മോഹൻലാലിന്റെ പ്രോത്സാഹനം കരുത്തേകി -അദ്വൈത് നായർ
text_fields‘ചത്താപച്ച’ സിനിമ പ്രവർത്തകർ ദുബൈയിൽ മാധ്യമങ്ങളോട് സംവദിക്കുന്നു
ദുബൈ: മോഹൻലാലിന്റെ പ്രോത്സാഹനം സിനിമയിലേക്ക് വരാൻ കൂടുതൽ പ്രചോദനവും കരുത്തും പകർന്നുവെന്ന് ‘ചത്താപച്ച’ സംവിധായകൻ അദ്വൈത് നായർ. സിനിമയുടെ റിലീസിന് മുന്നോടിയായി ദുബൈയിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു യുവ സംവിധായകൻ.
അതേസമയം, ചത്താ പച്ച സിനിമയിൽ പ്രധാനവേഷത്തിലെത്തുന്ന മോഹൻലാലിന്റെ ‘സുഹൃത്ത്’ ആരാണെന്ന് അറിയില്ലെന്ന് ചോദ്യത്തിന് മറുപടിയായി അദ്വൈത് പറഞ്ഞു. ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്യുമ്പോൾ മോഹൻലാൽ അങ്ങനെ പറഞ്ഞത് അത്ഭുതപ്പെടുത്തിയെന്നും കൂട്ടിച്ചേർത്തു.
മോഹൻലാലിന്റെ അനന്തരവനാണ് അദ്വൈത് നായർ. മോഹൻലാൽ സംവിധാനം ചെയ്ത ബറോസിന്റെ സഹസംവിധായകനുമായിരുന്നു. സിനിമയിലെ ഗുസ്തി ചിത്രീകരണത്തിനിടെയുണ്ടായ പരിക്കുകളെ പരിശീലനം കൊണ്ടും സൗഹൃദം കൊണ്ടുമാണ് മറികടന്നതെന്ന് നടൻ അർജുൻ അശോകൻ പറഞ്ഞു.
ഇമാറാത്തി ഇൻഫ്ലൂവൻസർ ഖാലിദ് അമീരി വേഷമിട്ട ആദ്യ മലയാള സിനിമയായ ‘ചത്താപച്ച’ വ്യാഴാഴ്ച തിയേറ്ററുകളിലെത്തും. ആദ്യമായാണ് ഖാലിദ് അൽ അമീരി മലയാള സിനിമയിൽ വേഷമിടുന്നത്.
യു.എ.ഇ ബന്ധമുള്ള നിരവധി യുവ പ്രതിഭകൾ പങ്കുവഹിച്ച സിനിമയുടെ നിർമാതാവ് ഷിഹാൻ ഷൗക്കത്തും പ്രധാനവേഷമിടുന്ന നടൻ ഇഷാൻ ഷൗക്കത്തും ദുബൈയിലെ അറിയപ്പെടുന്ന ഫോട്ടോഗ്രാഫർ ലെൻസ്മാൻ ഷൗക്കത്തിന്റെ മക്കളാണ്. നടൻ വിശാഖ് നായർ ഷാർജയിൽ പഠിച്ചുവളർന്നയാളാണ്. ഇവർക്കൊപ്പം നടൻ റോഷൻ മാത്യുവും മാധ്യമങ്ങളോട് സംവദിക്കാനെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

