ഞങ്ങളുടെ ഒാഫിസ് വാതിൽ തുറന്നു, നന്മയുടെ പുതുയുഗത്തിലേക്ക്
text_fieldsദുബൈ: ലോക്ഡൗൺ മൂലം ഒൗദ്യോഗികമായി ഉദ്ഘാടനം നടന്നിട്ടില്ലാത്ത ദുബൈ സിലിക്കൺ ഒയാസീസിലെ ഗൾഫ്മാധ്യമത്തിെൻറ പുതിയ ഒാഫിസിലേക്ക് ഇന്നലെ അഞ്ചു മനുഷ്യർ കയറിവന്നു. സാംസ്കാരിക ജീവകാരുണ്യ വേദികളിലും കണ്ട് മുഖപരിചയമുള്ള ചാവക്കാട് സ്വദേശികൾ. നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റെടുക്കാൻ മാർഗമില്ലാത്ത പ്രവാസികളെ നാട്ടിലെത്തിക്കാൻ ഗൾഫ് മാധ്യമവും- മീഡിയവണും ചേർന്ന് ആരംഭം കുറിച്ച മിഷൻ വിങ്സ് ഒാഫ് കംപാഷന് ആശംസ അറിയിക്കാനായിരുന്നു അവരുടെ വരവ്. ഒപ്പം പത്തു മനുഷ്യരെ നാട്ടിലെത്തിക്കുവാനുള്ള തുക കൈമാറാനും.ചാവക്കാട് അസോസിയേഷൻ ജനറൽ സെക്രട്ടറി സലീം, ട്രഷറർ ഹാഷിം, ഭാരവാഹികളായ അബ്ദുൽ ഖാദർ, ഷക്കീർ, ഹസീബ് എന്നിവരാണ് ഇൗ നന്മയുടെ ഉദ്യമത്തിന് മിനി ഗൾഫിെൻറ ആദ്യ സംഭാവന കൈമാറിയത്.

പ്രവാസയുഗത്തിെൻറ ആദ്യയുഗങ്ങളിൽ തന്നെ ലോഞ്ചുകളിലും പത്തേമാരികളിലും കയറി അറബ് മണൽപ്പരപ്പിൽ എത്തിയ ചാവക്കാെട്ട സാഹസികരാണ് ഇൗ നാടിെൻറ സുഗന്ധമെന്തെന്ന് കേരളത്തിെൻറ ഗ്രാമഗ്രാമാന്തരങ്ങളെ അറിയിച്ചത്. മലയാളിയുടെ കൂട്ടകുടിയേറ്റങ്ങൾക്ക് പാതവെട്ടിയ മഹത്തുകളിൽ പലരും ഇൗ മണ്ണോടു ചേർന്നു. പിന്നെയൊരുപാടുപേർ പ്രവാസ ഭൂമിയിൽ മലയാളത്തിെൻറ മുദ്രചാർത്തി. വളർച്ചകൾക്കും വരൾച്ചകൾക്കുമിടയിലും ഏതോ അപരിചിത ദേശങ്ങളിൽ നിന്ന് ഭാഗ്യം തേടിയെത്തിയ മനുഷ്യരെ അബ്ദുക്കമാരും പള്ളിക്കൽ നാരായണന്മാരും ചേർന്ന് പേരോ മേൽവിലാസമോ തിരക്കാതെ ഒപ്പം ചേർത്തു.
ഇൗ ദുരിത കാലത്ത് നാടും നഗരവുമെല്ലാം പ്രതിസന്ധികളിൽ വിറച്ചു നിൽക്കവെ വേദനിക്കുന്ന മനുഷ്യരുടെ കരംപിടിക്കാൻ ആ മനുഷ്യരുടെ പിന്മുറക്കാർ വീണ്ടുമെത്തിയിരിക്കുന്നു.പ്രവാസിയുടെ നെഞ്ചോടു ചേർന്നു നിൽക്കുന്ന ഗൾഫ് മാധ്യമത്തിെൻറ പുതിയ ആസ്ഥാനത്തിെൻറ പ്രവർത്തനം ഇത്തരമൊരു ദൗത്യം കൊണ്ട് തുടങ്ങാനായത് ഒരു പുണ്യമായി ഞങ്ങൾ കരുതുന്നു. ഗൾഫ് മാധ്യമം എന്ന ഉദ്യമത്തിന് തുടക്കമിട്ടവർ മനസ്സിൽ കുറിച്ചിട്ടതും ഇതുപോലെ ഏതൊരു പ്രതിസന്ധിയിലും പ്രവാസികൾക്ക് തണലൊരുക്കാൻ മുന്നിട്ടിറങ്ങുന്ന സംരംഭമാവണമെന്നു തന്നെയായിരുന്നു. ലക്ഷോപലക്ഷം വായനാ സമൂഹം ഞങ്ങളിൽ നിന്ന് ഇപ്പോൾ പ്രതീക്ഷിക്കുന്നതും അതു തന്നെയാണ്.