപ്റ്റംബർ 15വരെയാണ് നിയമം നിലവിലുണ്ടാവുക. തുടർച്ചയായി 21ാം വർഷമാണ് രാജ്യത്ത് തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുത്ത് ഉച്ചവിശ്രമ നിയമം നടപ്പിലാക്കുന്നത്. ഉച്ചവിശ്രമ സമയങ്ങളിൽ കമ്പനികൾ തൊഴിലാളികൾക്ക് ഇൻഡോർ ആയതോ തണലുള്ളതോ ആയ സ്ഥലങ്ങൾ ഒരുക്കിനൽകണം.
അതോടൊപ്പം ഫാൻ അല്ലെങ്കിൽ എ.സിപോലുള്ള സൗകര്യങ്ങളും ചൂടിനെ പ്രതിരോധിക്കാനായി സംവിധാനിക്കുകയും വേണം. ആവശ്യത്തിന് വെള്ളം, അംഗീകൃത ഹൈഡ്രേഷൻ സപ്ലിമെന്റ്സ്, സൈറ്റുകളിൽ ഫസ്റ്റ് എയ്ഡ് സംവിധാനം എന്നിവയും ഒരുക്കണം. ചില അനിവാര്യമായ സാഹചര്യങ്ങളിൽ ഉച്ചവിശ്രമ സമയത്തിൽ ഇളവ് അനുവദിക്കുന്നുണ്ടെങ്കിലും, ഈ സാഹചര്യങ്ങളിലും തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കാൻ തൊഴിലുടമകൾ ആവശ്യമായ എല്ലാ മുൻകരുതലുകളും സ്വീകരിക്കേണ്ടതുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

