ചേർത്തുപിടിക്കും, വീണുപോകാൻ വിടില്ലൊരിക്കലും
text_fieldsദുബൈ: നാട്ടിലേക്ക് മടങ്ങുവാനുള്ള ടിക്കറ്റെടുക്കാൻ വഴികാണാത്ത പ്രവാസികൾക്ക് ആശ്വാസം പകർന്ന് ഗൾഫ് മാധ്യമവും മീഡിയവണും ചേർന്ന് ഒരുക്കുന്ന മിഷൻ വിങ്സ് ഒാഫ് കംപാഷൻ പദ്ധതിയിലേക്ക് രണ്ടു ദിവസം കൊണ്ട് എത്തിയത് ആയിരക്കണക്കിന് അപേക്ഷകൾ. തൊഴിൽ നഷ്ടപ്പെട്ടവരും വിസ കാലാവധി കഴിഞ്ഞവരും അടിയന്തര ചികിത്സക്ക് നാട്ടിലേക്ക് മടങ്ങേണ്ടവരും ഉൾപ്പെടെ കേരളത്തിെൻറ വിവിധ ജില്ലകളിൽ നിന്നുള്ള പ്രവാസികളാണ് ടിക്കറ്റിനായി അപേക്ഷിച്ചിരിക്കുന്നത്. എംബസിയിൽനിന്നോ കോൺസുലേറ്റിൽ നിന്നോ വിളിച്ച് ടിക്കറ്റ് എടുത്ത് യാത്ര ചെയ്യാൻ ഒരുക്കമാണോയെന്ന് ചോദിക്കുേമ്പാൾ അതേയെന്ന് പറയാൻ ധൈര്യമില്ലാത്തവർ, അതിന് ഒരു വഴിയുമില്ലാത്ത ആയിരങ്ങളാണ് നമുക്ക് ചുറ്റും.
എന്നിരിക്കിലും ആ മനുഷ്യരെ വിധിക്ക് വിട്ടു കൊടുക്കാൻ തയാറല്ലെന്ന് പ്രഖ്യാപിക്കുകയാണ് ഗൾഫ് രാജ്യങ്ങളിലെ വ്യവസായ നായകർ മുതൽ സാധാരണ തൊഴിലാളികളായ പ്രവാസികൾ വരെ. നടക്കാവ് സ്കൂൾ നവീകരണം വഴി ഇന്ത്യൻ പൊതുവിദ്യാഭ്യാസ മേഖലയുടെ പുത്തനുണർവിന് വഴി തെളിയിച്ച ഫൈസൽ ആൻഡ് ഷബാന ഫൗണ്ടേഷൻ, വ്യവസായ പ്രമുഖനും മണപ്പാട് ഗ്രൂപ് കമ്പനികളുടെ ചെയർമാൻ അമീർ അഹ്മദ് മണപ്പാട് തുടങ്ങിയവർ ഇൗ ദൗത്യത്തിന് അകമഴിഞ്ഞ പിന്തുണ നൽകാൻ സന്നദ്ധത അറിയിച്ചിട്ടുണ്ട്. കോവിഡ് പ്രതിസന്ധിയെ തുടർന്ന് നാട്ടിലേക്ക് മടങ്ങാൻ ടിക്കറ്റിനു തുകയില്ലാതെ ബുദ്ധിമുട്ടുന്ന നൂറുകണക്കിന് മനുഷ്യർക്ക് ഉപകരിക്കുന്ന പദ്ധതി ഇൗ കാലഘട്ടത്തിലെ മികവുറ്റ മാതൃകയാണെന്ന് അമീർ അഹ്മദ് അഭിപ്രായപ്പെട്ടു.

വിവര സാേങ്കതിക മേഖലയിലെ യു.എ.ഇയിലെ പ്രമുഖ സ്ഥാപനമായ അൽ ഇർഷാദ് കമ്പ്യൂേട്ടഴ്സ് ഇൗ ദൗത്യവുമായി സഹകരിക്കുമെന്ന് ചെയർമാനും എം.ഡിയുമായ യൂനുസ് ഹസ്സൻ അറിയിച്ചു.ഇതിനു പുറമെ ഗൾഫ് മാധ്യമം വായനക്കാരും മീഡിയവൺ പ്രേക്ഷകരും വ്യക്തിപരമായ പിന്തുണകളും നൽകുന്നുണ്ട്. കേരളത്തിലെ ജനപ്രിയ അവതാരകരിൽ മുൻനിരക്കാരനായ രാജ് കേലശ് ടിക്കറ്റുകൾ സ്പോൺസർ ചെയ്യുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. തെൻറ താൽപര്യം പ്രഖ്യാപിച്ച് വിഡിയോയും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു.