ഡ്രൈവിങ്ങിനിടെ മൊബൈൽ ഉപയോഗം; അപകടദൃശ്യം പുറത്തുവിട്ട് പൊലീസ്
text_fieldsഅബൂദബി പൊലീസ് പുറത്തുവിട്ട അപകട ദൃശ്യം
അബൂദബി: ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതുമൂലമുള്ള അപകടദൃശ്യങ്ങള്‍ പങ്കുവെച്ച് മുന്നറിയിപ്പുമായി അബൂദബി പൊലീസ്. ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് പൊലീസ് ദൃശ്യങ്ങള്‍ പങ്കുവെച്ചത്. മുന്നില്‍ പോവുന്ന വാഹനങ്ങളുടെ നിരയിലേക്ക് പിന്നാലെ വന്ന കാർ അലക്ഷ്യമായി ഇടിച്ചുകയറുന്ന അപകട വിഡിയോയാണ് പൊലീസ് പങ്കുവെച്ചത്. ഗതാഗത ബോധവത്കരണങ്ങളുടെ ഭാഗമായാണ് പൊലീസ് നടപടി.വാഹനമോടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗത്തിലൂടെ ശ്രദ്ധ നഷ്ടമാവുന്ന ഡ്രൈവർമാർ വാഹനം റെഡ് സിഗ്നൽ മറികടന്നും പാത മാറി വാഹനമോടിച്ചും അപകടങ്ങളുണ്ടാക്കുകയാണ് ചെയ്യുന്നതെന്ന് പൊലീസ് പറഞ്ഞു. വാഹനമോടിക്കുന്നതിനിടെയുള്ള മൊബൈൽ ഫോൺ ഉപയോഗം പിടികൂടുന്നതിന് അത്യാധുനിക റഡാറുകൾ എമിറേറ്റിലെ റോഡുകളിൽ സ്ഥാപിച്ചിട്ടുണ്ട്. ഇതിനു പുറമെ സ്മാർട്ട് പട്രോളിങ്ങും ഏർപ്പെടുത്തി നിയമലംഘനങ്ങൾ പിടികൂടുന്നുണ്ട്. ഫോണിൽ സംസാരിച്ചും മെസേജ് അയച്ചും വിഡിയോ ചിത്രീകരിച്ചും ഇന്റർനെറ്റിൽ തിരഞ്ഞുമൊക്കെയാണ് ഡ്രൈവർമാരുടെ ശ്രദ്ധ നഷ്ടമാവുകയും അപകടങ്ങൾക്ക് ഇടയൊരുക്കുകയും ചെയ്യുന്നത്.
മദ്യപിച്ചോ മറ്റു ലഹരി ഉപയോഗിച്ചോ വാഹനമോടിക്കുന്നവരേക്കാള്‍ നാലു മടങ്ങ് അപകടസാധ്യത കൂടുതലാണ് അശ്രദ്ധമായ ഡ്രൈവിങ്ങിനുള്ളതെന്നാണ് പുതിയ പഠനം തെളിയിക്കുന്നതെന്നും പൊലീസ് വ്യക്തമാക്കി. ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതോ ശ്രദ്ധ നഷ്ടമാവുന്ന മറ്റു പ്രവര്ത്തനങ്ങളിലേര്പ്പെടുന്നതോ 800 ദിര്‍ഹം പിഴയും നാല് ബ്ലാക്ക് പോയന്റും ചുമത്താവുന്ന കുറ്റമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

