മിഷൻ വിങ്സ് ഓഫ് കംപാഷൻ:ആശയറ്റവർക്ക് ആശ്വാസമായി രണ്ടാംഘട്ട ദൗത്യം
text_fieldsദുെബെ: പിടിച്ചുനിൽക്കാൻ അവസാന നിമിഷമെങ്കിലും പിടിവള്ളി കിട്ടുമെന്ന പ്രതീക്ഷയിലായിരുന്നു അവരിൽ പലരും. യു.എ.ഇ ഭരണാധികാരികളുടെ കാരുണ്യത്താൽ നീട്ടിക്കിട്ടിയ വിസ കാലാവധി അവസാനിക്കാൻ രണ്ടാഴ്ച മാത്രം ബാക്കിനിൽക്കെ, ഇനിയുമൊരു ഭാഗ്യപരീക്ഷണത്തിന് നിൽക്കാതെ നാടണയാനായിരുന്നു അവരുടെ തീരുമാനം. ജീവിതത്തിെൻറ കച്ചിത്തുരുമ്പ് തേടി മറുനാട്ടിലെത്തിയിട്ടും മഹാമാരി തീർത്ത ദുരിതങ്ങൾക്ക് മുന്നിൽ വീണുപോയ ഒരുപറ്റം മനുഷ്യരും യാത്ര മുടങ്ങിയവരും വഴിയടഞ്ഞവരുമായിരുന്നു ആ വിമാനത്തിൽ ഏറെയും. ഏത് ദുരിതകാലത്തും പ്രവാസികളുടെ കൈത്താങ്ങായി ഒപ്പംനിൽക്കുന്ന ഗൾഫ് മാധ്യമവും മീഡിയവണും ചേർന്നൊരുക്കുന്ന മിഷൻ വിങ്സ് ഓഫ് കംപാഷെൻറ രണ്ടാം ഘട്ടത്തിലെ ആദ്യ വിമാനത്തിൽ, യു.എ.ഇയിൽ കുടുങ്ങിയ 50 പേരാണ് നാട്ടിലേക്ക് തിരിച്ചത്. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ദുബൈ വിമാനത്താവളത്തിലെ രണ്ടാം നമ്പർ ടെർമിനലിൽനിന്ന് പുറപ്പെട്ട ൈഫ്ല ദുബൈ വിമാനത്തിലാണ് അവർക്ക് യാത്രയൊരുക്കിയത്.
കുടുംബാംഗങ്ങളും കുഞ്ഞുമക്കളും ജോലി നഷ്ടപ്പെട്ടവരും ജോലി തേടിയെത്തിയവരും ശമ്പളം വെട്ടിക്കുറക്കപ്പെട്ടവരും സന്ദർശക വിസയിലെത്തിയവരുമാണ് കോഴിക്കോട്ടേക്കുള്ള ഈ വിമാനത്തിൽ നാടണഞ്ഞത്. സകല സുരക്ഷ സംവിധാനങ്ങളോടെയും യാത്രയാക്കിയ ഇവർ രാത്രി 7.30ന് കോഴിക്കോട് വിമാനത്താവളത്തിൽ എത്തി. ആദ്യ ഘട്ടത്തിൽ ചാർട്ടേഡ് വിമാനത്തിലും വന്ദേഭാരതിലുമായി യു.എ.ഇയിൽ നിന്ന് മാത്രം 250ലേറെ പേരെ നാട്ടിലെത്തിച്ചിരുന്നു.
ഇതോടെ, മിഷെൻറ ചിറകിലേറി ഇമറാത്തിൽനിന്ന് നാടണഞ്ഞവരുടെ എണ്ണം 300 കവിഞ്ഞു. വിവിധ ജി.സി.സി രാജ്യങ്ങളിൽനിന്നായി ആയിരത്തോളം പേരെയാണ് ഇതുവരെ മിഷൻ ടീം നാട്ടിലെത്തിച്ചത്. വായനക്കാരുടെയും സഹൃദയരായ വ്യവസായികളുടെയും വിദ്യാർഥികളുടെയും ജീവകാരുണ്യ പ്രവർത്തകരുടെയും സംഭാവനകൾ ചേർത്തുവെച്ചാണ് ദുരിതത്തിലായ പ്രവാസികൾക്ക് ആശ്വാസവിമാനങ്ങൾ ഒരുക്കിയത്. ശനിയാഴ്ച നാട്ടിലേക്ക് തിരിച്ചവരെ യാത്രയാക്കാൻ ഗൾഫ് മാധ്യമം-മീഡിയവൺ ഡയറക്ടർ മുഹമ്മദ് സലീം അമ്പലൻ, എക്സിക്യൂട്ടിവ് കമ്മിറ്റി ചെയർമാൻ അബ്ദുസ്സലാം ഒലയാട്ട്, സെക്രട്ടറി നിസാർ ഇബ്രാഹിം, അംഗങ്ങളായ സിറാജുദ്ദീൻ ഷമീം, അബുല്ലൈസ്, മീഡിയവൺ മിഡിലീസ്റ്റ് എഡിറ്റോറിയൽ വിഭാഗം മേധാവി എം.സി.എ നാസർ, മാർക്കറ്റിങ് ഹെഡ് ഷബീർ ബക്കർ, ഗൾഫ് മാധ്യമം മാർക്കറ്റിങ് മാനേജർ ഹാഷിം ജെ.ആർ എന്നിവർ ദുബൈ വിമാനത്താവളത്തിൽ എത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
