ലാലേട്ടൻ വാക്കുപാലിച്ചു; നഴ്സുമാരെ കാണാനെത്തി
text_fieldsഅബൂദബി: ഒരുവർഷം മുമ്പ് മഹാമാരി താണ്ഡവമാടിയ കാലത്ത് നഴ്സുമാർക്ക് നൽകിയ വാക്കുപാലിച്ച് മോഹൻ ലാൽ എത്തി. യു.എ.ഇയിലെത്തുേമ്പാൾ ഞങ്ങളെ കാണാൻ വരാമോ എന്ന ചോദ്യത്തിന് ഉത്തരം നൽകിയാണ് നഴ്സുമാരുടെ പ്രിയ ലാലേട്ടൻ എത്തിയത്. കഴിഞ്ഞ വർഷം അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ കോവിഡ് മുന്നണിപ്പോരാളികൾക്ക് അഭിവാദ്യം അർപ്പിക്കാൻ വിളിച്ചപ്പോഴാണ് യു.എ.ഇയിൽ എത്തുേമ്പാൾ കാണാമെന്ന് മോഹൻലാൽ വാക്കുനൽകിയത്. അബൂദബി വി.പി.എസ് ബുർജീൽ മെഡിക്കൽ സിറ്റിയിൽ എത്തിയ ലാലിന് ഭീമൻ പൂക്കളമൊരുക്കിയാണ് നഴ്‌സുമാർ സ്വീകരണമൊരുക്കിയത്.
ബുർജീലിെൻറ നടുത്തളത്തിലൊരുക്കിയ സ്വീകരണത്തിൽ നഴ്സുമാരുമായി ലാൽ സംവദിച്ചു. യു.എ.ഇയുമായി 40 വർഷത്തെ ബന്ധമാണുള്ളതെന്നും നിങ്ങളെല്ലാവരും നിർബന്ധിക്കുകയാണെങ്കിൽ ഇവിടെ തന്നെ താമസിക്കാമെന്നും ലാൽ പറഞ്ഞു. ആരോഗ്യപ്രവർത്തകർ അനുഭവിക്കുന്ന വെല്ലുവിളികൾ നേരിട്ടറിയാവുന്ന ആളാണ് ഞാൻ. അവർക്ക് പ്രേരണ നൽകാനായി കഴിഞ്ഞ വർഷം സംസാരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. വരാമെന്ന് അവർക്ക് നൽകിയ ഉറപ്പ് സാധിച്ചുതന്നതിന് ദൈവത്തിന് നന്ദി. ആരോഗ്യപ്രവർത്തകരുടെ ധൈര്യത്തെയും ത്യാഗങ്ങളെയും അഭിനന്ദിക്കുന്നു. ഇങ്ങനൊരു കൂടിക്കാഴ്ച ഒരുക്കിയതിന് വി.പി.എസ് ഹെൽത്ത് കെയർ ചെയർമാനും മാനേജിങ് ഡയറക്ടറുമായ ഡോ. ഷംഷീർ വയലിലിന് നന്ദി. ഓണം ഈ രീതിയിൽ ആഘോഷിച്ചിരുന്ന നമ്മൾ നിലവിൽ കോവിഡ് കാരണം ആഘോഷം പരിമിതപ്പെടുത്തിയിരിക്കുകയാണ്. സാഹചര്യം ഉടൻ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അടുത്ത വർഷത്തെ ഓണം സാധാരണരീതിയിൽ ആഘോഷിക്കാമെന്ന് പ്രാർഥിക്കാമെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാലുമായി നഴ്‌സസ് ഡേയിൽ ഫോണിലൂടെ സംസാരിച്ച വിവിധ എമിറേറ്റുകളിലെ നഴ്‌സുമാർ പരിപാടിയിൽ പങ്കെടുത്തു. മറ്റുള്ളവർ ഓൺലൈനായും പങ്കെടുത്തു. നഴ്സുമാരായ സോണിയാ ചാക്കോ, പ്രിൻസി ജോർജ്, സിനു, മരിയ ഡു പ്ലൂയി തുടങ്ങിയവർ ലാലിനോട് ചോദ്യങ്ങൾ ഉന്നയിച്ചു. 300 കിലോ പൂക്കൾ കൊണ്ട് 300 ചതുരശ്രമീറ്ററിൽ ഒരുക്കിയ പൂക്കളത്തിൽ മോഹൻലാലിെൻറ മുഖവും ഉൾപ്പെടുത്തിയിരുന്നു. ബുർജീൽ ആശുപത്രികളുടെ റീജനൽ സി.ഇ.ഒ ജോൺ സുനിൽ മോഹൻലാലിന് സ്വാഗതവും മീഡിയോർ- എൽ.എൽ.എച്ച് ആശുപത്രി സി.ഇ.ഒ സഫീർ അഹമ്മദ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

