വ്യാജ ഇ-മെയിലുകൾക്കെതിരെ മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്
text_fieldsദുബൈ: മന്ത്രാലയത്തിന്റെ പേരും ഔദ്യോഗിക ലോഗോയും ഉപയോഗിച്ച് പ്രചരിക്കുന്ന വ്യാജ ഇ-മെയിലുകളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പുമായി മാനവ വിഭവശേഷി-എമിററ്റൈസേഷൻ മന്ത്രാലയം. ഫയലുകൾ ഡൗൺലോഡ് ചെയ്യാനും ലിങ്കുകൾ ക്ലിക്ക് ചെയ്യാനും വ്യക്തിഗത വിവരങ്ങൾ പങ്കുവെക്കാനും ആവശ്യപ്പെടുന്നത് ഡേറ്റ മോഷണത്തിനും ഓൺലൈൻ തട്ടിപ്പിനും വഴിയൊരുക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഇ-മെയിലുകളിലെ പേര് വിശ്വസിക്കരുതെന്നും, മുഴുവൻ ഇ-മെയിൽ വിലാസം പരിശോധിക്കണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. വിലാസത്തിലോ സന്ദേശത്തിന്റെ ഭാഷയിലോ ഘടനയിലോ കാണുന്ന ചെറിയ പിശകുകൾ പലപ്പോഴും തട്ടിപ്പിന്റെ സൂചനകളാണെന്നും മുന്നറിയിപ്പിൽ ചൂണ്ടിക്കാണിച്ചു. ഉടൻ പ്രതികരിക്കാൻ സമ്മർദം ചെലുത്തുന്ന സന്ദേശങ്ങളിൽ പ്രത്യേക ജാഗ്രത പുലർത്തണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.
അപരിചിതമോ സംശയകരമോ ആയ ഉറവിടങ്ങളിൽ നിന്നുള്ള അറ്റാച്ച്മെന്റുകൾ തുറക്കാതിരിക്കാനും, ലിങ്കുകൾ ക്ലിക്ക് ചെയ്യുന്നതിനുമുമ്പ് പരിശോധിക്കുകയും ചെയ്യണം. പാസ്വേഡുകൾ, ഒ.ടി.പികൾ, ബാങ്ക് അക്കൗണ്ട് വിവരങ്ങൾ, കാർഡ് വിവരങ്ങൾ എന്നിവ മന്ത്രാലയം ഒരിക്കലും ആവശ്യപ്പെടില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്. സന്ദേശങ്ങളുടെ വിശ്വാസ്യത ഉറപ്പാക്കുന്നതിനായി മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ്, സ്മാർട്ട് ആപ്പ്, അല്ലെങ്കിൽ 600590000 എന്ന നമ്പർ എന്നിവ ഉപയോഗിക്കാം. തട്ടിപ്പ് സംശയിക്കുന്ന സാഹചര്യങ്ങളിൽ സന്ദേശത്തിന് മറുപടി നൽകരുതെന്നും, മുൻകരുതലായി ഇ-മെയിൽ പാസ്വേഡ് മാറ്റണമെന്നും മന്ത്രാലയം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

