മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർപാർക്ക്; ഏഴാം ഘട്ട വികസനത്തിന് ടെൻഡർ ക്ഷണിച്ച് ദീവ
text_fieldsമുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്ക്
ദുബൈ: മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം സോളാർ പാർക്കിന്റെ ഏഴാം ഘട്ട വികസനത്തിനായുള്ള ടെൻഡർ നടപടികളിൽ പങ്കെടുക്കുന്നതിന് രാജ്യാന്തര തലത്തിലുള്ള കമ്പനികളിൽ നിന്ന് താൽപര്യ പത്രം ക്ഷണിച്ച് ദുബൈ ഇലക്ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി (ദീവ). ടെൻഡറിൽ പങ്കെടുക്കാൻ താൽപര്യമുള്ള കമ്പനികൾക്കോ കൺസോർട്ട്യത്തിനോ മാർച്ച് 21 വരെ അപേക്ഷ സമർപ്പിക്കാം.
ഏഴാം ഘട്ടത്തിൽ 1,600 മെഗാവാട്ട് വൈദ്യുതിയാണ് ഉൽപാദിപ്പിക്കുക. ഭാവിയിൽ 2,000 മെഗാവാട്ട് ഊർജം ഉൽപാദിപ്പിക്കാവുന്ന രീതിയിൽ വികസിപ്പിക്കാവുന്ന പദ്ധതിയിൽ ഫോട്ടോവോൾട്ടെയ്ക് സോളാർ പാനലുകളും ആറ് മണിക്കൂർ നേരത്തേക്ക് 1,000 മെഗാവാട്ട് ശേഷിയുള്ള ബാറ്ററി ഊർജ സംഭരണ സംവിധാനവും ഉപയോഗിക്കും. ഇതോടെ സംഭരണ ശേഷി മണിക്കൂറിൽ 6,000 മെഗാവാട്ടായി ഉയരും. സ്വതന്ത്ര ഊർജ ഉൽ പാദന (ഐ.പി.പി) മോഡലിന് കീഴിലായിരിക്കും പദ്ധതികൾ നടപ്പിലാക്കുക.
ഏഴാംഘട്ടം പൂർത്തിയാകുന്നതോടെ പ്രതിവർഷം 4.5 ടെറാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനാവുമെന്നാണ് പ്രതീക്ഷ. ഇതുവഴി 360 കോടി ക്യൂബിക് അടി പ്രകൃതി ഗ്യാസ് ഉപയോഗിക്കുന്നത് ഒഴിവാക്കാനാവും. പ്ലാന്റിന്റെ ഏഴാം ഘട്ടം 2027നും 29നും ഇടയിൽ പ്രവർത്തനക്ഷമമാകും.
നിലവിൽ പ്ലാന്റിന്റെ ഉൽപാദന ശേഷി 3,450 മെഗാവാട്ടാണ്. കൂടാതെ 12,00 മെഗാവാട്ട് വൈദ്യുതി ഉൽപാദിപ്പിക്കാനുള്ള വികസന പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. കൂടാതെ സോളാർ പാർക്കിന്റെ മൊത്തം ഉൽപാദന ശേഷി 5,000 മെഗാവാട്ടിൽനിന്ന് 7,260 മെഗാവാട്ടായി ഉയർത്താനും പദ്ധതിയുണ്ട്. 2030 ആകുമ്പോഴേക്കും ദുബൈയുടെ ഊർജ ശേഷിയിൽ ശുദ്ധ ഊർജത്തിന്റെ അളവ് 27 ശതമാനത്തിൽ നിന്ന് 34 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം.
ഇതിന്റെ ഫലമായി പ്രതിവർഷം പുറന്തള്ളുന്ന കാർബൺഡയോക്സൈഡിന്റെ അളവ് 65 ലക്ഷം ടണ്ണിൽ നിന്ന് 80 ലക്ഷം ടണ്ണായി ഉയർത്താനാവും. പുനരുപയോഗ ഊർജ മേഖലയിൽ സുസ്ഥിരതക്കും നവീകരണത്തിനും വേണ്ടി നിലകൊള്ളുന്ന ആഗോള കേന്ദ്രമെന്ന നിലയിൽ ദുബൈയുടെ സ്ഥാനം ഇത് ശക്തിപ്പെടുത്തുമെന്ന് ദീവ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

